അടൽ ബിഹാരി വാജ്പേയി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ പോരാട്ടവീര്യത്തിന്റെ പര്യായമായി കേരളം . കേരള ക്രിക്കറ്റിലെ മാറ്റത്തിന്റെ കാറ്റിന് ഗതിവേഗം പകർന്ന് രഞ്ജി ട്രോഫിയിൽ തുടർച്ചയായ രണ്ടാം സീസണിലും കേരളം ക്വാർട്ടറിൽ. നിർണായക മൽസരത്തിൽ ഹിമാചൽ പ്രദേശിനെ അഞ്ചു വിക്കറ്റിനു തകർത്താണ് കേരളത്തിന്റെ മുന്നേറ്റം. രണ്ടാം ഇന്നിങ്സിൽ തലേന്നത്തെ സ്കോറായ എട്ടിന് 285 റൺസ് എന്ന നിലയിൽ ഡിക്ലയർ ചെയ്ത് ഹിമാചൽ അവസാന ദിനം കേരളത്തിനു മുന്നിൽ ഉയർത്തിയത് 297 റൺസ് വിജയലക്ഷ്യം. മറുപടി ബാറ്റിങ്ങിൽ അർധസെഞ്ചുറി നേടിയ വിനൂപ് മനോഹരൻ (96), ക്യാപ്റ്റൻ സച്ചിൻ ബേബി (92), സഞ്ജു സാംസൺ (പുറത്താകാതെ 61) എന്നിവരുടെ മികവിൽ കേരളം അനായാസം വിജയത്തിലെത്തി. 15ന് ആരംഭിക്കുന്ന ക്വാർട്ടർ പോരാട്ടത്തിൽ ഗുജറാത്താണ് കേരളത്തിന് എതിരാളികൾ. വയനാട്ടിലെ കൃഷ്ണഗിരി സ്റ്റേഡിയത്തിലാണ് മൽസരം.
സ്കോർ: ഹിമാചൽ പ്രദേശ് – 297, 285/8 ഡിക്ലയേർഡ്, കേരളം – 286, 299/5
ഓപ്പണർ പി.രാഹുൽ (21 പന്തിൽ 14), സിജോമോൻ ജോസഫ് (48 പന്തിൽ 23), മുഹമ്മദ് അസ്ഹറുദ്ദീൻ (പൂജ്യം) എന്നിവരാണ് പുറത്തായ മറ്റുള്ളവർ. ഇതോടെ, എട്ടു മൽസരങ്ങളിൽനിന്ന് സീസണിലെ നാലാം ജയം കുറിച്ച കേരളം 26 പോയിന്റുമായാണ് ക്വാർട്ടറിലെത്തിയത്. ഗുജറാത്ത്, ബറോഡ ടീമുകൾക്കും 26 പോയിന്റുണ്ടെങ്കിലും അവരെ റൺ ശരാശരിയിൽ യഥാക്രമം അഞ്ച്, ആറ് സ്ഥാനങ്ങളിലേക്കു പിന്തള്ളി നാലാം സ്ഥാനക്കാരായിട്ടാണ് കേരളം ക്വാർട്ടർ ഉറപ്പാക്കിയത്. എ, ബി ഗ്രൂപ്പുകളിൽനിന്ന് ആദ്യ അഞ്ചു സ്ഥാനക്കാരാണ് നോക്കൗട്ടിലേക്കു മുന്നേറുക. വിദർഭ (29 പോയിന്റ്), സൗരാഷ്ട്ര (29)), കർണാടക (27) എന്നിവരാണ് ക്വാർട്ടർ ഉറപ്പാക്കിയ മറ്റു ടീമുകൾ. ഗ്രൂപ്പ് സിയിൽ നിന്ന് രാജസ്ഥാൻ, ഉത്തർപ്രദേശ് ടീമുകളും പ്ലേറ്റ് ഗ്രൂപ്പിൽനിന്ന് ഉത്തരാഖണ്ഡും ക്വാർട്ടറിലെത്തി.
സീസണിൽ മികച്ച തുടക്കമിട്ടെങ്കിലും പിന്നീടു പിന്നാക്കം പോയ കേരളത്തിന്, ആന്ധ്രയ്ക്കെതിരെ മധ്യപ്രദേശ് വഴങ്ങിയ അപ്രതീക്ഷിത തോൽവിയും ബംഗാൾ–പഞ്ചാബ് മൽസരം സമനിലയിൽ അവസാനിച്ചതുമാണ് സഹായകമായത്. അതേസമയം, ഈ സീസണിൽ എ, ബി ഗ്രൂപ്പുകളിലായി നാലു ജയം കുറിച്ച ഏക ടീമാണ് കേരളം. ഇതിനു പുറമെ, മൂന്നു തോൽവിയും ഒരു സമനിലയുമാണ് കേരളത്തിന്റെ അക്കൗണ്ടിലുള്ളത്.
