ശബരിമല യുവതീ പ്രവേശം സംബന്ധിച്ച് നിരവധി വ്യാജവാർത്തകളും ഫോട്ടോകളും പ്രചരിക്കുന്നുണ്ട്. അതരത്തിൽ പ്രചരിച്ച രണ്ട് ഫോട്ടോകളുണ്ട്. ഒന്ന് അയ്യപ്പ വിഗ്രഹവും ഇരുമുടികെട്ടുമായി നിൽക്കുന്ന ഭക്തന്റെ നെഞ്ചിൽ ബൂട്ട്സിട്ട് ചവിട്ടുന്നതും ലാത്തിവീശുമ്പോൾ അതിനെ തടുക്കുന്നതും. രണ്ടാമത്തേത്, അയ്യപ്പഭക്തന്റെ കഴുത്തിൽ അരിവാൾ കൊണ്ട് വെട്ടുന്ന തരത്തിലുള്ളത്.
ഡൽഹിയിലെ വിമത എംഎൽഎ കപിൽ മിശ്ര, ഹിന്ദു മഹാസഭ നേതാവ് കമലേഷ് തിവാരി തുടങ്ങിയ പ്രമുഖരടക്കം നിരവധിപ്പേർ ഈ ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. യഥാർഥ ഭക്തന്റെ കണ്ണിൽ ഭയമില്ല എന്ന കുറിപ്പോടെയായിരുന്നു കപിൽമിശ്രയുടെ ട്വീറ്റ്. ഈ രണ്ടു ചിത്രങ്ങളും പൊലീസ് അതിക്രമത്തിന്റേതല്ല. മവേലിക്കരസ്വദേശിയായ രാജേഷ്കുറുപ്പ് എന്ന വ്യക്തിയുടെ ഫോട്ടോഷൂട്ടാണ്. ആർ.എസ്.എസ് അനുഭാവിയാണ് രാജേഷ്കുറുപ്പ്. മിഥുൻ കൃഷ്ണൻ എന്ന വ്യക്തിയാണ് ഫോട്ടോഗ്രാഫർ. ഇത്തരമൊരു ഫോട്ടോയെടുത്തതിനെക്കുറിച്ച് മിഥുൻ പറയുന്നത് ഇങ്ങനെ;
രാജേഷ് കുറുപ്പ് വലിയ അയ്യപ്പ ഭക്തനാണ്. അരിവാൾ കഴുത്തിൽവെച്ചുകൊണ്ടുള്ള ഫോട്ടോ സുപ്രീംകോടതി വിധി വന്നശേഷം എടുത്തതാണ്. ഭക്തന്റെ കഴുത്തിൽ കത്തിവെക്കുന്ന വിധിയാണെന്ന് കാണിക്കാനാണ് അങ്ങനെയെടുത്തത്. രണ്ടാമത്തേത് നിലയ്ക്കലെ അക്രമണത്തിന് ശേഷമുള്ളത്. യഥാർഥത്തിൽ പൊലീസ് ബൂട്സിട്ട് ചവിട്ടിയിട്ടില്ല. ഫോട്ടോയ്ക്കുവേണ്ടി അങ്ങനെ പോസ്ചെയ്തതാണ്.സുപ്രീംകോടതി വിധിയിൽ ഭക്തനുള്ള എതിർപ്പാണ് കാണിച്ചത്. ഫോട്ടോ ഇത്രയേറെ ചർച്ചയാകുമെന്ന് കരുതിയില്ല. രാജേഷിന്റെ ആശയമാണ് ഇത്തരമൊരു ഫോട്ടോഷൂട്ട്.
കലാപത്തിന് ആഹ്വാനം ചെയ്യണമെന്ന ഉദ്ദേശത്തിൽ അല്ല ഇതെടുത്ത്. ഫോട്ടോ വൈറലായതിന് ശേഷം രാജേഷിനെ നിരവധിപ്പേർ അസഭ്യം പറയുന്നുണ്ട്. എന്നാൽ ചിലർ അനുകൂലിക്കുന്നുമുണ്ട്. ഫോട്ടോഗ്രാഫർ എന്ന നിലയിൽ ഇതിനെ കോടതിയലക്ഷ്യമായി കാണുന്നില്ല. ആവിഷ്ക്കാരസ്വാതന്ത്ര്യമായിട്ടാണ് കാണുന്നത്.
ഏതായാലും ഫോട്ടോ ഉത്തരേന്ത്യയിലടക്കം കേരളത്തിലെ സര്‍ക്കാരിനെതിരെയുള്ള ആയുധമായാണ് മാറുന്നത്. ചിത്രത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനവും ഉയരുന്നു.
Leave a Reply