ശ്രീകുമാരി അശോകൻ

കാഴ്ച മങ്ങിയ കണ്ണുകളിൽ നിന്നും കണ്ണീരിറ്റിറ്റു വീണു. എന്തേ ഇപ്പോൾ കണ്ണു നനയാൻ? ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടുന്നില്ല. കണ്ണുകൾ നിറഞ്ഞൊഴുകുകയാണ്. ഓർത്തപ്പോൾ അതിശയം തോന്നി. ഇന്ന് തന്റെ മനസ്സിൽ എന്തോ ആഘാതം തട്ടിയിട്ടുണ്ട്. അതാ ഇങ്ങനെ. ജീവിതത്തിന്റെ കൊഴിഞ്ഞുപോയ കാലങ്ങളിൽ ഇത്തരം അനുഭവങ്ങൾ തനിക്കുണ്ടായിട്ടുണ്ട്. അത് മനസ്സിലോർത്തിട്ടെന്നവണ്ണം ചുണ്ടിലൊരു പുഞ്ചിരി. ഞാൻ കമല. സ്നേഹത്തോടെ എല്ലാരും കമലൂന്ന്‌ വിളിക്കും.

മക്കളും പേരക്കുട്ടികളുമടങ്ങുന്ന കുടുംബം. അണുകുടുംബങ്ങൾ വർധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ ഞങ്ങൾ വേറിട്ടു നിൽക്കുന്നു. രണ്ടാൺമക്കളും വിവാഹിതരായി. അവർക്കു മക്കളുമായി. പക്ഷെ അണുകുടുംബങ്ങളിലേക്കു അവർ ചേക്കേറിയില്ല. ദിവാകരേട്ടന്റെ തീരുമാനമായിരുന്നു അത്. തങ്ങളുടെ മരണം വരെ മക്കൾ ഒപ്പമുണ്ടാകണമെന്ന് ഒരു മുജ്ജന്മ സുകൃതം പോലെ, അവർ അച്ഛന്റെ വാക്കുകൾ അനുസരിച്ചു. “”മാതാപിതാക്കളെ ധിക്കരിച്ചു നടക്കുന്ന മക്കൾ അധിവസിക്കുന്ന ഈ മണ്ണിൽ ഇങ്ങനെ രണ്ടെണ്ണത്തിനെ കിട്ടിയത് നമ്മുടെ ഭാഗ്യാടി “” ഇടയ്ക്കിടെ ദിവാകരേട്ടൻ ഇതും പറഞ്ഞു അഭിമാനപുളകിതനായി നിൽക്കുന്നത് താൻ കണ്ടിട്ടുണ്ട്.

ഇന്ന് ദിവാകരേട്ടനില്ല.അതിന്റെ ശൂന്യത ഇനിയും മാറിയിട്ടില്ല. ഓർമയുടെ വാതായനങ്ങൾ തുറക്കുമ്പോഴൊക്കെ പുഞ്ചിരി കളിയാടുന്ന ആ മുഖം മനസ്സിലേക്കോടിയെത്തും. ഒരിക്കലും പിരിഞ്ഞിരുന്നിട്ടില്ലാത്ത ഇണപ്രാവുകൾ. എന്നും സ്നേഹമായിരുന്നു പരസ്പരം. ഒരിക്കൽ പോലും പിണങ്ങിയതായി ഓർക്കുന്നില്ല. എന്തെങ്കിലും സൗന്ദര്യ പിണക്കമുണ്ടായാൽ ഞാൻ ഓടിച്ചെന്നു ആ മുടിയിഴകളിൽ തലോടും. വെറുതേ പുറം ചൊറിഞ്ഞു കൊടുക്കും. പിന്നെ മൂക്കിലെയും മുഖത്തെയും കാരകൾ ഞെക്കും. പരസ്പരം ഉരിയാടില്ല. അത് കഴിയുമ്പോഴേക്കും പിണക്കമൊക്കെ പമ്പകടക്കും. അത്രയും ആയുസ്സേയുള്ളൂ ഞങ്ങളുടെ പിണക്കങ്ങൾക്ക്. ചിലപ്പോൾ ഓർക്കുമ്പോൾ ചിരി വരും എന്തൊരു ജന്മങ്ങൾ!