∙ വിജയം കണ്ടത് ‘കൈവിട്ട’ പരീക്ഷണം
നോക്കൗട്ടിലേക്കു മുന്നേറാൻ വിജയം അനിവാര്യമാണെന്നിരിക്കെ, തലേന്നത്തെ സ്കോറിൽ ഇന്നിങ്സ് ഡിക്ലയർ ചെയ്യാനുള്ള ഹിമാചൽ ക്യാപ്റ്റന്റെ തീരുമാനമാണ് മൽസരത്തിനു റിസൾട്ട് സമ്മാനിച്ചത്. ഇതോടെ, ഒന്നാം ഇന്നിങ്സിലെ 11 റൺസിന്റെ ചെറിയ ലീഡും ചേർത്ത് കേരളത്തിനു മുന്നിൽ ആതിഥയേർ ഉയർത്തിയത് 297 റൺസ് വിജയലക്ഷ്യം.
90 ഓവറിൽ 297 റൺസെന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത കേരളം ബാറ്റിങ് ലൈനപ്പിൽ കാര്യമായ അഴിച്ചുപണിയാണ് നടത്തിയത്. ഒന്നാം ഇന്നിങ്സിൽ സെഞ്ചുറി നേടിയ പി.രാഹുലിനൊപ്പം ഓപ്പണറുടെ റോളിലെത്തിയത് ഓൾറൗണ്ടർ വിനൂപ് മനോഹരൻ. വണ്‍ ഡൗണായി എത്തിയത് സ്പിന്നർ സിജോമോൻ ജോസഫ്. ‘ഡു ഓർ ഡൈ’ സിറ്റ്വേഷനിൽ കേരളം നടത്തിയ കൈവിട്ട പരീക്ഷണം വിജയിക്കുന്ന കാഴ്ചയാണ് ഹിമാചലിന്റെ തട്ടകത്തിൽ കണ്ടത്.
ഒന്നാം ഇന്നിങ്സിലെ സെഞ്ചുറി വീരൻ പി.രാഹുൽ 14 റൺസുമായി പുറത്തായിട്ടും പൊരുതിനിൽക്കാൻ കേരളത്തെ പ്രാപ്തമാക്കിയത് ബാറ്റിങ് ഓർഡറിൽ സ്ഥാനക്കയറ്റം നേടിയെത്തിയ വിനൂപ്–സിജോമോൻ കൂട്ടുകെട്ടാണ്. സ്കോർ 32ൽ നിൽക്കെ 21 പന്തിൽ മൂന്നു ബൗണ്ടറി സഹിതം 14 റൺസുമായി രാഹുൽ പുറത്തായെങ്കിലും ഇവരുടെ കൂട്ടുകെട്ട് കേരളത്തിന് മികച്ച സ്കോറിലേക്ക് അടിത്തറിയിട്ടു.
16.1 ഓവർ ക്രീസിൽനിന്ന ഇരുവരും രണ്ടാം വിക്കറ്റിൽ കേരള സ്കോർ ബോർഡിൽ ചേർത്തത് 73 റൺസ്. ഹിമാചൽ ബോളർമാർ സമചിത്തതയോടെ നേരിട്ട ഇരുവരും ആവശ്യത്തിനു റൺറേറ്റും കാത്തുസൂക്ഷിച്ചാണ് അർധസെഞ്ചുറി കൂട്ടുകെട്ടു തീർത്തത്. സ്കോർ 105ൽ നിൽക്കെ സിജോമോനെ ജി.കെ. സിങ് പുറത്താക്കിയെങ്കിലും മൂന്നാം വിക്കറ്റിൽ ക്യാപ്റ്റൻ സച്ചിൻ ബേബിക്കൊപ്പം വിനൂപ് മറ്റൊരു സെഞ്ചുറി കൂട്ടുകെട്ടു കൂടി തീർത്ത് കേരളത്തെ സുരക്ഷിതരാക്കി. 101 റൺസ് കൂട്ടുകെട്ടിനൊടുവിൽ അർഹിച്ച സെഞ്ചുറിക്കു നാലു റൺസ് അകലെ വിനൂപിനെ ദാഗർ മടക്കി. ഒരു റൺ കൂടി കൂട്ടിച്ചേർക്കുമ്പോഴേയ്ക്കും മുഹമ്മദ് അസ്ഹറുദ്ദീനും സംപൂജ്യനായി മടങ്ങിയെങ്കിലും സഞ്ജു–സച്ചിൻ സഖ്യം കേരളത്തെ മുന്നോട്ടു നയിച്ചു.
അഞ്ചാം വിക്കറ്റിൽ 88 റൺസ് കൂട്ടുകെട്ടു ചേർത്തതിനു പിന്നാലെ വിജയത്തിനു തൊട്ടരികെ സച്ചിൻ പുറത്തായി. 134 പന്തിൽ എട്ടു ബൗണ്ടറിയും ഒരു സിക്സും സഹിതം 92 റൺസാണ് സച്ചിന്റെ സമ്പാദ്യം. തുടർന്നെത്തിയ വിഷ്ണു വിനോദിനെ മറുവശത്തു സാക്ഷിനിർത്തി സഞ്ജു വിജയറൺ കുറിച്ചു. ഒന്നാം ഇന്നിങ്സിലും അർധസെഞ്ചുറി നേടിയ സഞ്ജു, രണ്ടാം ഇന്നിങ്സിൽ 53 പന്തിൽ അഞ്ചു ബൗണ്ടറിയും രണ്ടു സിക്സും സഹിതം 61 റൺസോടെ പുറത്താകാതെ നിന്നു.
കേരളത്തിനെതിരെ ഒന്നാം ഇന്നിങ്സിൽ 11 റൺസിന്റെ ലീഡു നേടിയ ഹിമാചൽ, മൂന്നാം ദിനം കളി നിർത്തുമ്പോൾ രണ്ടാം ഇന്നിങ്സിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 285 റൺസ് എന്ന നിലയിലായിരുന്നു. ഇരു ടീമുകൾക്കും മുന്നോട്ടു പോകാൻ മൽസരത്തിന് ഫലം അനിവാര്യമായ സാഹചര്യത്തിൽ ഇതേ സ്കോറിൽ ഇന്നിങ്സ് ഡിക്ലയർ ചെയ്യാനുള്ള ഹിമാചൽ ക്യാപ്റ്റന്റെ തീരുമാനമാണ് നാലാം ദിനം പോരാട്ടം ആവേശകരമാക്കിയത്.
മൂന്നാം ദിനം ആദ്യ സെഷനിൽ മികച്ച ബാറ്റിങ് കെട്ടഴിച്ച് ഒന്നാം ഇന്നിങ്സ് ലീഡിലേക്കു നീങ്ങിയ കേരളം 18 റൺസിനിടെ അഞ്ചു വിക്കറ്റ് നഷ്ടമാക്കിയാണ് ഹിമാചലിനു ലീഡു സമ്മാനിച്ചത്. ചെറിയ ലീഡു കൈമുതലാക്കി രണ്ടാം ഇന്നിങ്സ് ആരംഭിച്ച ആതിഥേയർക്ക് ഋഷി ധവാൻ (96 പന്തിൽ ഏഴു ബൗണ്ടറി സഹിതം 85), അങ്കിത് കൽസി (96 പന്തിൽ ആറു ബൗണ്ടറി സഹിതം 64) എന്നിവരുടെ പ്രകടനമാണ് മികച്ച സ്കോർ ഉറപ്പാക്കിയത്. മൂന്നാം വിക്കറ്റിൽ കൽസി–ധവാൻ സഖ്യം 106 റൺസ് കൂട്ടിച്ചേർത്തു. മൂന്നാം ദിനം ഏറ്റവുമൊടുവിലാണ് ധവാൻ പുറത്തായത്.
ആങ്കുഷ് ബെയ്ൻസ് (21), ചോപ്ര (41), ഗാങ്ട (14), ജസ്വാൾ (പൂജ്യം), എ.ആർ. കുമാർ (21), ഡാഗർ (13) എന്നിവരാണ് രണ്ടാം ഇന്നിങ്സിൽ പുറത്തായ മറ്റ് ഹിമാചൽ താരങ്ങൾ. മികച്ച സ്കോർ നേടി കേരളത്തെ രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിന് അയയ്ക്കുന്നതിനായി ഏകദിന ശൈലിയിലാണ് ഹിമാചൽ രണ്ടാം ഇന്നിങ്സിൽ ബാറ്റു ചെയ്തത്. 52.1 ഓവറിൽ 5.46 റൺസ് ശരാശരിയിലാണ് അവർ 285 റൺസെടുത്തത്.
രണ്ടു വിക്കറ്റ് നഷ്ടത്തിൽ 202 റൺസ് എന്ന നിലയിലായിരുന്ന ഹിമാചൽ പിന്നീട് കൂട്ടത്തോടെ തകരുകയായിരുന്നു. കേരളത്തിനായി സിജോമോൻ ജോസഫ് നാലും ബേസിൽ തമ്പി രണ്ടും സന്ദീപ് വാരിയർ, വിനൂപ് മനോഹരൻ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. ഒന്നാം ഇന്നിങ്സിൽ ആറു വിക്കറ്റ് വീഴ്ത്തിയ എം.ഡി. നിധിഷിനു ഇക്കുറി വിക്കറ്റൊന്നും കിട്ടിയില്ല.
Leave a Reply