ഏറെ വിവാദങ്ങള്‍ക്ക് ശേഷമാണ് രാമലീല തിയേറ്ററുകളില്‍ എത്തുന്നത്. ഈ സിനിമയ്ക്ക് പിന്തുണ നല്‍കണമെന്നും അരുതെന്നും വാദിക്കുന്ന രണ്ട് വിഭാഗങ്ങള്‍ കേരളത്തിലുണ്ട്. ചിത്രം കാണരുതെന്ന് പറഞ്ഞതിന്റെ പേരില്‍ നിരൂപകന്‍ ജി പി രാമചന്ദ്രനെതിരെ നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടം കേസ് കൊടുത്ത സാഹചര്യവും ഉണ്ടായി. ഇങ്ങനെ വിവാദങ്ങളുടെ നടുവില്‍ നില്‍ക്കുന്ന വേളയിലാണ് മുന്‍ ഭര്‍ത്താവിന്റെ സിനിമയെ പിന്തുണച്ചു കൊണ്ട് നടി മഞ്ജു വാര്യര്‍ രംഗത്തെത്തിയത്.

സിനിമയ്ക്ക് പിന്നില്‍ ഒരുപാട് പേരുടെ അധ്വാനമുണ്ടെന്ന് മനസിലാക്കി തന്നെയാണ് മഞ്ജു വാര്യര്‍ രാമലീലയെ പിന്തുണച്ച് രംഗത്തെത്തിയത്. മഞ്ജുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റോടെ പുറത്തുവരുന്നത് മലയാള സിനിമയിലെ വനിതാ കൂട്ടായ്മയിലെ ഭിന്നതകളുമാണ്. സിനിമയല്ല എതിര്‍ക്കപ്പെടേണ്ടത് എന്ന വ്യക്തമായ സന്ദേശം നല്‍കുക എന്നതാണ് മഞ്ജുവിന്റെ ഉദ്ദേശമെന്നത് ഉറപ്പാണ്. മറിച്ചൊരു നിലപാട് സ്വീകരിച്ചാല്‍ മലയാള സിനിമയില്‍ താന്‍ കൂടുതല്‍ ഒറ്റപ്പെട്ടേക്കാം എന്ന തിരിച്ചറിവില്‍ നിന്നുമാണ് അവര്‍ രാമലീലയെ പിന്തുണച്ചതും.

ഇപ്പോഴത്തെ സാഹചര്യത്തിലും സിനിമാ പ്രവര്‍ത്തകര്‍ക്കിടയില്‍ ദിലീപിനെ പിന്തുണക്കുന്നവരാണ് കൂടുതല്‍. താരസംഘടനയില്‍ നിന്നും ദിലീപിനെ പുറത്താക്കിയെങ്കിലും ഇപ്പോഴും സംഘടനയില്‍ ദിലീപിന് തന്നെയാണ് മേല്‍ക്കൈയുള്ളത്. നിര്‍മ്മാതാക്കളും സംവിധായകരും ദിലീപിനെ പിന്തുണക്കുന്നു. ദിലീപിനെ അനുകൂലിക്കുന്ന അമ്മയുടെ നിലപാടിന് വിരുദ്ധമായാണ് മഞ്ജുവിന്റെ നേതൃത്വത്തിലുള്ള വുമണ്‍ ഇന്‍ സിനിമ കലക്ടീവ് ഇതുവരെ കൈക്കൊണ്ട നിലപാട്. അവള്‍ക്കൊപ്പം എന്നു പ്രഖ്യാപിച്ച് ഒപ്പു ശേഖരണം നടത്തുകയും മറ്റും ചെയ്തിരുന്നു. എന്നാല്‍, പലപ്പോഴും ഇത്തരം കാര്യങ്ങളില്‍ മഞ്ജുവാര്യരുടെ നിലപാടും ആരും ആരാഞ്ഞതുമില്ല.