ദിവാകരേട്ടനെക്കുറിച്ച് പറയാൻ നൂറു നാവാണെനിക്ക്. അദ്ദേഹം ഒരു ഭർത്താവ് മാത്രമായിരുന്നില്ല. അച്ഛനായിരുന്നു, സഹോദരനായിരുന്നു, എന്റെ കാരണവരായിരുന്നു. അദ്ദേഹത്തിന്റെ തീരുമാനങ്ങൾ മനസാ -വാചാ -കർമണാ ഞാൻ അനുസരിച്ചു. പക്ഷെ ഒരിക്കലും അദ്ദേഹത്തിന്റെ അടിമയാണെന്ന് തോന്നിയിട്ടില്ല. സ്നേഹംകൊണ്ട് പൊതിഞ്ഞെന്നെ ഒരു കുഞ്ഞിനെപ്പോലെ സംരക്ഷിച്ചു. ചോറ് വാരിത്തന്നു, എന്റെ കുഞ്ഞുകുഞ്ഞു വാശികൾക്ക് കൂടെ നിന്നു. ജീവിത വിജയങ്ങൾ നേടിയെടുക്കാൻ കൂട്ടായി നിന്നു. അതൊക്കെ ഓർക്കുമ്പോൾ അറിയാതെ കണ്ണു നനയും. അതുകാണുമ്പോൾ കൊച്ചുമകൾ ദേവയാനി ഓടിവരും. “അമ്മൂമ്മയെന്തിനാ കരയണേ? വിശക്കുന്നോ? എന്നാലേ ഞാൻ പോയി മിഠായി എടുത്തിട്ട് വരാം അമ്മൂമ്മ കരയല്ലേ ദേവൂന് സങ്കടം വരും ” എന്നുപറഞ്ഞുകൊണ്ട് അവൾ അടുക്കളയിലേക്കോടും. ഫ്രിഡ്ജ് തുറന്ന് കുറെ ചോക്ലേറ്റുകളുമായി വരും. പാവം കുട്ടി! അവൾക്കെന്തറിയാം.

ദേവയാനിക്ക് അമ്മൂമ്മയെ വല്യ ഇഷ്ടാ. അമ്മൂമ്മ പാട്ടുപാടും കഥ പറയും. രസിപ്പിക്കുന്ന കഥകൾ. അഞ്ചുകണ്ണന്റെയും ഊപ്പതട്ടാരുടെയും ഭയപ്പെടുത്തുന്ന കഥകൾ. കഥകൾ കേട്ടാണ് അവൾ ഉറങ്ങാറ്. ദിവാകരേട്ടൻ സൃഷ്‌ടിച്ച ശൂന്യത ഒട്ടെങ്കിലും കുറഞ്ഞത് അവളുടെ വരവോടെയാണ് .

ഉദ്യോഗവും വീട്ടുവേലയും കൂടി ഒരുമിച്ചുകൊണ്ടുപോകാൻ ബുദ്ധിമുട്ടുന്ന കാലത്ത് ഒരു പെൺകുട്ടിയെ പെറേണ്ടതായിരുന്നു എന്നു തോന്നിയിട്ടുണ്ട്. അവരാകുമ്പോൾ എന്തെങ്കിലും ഒരു കൈ സഹായം കിട്ടിയേനെ.. പക്ഷെ രണ്ടാൺകുട്യോളെയല്ലേ പെറ്റത്. പെൺകുട്യോളില്ലാത്തോളൂ പാപിയാ എന്ന പറച്ചിൽ വേറെയും. അന്നൊക്കെ ഒരു പെണ്ണിനെ ആഗ്രഹിച്ചിട്ടുണ്ട്. പ്രസവം നിർത്താനായി ഓപ്പറേഷൻ ടേബിളിൽ കിടക്കുമ്പോൾ ഡോക്ടർ ആവർത്തിച്ചു പറഞ്ഞു. “കമലൂ, രണ്ടാൺകുട്ടികളല്ലേ ഒരു പെണ്ണിനേക്കൂടി പ്രസവിച്ചിട്ടു പോരെ.. ആണായാലെന്തു പെണ്ണായാലെന്തു ഒന്നിന് കൂട്ട് ഒന്നുണ്ട് അതുമതി.” തന്റെ മറുപടി അവരെ തെല്ലൊന്നമ്പരപ്പിച്ചു. ആ ആശുപത്രി വാസത്തിനിടയിൽ ഞാൻ രണ്ടു പെൺമക്കളുടെ അമ്മയായ കാര്യം അധികമാരും അറിഞ്ഞിട്ടുണ്ടാവില്ല. ഒരു നിഗൂഢ രഹസ്യമായി ഞാനെന്റെ മനസ്സിൽ സൂക്ഷിക്കുയായിരുന്നു ഇതുവരെ. ഇപ്പോൾ ദേവൂട്ടിയാണ് അതെല്ലാം ഓർമ്മിപ്പിച്ചത്.
പ്രസവിച്ചതിന്റെ ക്ഷീണവും ഓപ്പറേഷന്റെ വേദനയുമെല്ലാമായി കിടക്കയിൽ കിടന്നു പുളയുകയാണ്. എന്റെ വെപ്രാളം കണ്ടിട്ടാവാം അമ്മ കുഞ്ഞിനെയെടുത്തു മടിയിൽ വച്ചു.

