കഴക്കൂട്ടം: വാഹനാപകടത്തെ തുടര്‍ന്ന് പരിക്കേറ്റ പിഞ്ചുകുഞ്ഞിനും കുടുംബത്തിനും രക്ഷകനായി നിയമസഭാ സ്പീക്കര്‍ എംബി രാജേഷ്. റോഡിലേക്ക് തെറിച്ചുവീണ് പരിക്കേറ്റ ഏഴ് മാസം പ്രായമായ കുഞ്ഞ് ഇസാനും കുടുംബത്തിനുമാണ് സ്പീക്കറുടെ അടിയന്തിര ഇടപെടല്‍ ജീവിതം തിരിച്ചുനല്‍കിയത്.

കഴിഞ്ഞ ദിവസം പാലക്കാട് തൃത്താലയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടയില്‍ രാത്രി പത്തുമണിയോടെ സ്പീക്കറുടെ വാഹനം നാഷണല്‍ ഹൈവേയില്‍ മംഗലപുരം കുറക്കോട് എത്തിയപ്പോഴായിരുന്നു റോഡില്‍ ഒരു കുഞ്ഞ് കിടക്കുന്നത് കണ്ടത്. വഴിയരികില്‍ വാഹനം നിര്‍ത്തി ഇറങ്ങിയപ്പോള്‍ വലിയ അകലെയല്ലാതെ അപകടത്തില്‍പ്പെട്ട നിലയില്‍ ഒരു മാരുതി ആള്‍ട്ടോ കാറും കണ്ടു. തൊട്ടടുത്തായി കുഞ്ഞിന്റെ മാതാവിനെയും പരിക്കുപറ്റിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.

അപകട സമയത്ത് കുഞ്ഞ് കാറില്‍നിന്നും തെറിച്ചു വീണതാണെന്ന് തിരിച്ചറിഞ്ഞ സ്പീക്കര്‍ ഉടന്‍ തന്നെ ഒപ്പമുണ്ടായിരുന്ന പോലീസുകാരോട് അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയില്‍ എത്തിക്കാന്‍ നിര്‍ദ്ദേശം നല്‍കി, ഒപ്പം കുഞ്ഞ് ഇസാനെ സ്പീക്കറും ഒപ്പമുണ്ടായിരുന്ന പി.എ സുധീഷും ചേര്‍ന്ന് വാരിയെടുത്തു. സ്പീക്കറുടെ വാഹനത്തില്‍ കയറ്റി തൊട്ടടുത്തുള്ള കഴക്കൂട്ടം സി.എസ്.ഐ മിഷന്‍ ഹോസ്പിറ്റലില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. പിന്നീട് മെഡിക്കല്‍ കോളേജിലേക്കും എത്തിച്ചു.നിലവില്‍ കുട്ടിയും മാതാപിതാക്കളും അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

കണിയാപുരം ജൗഹറ മന്‍സിലില്‍ ഷെബിന്‍, ഭാര്യ സഹ്‌റ, ഏഴു മാസം പ്രായമുള്ള മകന്‍ ഇസാന്‍ എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. എതിരെ വന്ന മറ്റൊരു വാഹനം തട്ടിയതാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം. ഷെബിനാണ് വാഹനം ഓടിച്ചിരുന്നത്.

സഹ്‌റക്കും മകന്‍ ഇസാനുമാണ് അപകടത്തില്‍ പരിക്കേറ്റത്. ഇസാന്റെ തലക്കും സഹ്‌റയുടെ ഇടത് കാലിനും തലക്കും കഴുത്തിനുമാണ് പരിക്ക് പറ്റിയത്. ആശുപത്രിയില്‍ എത്തിയതിന് ശേഷവും സ്പീക്കര്‍ എം.ബി രാജേഷ് കുടുംബത്തിന് ചികിത്സക്ക് വേണ്ട ഇടപെടലുകള്‍ നടത്തിയിരുന്നു. കുടുംബത്തെ നിരന്തരം വിളിച്ച് കാര്യങ്ങള്‍ തിരക്കാനും സ്പീക്കര്‍ മറന്നില്ല. ഈ ജന്മം മറക്കാനാകാത്ത അത്രയും വലിയ കാര്യമാണ് സ്പീക്കര്‍ ചെയ്തതെന്നും അദ്ദേഹത്തിനോട് ഏറെ നന്ദി ഉണ്ടെന്നും ഇസാന്റെ പിതാവ് ഷെബിന്‍ പറഞ്ഞു.