സംഘടനയുടെ പേരില്‍ നടത്തിയ പരിപാടികള്‍ പലപ്പോഴും മഞ്ജുവിന് തന്നെ ക്ഷീണമുണ്ടാക്കുന്ന വിധത്തിലായി. വുമണ്‍ ഇന്‍ കലക്ടീവിന്റെ പേരില്‍ നടത്തുന്ന ആക്ടിവിസ്റ്റ് ലൈനിലുള്ള പരിപാടികളോട് മഞ്ജുവിനും വിയോജിപ്പുണ്ടായിരുന്നു. കൂട്ടായ്മയില്‍ അംഗമായിരുന്ന ചിലര്‍ തന്നെ രാമലീലക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ നിലപാടെടുത്തു. ഫലത്തില്‍ ഇത്തരം നിലപാടുകള്‍ മഞ്ജുവിനെ കൂടുതല്‍ സിനിമാ പ്രവര്‍ത്തകരില്‍ നിന്നും അകറ്റുകയാണ് ഉണ്ടായത്. അതുകൊണ്ട് കൂടിയാണ് രാമലീല കേവലം ദിലീപിന്റെ സിനിമ അല്ലെന്നും അത് കൂട്ടായ്മയുടെ സിനിമയാണെന്നും പറഞ്ഞ് മഞ്ജു രംഗത്തെത്തിയത്.

സിനിമ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവും തിയേറ്റര്‍ കത്തിക്കണമെന്ന ആക്രോശങ്ങളുമൊക്ക നിര്‍ഭാഗ്യകരമാണെന്നാണ് മഞ്ജു വാര്യര്‍ ഫെയ്‌സ്ബുക്കിലൂടെ പറഞ്ഞത്. വ്യക്തിപരമായ വിയോജിപ്പുകളും എതിര്‍പ്പുകളും കാണിക്കേണ്ടത് സിനിമയോടല്ലെന്നും ഒരു സിനിമയും ഒരാളുടേത് മാത്രമല്ലെന്നുമാണ് മഞ്ജു പറയുന്നത്. അതായത് ഈ ദിലീപ് ചിത്രം വിജയിക്കണമെന്ന് മഞ്ജുവും മനസുകൊണ്ട് ആഗ്രഹിക്കുന്നു. ‘രാമലീല’, ടോമിച്ചന്‍ മുളകുപാടം എന്ന നിര്‍മ്മാതാവിന്റെ കോടിക്കണക്കിന് രൂപയുടെ നിക്ഷേപമാണ്. അതുപോലെ വര്‍ഷങ്ങളായി സിനിമയെ മാത്രം മനസ്സിലിട്ടുനടക്കുന്ന അരുണ്‍ഗോപി എന്ന നവാഗത സംവിധായകന്റേതുകൂടിയാണ്. സിനിമ തിയേറ്ററിലെത്തിക്കാനും അത് പ്രേക്ഷകന്‍ കാണണമെന്ന് ആഗ്രഹിക്കാനും ഇവര്‍ക്കെല്ലാം അവകാശമുണ്ട്. അതിനെ നിഷേധിക്കാന്‍ നമുക്ക് അധികാരമില്ല. അങ്ങനെ ചെയ്താല്‍ അത് സിനിമയോട് ചെയ്യുന്ന അനീതിയാണ്. നാളെ,കാലം നമുക്ക് മാപ്പുതരില്ലെന്നും മഞ്ജു തന്റെ പോസ്റ്റില്‍ പറയുന്നു.

അതേസമയം ചിത്രത്തിലെ നായകനായ ദിലീപിന്റെ പേര് മഞ്ജു ഒരിടത്തും പരാമര്‍ശിച്ചിരുന്നുമില്ല. ദിലീപ് ജാമ്യാപേക്ഷയില്‍ പോലും മഞ്ജുവിനെ പ്രതിക്കൂട്ടല്‍ നിര്‍ത്താന്‍ ശ്രമം നടത്തിയിരുന്നു. മഞ്ജുവിന്റെയും ശ്രീകുമാര്‍ മേനോന്റെയും പേരുകള്‍ കോടതിയിലേക്ക് വലിച്ചിഴക്കപ്പെട്ടു. ഇത്തരം സാഹചര്യത്തിലും ദിലീപ് ചിത്രത്തെ പിന്തുണക്കുക വഴി മറ്റ് സിനിമാക്കാരുടെയും പ്രേക്ഷകരുടെയും കൈയടി നേടുകയാണ് മഞ്ജു ചെയ്തത്.