കോട്ടയം ഡിവൈഎസ്പി ആയിരുന്ന ടി എ ആന്റണിക്കെതിരായ ബലാല്‍സംഗ കേസില്‍ നിര്‍ണ്ണായക വഴിത്തിരിവ്. ഡിവൈഎസ്പി ബലാല്‍സംഗം ചെയ്തു എന്ന് പറയപ്പെടുന്ന കഴിഞ്ഞ ഞായറാഴ്ച യുവതി ബലാല്‍സംഗത്തിന് ഇരയായിട്ടില്ലെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തു വന്നു. കോട്ടയം ജില്ലാ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. അന്നേ ദിവസം യുവതി ലൈംഗിക ബന്ധത്തില്‍ പോലും ഏര്‍പ്പെട്ടില്ലെന്ന് വൈദ്യ പരിശോധനാഫലത്തില്‍ പറയുന്നതായി പൊലീസ് അറിയിച്ചു.
ഒരു കേസുമായി ബന്ധപ്പെട്ട് കാണാനെത്തിയ തന്നെ ക്വാട്ടേഴ്‌സിലേക്ക് കൂട്ടികൊണ്ട് പോയി ഡിവൈഎസ്പി ബലാല്‍സംഗം ചെയ്തു എന്നായിരുന്നു യുവതിയുടെ പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ ഈസ്റ്റ് പൊലീസ് ഡിവൈഎസ്പി ടിഎ ആന്റണിക്കെതിരെ കേസും രജിസ്റ്റര്‍ ചെയ്തു. എഡിജിപി പത്മകുമാറിന്റെ റിപ്പോട്ടിന്റെ അടിസ്ഥാനത്തില്‍ ഡിജിപി ടിപി സെന്‍കുമാര്‍ ഡിവൈഎസ്പിയെ സസ്‌പെന്റ് ചെയ്തിരുന്നു.
ടി എ ആന്റണി കോട്ടയം ഡിവൈഎസ്പിയായി ചുമതല ഏറ്റെടുത്തിട്ട് ഒരു മാസം പോലും ആയിട്ടില്ല. യുവതിയുടെ പരാതി വസ്തുതാപരമായി ശരിയാണോ എന്ന് പോലും പരിശോധിക്കാതെ ഡിവൈഎസ്പിയെ സസ്‌പെന്റ് ചെയ്ത നടപടി പൊലീസ് സേനയ്ക്കുള്ളിലും കടുത്ത അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്.