ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- റേപ്പിന് ഇരയാക്കപ്പെട്ടവരിൽനിന്നും ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ടവരിൽനിന്നും ആവശ്യത്തിലധികമായി സ്വകാര്യവിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥരായ പോലീസും, പ്രോസിക്യൂട്ടറും ശേഖരിക്കുന്നത് അവസാനിപ്പിക്കണമെന്ന് യുകെ ഇൻഫർമേഷൻ കമ്മീഷണർ ആവശ്യപ്പെട്ടിരിക്കുകയാണ്. പല ഇരകളെയും സംശയദൃഷ്ടിയോടെയാണ് അന്വേഷണ ഉദ്യോഗസ്ഥർ കാണുന്നത്. ഇത് അവസാനിപ്പിക്കണമെന്ന് ഇൻഫർമേഷൻ കമ്മീഷണറായി പ്രവർത്തിക്കുന്ന ജോൺ എഡ്വേർഡ്സ് ആവശ്യപ്പെട്ടു. മെഡിക്കൽ റെക്കോർഡുകളും സ്കൂൾ വിവരങ്ങളും ഉൾപ്പെടെ ആവശ്യത്തിലധികം സ്വകാര്യ വിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർ ശേഖരിക്കുന്നതിനായി റിപ്പോർട്ട് പുറത്ത് വന്നിട്ടുണ്ട്. ഇൻഫർമേഷൻ, ഡേറ്റ എന്നിവ സംബന്ധിച്ച് റെഗുലേറ്ററി നടപടികൾ സ്വീകരിക്കുന്ന ഇൻഫർമേഷൻ കമ്മീഷൻ ചൊവ്വാഴ്ചയാണ് ഈ റിപ്പോർട്ട് പുറത്തുവിട്ടത്. ഇത്തരത്തിലുള്ള അന്വേഷണ ഉദ്യോഗസ്ഥരുടെ നടപടികൾ മൂലം ഇരകൾക്ക് കൂടുതൽ ബുദ്ധിമുട്ട് ഉണ്ടാവുകയാണ് ചെയ്യുന്നതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഇരകൾക്ക് നീതി ലഭിക്കുന്നതിന് ആവശ്യമായ നടപടികൾ സുതാര്യമാക്കുക ആണ് വേണ്ടതെന്നും ഇൻഫർമേഷൻ കമ്മീഷൻ പുറത്തുവിട്ട റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. പലപ്പോഴും ഇരകളുടെ മൊബൈൽ ഫോണുകൾ പരിശോധിക്കുന്നതിനും അന്വേഷണ ഉദ്യോഗസ്ഥർ മുതിരുന്നുണ്ട്. സ്വന്തം ജീവിതത്തിൽ വലിയ ബുദ്ധിമുട്ട് അനുഭവിച്ചതിനുശേഷമുള്ള ഇത്തരത്തിലുള്ള നടപടികൾ, മറ്റു നിയമനടപടികൾ സ്വീകരിക്കുന്നതിൽ നിന്നും ഇരകളെ പിന്നോട്ട് വലിക്കുമെന്നും എഡ്വേർഡ്‌സ് വ്യക്തമാക്കി. പലപ്പോഴും അന്വേഷണ ഉദ്യോഗസ്ഥർ മൊബൈൽ ഫോണുകളും മറ്റും ആവശ്യപ്പെടുന്ന സാഹചര്യത്തിൽ ഇരകൾ തങ്ങളുടെ പരാതികൾ പിൻവലിക്കുകയാണ് ചെയ്യുന്നത്. ഗവൺമെന്റ് അടുത്തിടെ കൊണ്ടുവന്ന നടപടിയിൽ ആവശ്യത്തിനുള്ള വിവരങ്ങൾ മാത്രമേ ഇരകളിൽ നിന്നും ആവശ്യപ്പെടാവൂ എന്ന് വ്യക്തമാക്കിയിരുന്നു. ഇത്തരം അപരിഷ്കൃത നടപടികൾ അന്വേഷണ ഉദ്യോഗസ്ഥർ അവസാനിപ്പിക്കണമെന്ന് ഇൻഫർമേഷൻ ഓഫീസ് ആവശ്യപ്പെട്ടു.