ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യമല്‍സരം ഇന്ന്. സംതാംപ്ടണില്‍ ദക്ഷിണാഫ്രിക്കയാണ് എതിരാളികള്‍. തുടര്‍ച്ചയായ രണ്ട് തോല്‍വികള്‍ക്ക് ശേഷം എത്തുന്ന ദക്ഷിണാഫ്രിക്കയ്ക്ക് മല്‍സരം നിര്‍ണായകമാണ്. പരുക്ക് ഭേദമാകാത്തിനാല്‍ ഡെയില്‍ സ്റ്റെയിന്‍ ലോകപ്പില്‍ നിന്ന് പിന്‍മാറി.

ലോധ കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമുള്ള കൃത്യമായ വിശ്രമത്തിന് ശേഷമാണ് ഇന്ത്യന്‍ ടീം തങ്ങളുടെ ലോകകപ്പ് മല്‍സരങ്ങളിലേക്ക് ഇറങ്ങുന്നത്. വിരാട് കോഹ്‌‍‌ലിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ മികച്ച ഫോമിലാണ്. ഓപ്പണര്‍മാരായ ശിഖര്‍ ധവാനും രോഹിത് ശര്‍മയ്ക്കും പിന്നാലെ മൂന്നാമനായി കോഹ്‍ലി എത്തും. നാലാമനായി കെ.എല്‍.രാഹുലായിരിക്കും ടീമിലെത്തുക. പിന്നീട് ധോണിയും പാണ്ഡ്യയും എത്തും. സ്പിന്നര്‍മാരായി യൂസവേന്ദ്ര ചഹാലും കുല്‍ദീപ് യാദവും ഇലവനിലുണ്ടാകും. ബുംറയ്ക്കൊപ്പം ഭൂവനേശ്വര്‍ കുമാറോ മുഹമ്മദ് ഷമിയോ ഇലവനിലെത്തും.

ദക്ഷിണാഫ്രിക്കയ്ക്ക് ആകട്ടെ പരുക്ക് വില്ലനായി തുടരുകയാണ്. തോളിനേറ്റ പരുക്ക് ദേഭമാകാത്തതിനാല്‍ ഡെയില്‍ സ്റ്റെയിന്‍ നാട്ടിലേക്ക് മടങ്ങി. ആദ്യമല്‍സരത്തില്‍ പരുക്കേറ്റ ഹാഷിം ആംല ഇന്ത്യക്കെതിരെ കളിച്ചേക്കും. ബോളര്‍മാര്‍ ആരും ഫോം കണ്ടെത്താത്തതനാണ് ദക്ഷിണാഫ്രിക്കയുടെ തലവേദന. റബാഡയ്ക്കും ഫുലേക്കുവോയ്ക്കും ഇതുവരെ താളം കണ്ടെത്താനായിട്ടില്ല. ആദ്യരണ്ട് മല്‍സരങ്ങള്‍ തോറ്റതിനാല്‍ സമ്മര്‍ദം ഡുപ്ലസിക്കും ടീമിനുമായിരിക്കും. തുടക്കത്തില്‍ പേസ് ബോളിങിന് അനൂകലമെങ്കിലും ഉയര്‍ന്ന സ്കോര്‍ നല്‍കുന്ന പിച്ചാണ് റോസ് ബൗളിലേത്.