ആരൊക്കെയോ കൊന്നു തിന്നാനുള്ള ദേഷ്യത്തോടെ തിരിഞ്ഞും മറിഞ്ഞും കിടന്നു. ഒരു പിഞ്ചു കുഞ്ഞിന്റെ നിർത്താതെയുള്ള കരച്ചിൽ. ഞാൻ മെല്ലെ നോക്കി. എന്റെ കുഞ്ഞാണോ കരയുന്നത്. ആശ്വാസമായി. അവൻ അച്ഛമ്മയുടെ മടിയിൽ സുഖനിദ്രയിലാണ്. “”മോളേ ഇത്തിരി പാലുകൊടുക്ക്, ഇതിന്റെ തള്ളയ്ക്കു ബോധം വീണില്ല. കുഞ്ഞ് വിശന്നു കരയുവാ ‘. ഒരു വയസ്സി തള്ള അടുത്തേക്ക് വന്നു. കാഴ്ച മങ്ങിത്തുടങ്ങിയ അവരുടെ കണ്ണുകളിൽ പീളയടിഞ്ഞിരുന്നു. വിറയ്ക്കുന്ന കൈകളിലിരുന്നു കുഞ്ഞ് പിന്നെയും കരയുകയാണ്. എന്നിലെ മാതൃത്വം ഉണർന്നെഴുന്നേറ്റു.”വിശക്കുന്നവനാണ് ആഹാരം കൊടുക്കേണ്ടത് ” എന്ന അമ്മയുടെ വാക്കുകൾ ഓർമ വന്നു. “ഇങ്ങു താ ” തുണിയിൽ പൊതിഞ്ഞ കുഞ്ഞിനെ വാങ്ങി മാറോടു ചേർത്തു. നെറുകയിൽ ഉമ്മ വച്ചു. ഞാനാണ് അവളെ ആദ്യം ചുംബിച്ചത്. പെറ്റതള്ളയ്ക്കു കിട്ടാത്ത സൗഭാഗ്യം. പിന്നെ നെഞ്ചിലെ ദുഗ്ധം പകർന്നു നൽകി ഒപ്പം വാത്സല്യദുഗ്ധവും. വിശപ്പടങ്ങിയപ്പോൾ കുഞ്ഞ് ഉറക്കമായി. തൊട്ടടുത്ത കട്ടിലിൽ കുഞ്ഞിനെ കിടത്തി. അപ്പോഴാണ് കിടക്കുന്നയാളെ ശ്രദ്ധിച്ചത്. അവർ കണ്ണടച്ച് കിടക്കുകയാണ്. അവരുടെ കാലുകളിലും വിരലുകളിലും ഉണങ്ങിയ ചോരപ്പാടുകൾ കാണാമായിരുന്നു. “ഓമനേടെ കുഞ്ഞാ, പെൺകുഞ്ഞ്. കുഞ്ഞിന് കൊടുക്കാൻ പാലില്ല. ദേ ആ കുട്ടിയാ പാലുകൊടുത്തെ “. തള്ള വിശേഷങ്ങൾ അഴിച്ചുവിട്ടു. പ്രസവിച്ചില്ലെങ്കിലും താനിന്നൊരമ്മയായിരിക്കുന്നു. ഒരു പെൺകുട്ടീടെ അമ്മ. തെല്ല് അഭിമാനം തോന്നി. ആ ലഹരിയിൽ അല്പമൊന്നു മയങ്ങി. ഒരു ആർത്തനാദം കാതുകളിൽ വന്നലച്ചു. എന്താ… മനസ്സിലൊരാന്തൽ. വല്ലവരും മരിച്ചതാണോ? പ്രസവത്തിനിടെ മരിച്ചുപോയ പെണ്ണിനെപ്പറ്റി അമ്മമാർ പറയുന്നത് കേട്ടിരുന്നു. അങ്ങനെ വല്ലതും? ഒരു ചെറുപ്പക്കാരി ഒരു പിഞ്ചു കുഞ്ഞിനേയും എടുത്തുകൊണ്ടു കരയുകയാണ്. കുട്ടിയെ സിസ്സേറിയൻ ചെയ്തെടുത്തതാണ്. അമ്മയ്ക്ക് ബോധം വീഴാൻ സമയമെടുക്കും. കുട്ടിക്ക് ഹാർട്ടിനു എന്തോ തകരാറ്. ഉടനെ എസ് എ ടി യിൽ എത്തിക്കണം. ഒരു ഓപ്പറേഷൻ വേണമത്രേ. വിലയേറിയ ഒരു ഇഞ്ചക്ഷൻ കൊടുത്തുവേണം അവിടെയെത്തിക്കാൻ. വെറുംവയറ്റിൽ മരുന്നുചെയ്യാനാവില്ല. ഇത്തിരി മുലപ്പാൽ കൊടുക്കണം. എല്ലാവരും അമ്പരന്നു നിൽക്കയാണ്. കഠിനമായ വേദനകൾക്കിടയിലും ഞാനവരെ കൈയാട്ടി വിളിച്ചു. കുഞ്ഞിനെ വാങ്ങി മുലകൊടുത്തു. നന്ദിവാക്കു പറഞ്ഞ് സ്ത്രീ കുഞ്ഞുമായി പോയി. പിറ്റേന്ന് രാവിലെ ആരോ പറയുന്നത് കേട്ടു.”ആ കുട്ടി മരിച്ചൂത്രെ, നല്ല ചുന്ദരിക്കുട്ടിയായിരുന്നു. ആയുസ്സില്ലാച്ചാൽ എന്താ ചെയ്ക”ആ വാക്കുകൾ ഒരു ഞെട്ടലോടെയാണ് കേട്ടത്. അതും പെൺകുട്ടി. അവൾക്കും ഞാനമ്മയായി. അങ്ങനെ രണ്ടു പെൺകുട്ടികളുടെ അമ്മയാ ഈ ഞാൻ. ഒരുത്തി സ്വർഗ്ഗത്തിലെ മാലാഖമാരോടൊപ്പം എന്നെ നോക്കി ചിരിക്കുന്നുണ്ടാവും. ഓമനയുടെ മകളോ?. അവൾ വളർന്നു വല്യ പെൺകുട്ടിയായി, വിവാഹമൊക്കെ കഴിഞ്ഞു കുട്ടികളുമൊക്കെയായി.. അവൾ എന്നെ ഓർക്കുമോ? അവളെ ആദ്യമായി പാലൂട്ടിയ ഈ അമ്മയെ…. “അമ്മൂമ്മേ… ഉറങ്ങ്വ? കഥ പറഞ്ഞു താ എനിക്കുറക്കം വരുന്നു”” ദേവു ചിണുങ്ങാൻ തുടങ്ങി.”വാ.. അമ്മൂമ്മേടെ മടിയിലിരുന്നോ. അമ്മൂമ്മ കഥ പറയട്ടെ. ഒരിടത്തൊരിടത്തു ഒരമ്മയുണ്ടായിരുന്നു. രണ്ടു പെൺകുട്ടികളുടെ അമ്മ…. നനഞ്ഞൊഴുകിയ മിഴിനീർ മെല്ലെ തുടച്ചുകൊണ്ട് അവർ കഥ തുടർന്നു….

 ശ്രീകുമാരി അശോകൻ

ആനുകാലികങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് . ശ്രീനാരായണ പബ്ലിക് സ്കൂൾ പാവുമ്പയിലെ അധ്യാപിക. നവഭാവന ചാരിറ്റബിൾ ട്രസ്റ്റ് അവാർഡും സമന്വയ കാവ്യ പ്രഭാ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.

Facebook Notice for EU! You need to login to view and post FB Comments!