ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി റനില്‍ വിക്രമസിംഗെ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റെടുത്തു. പാര്‍ലമെന്റ് ഹാളില്‍ നടന്ന ചടങ്ങില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജയന്ത ജയസൂര്യ, വിക്രമസിംഗെയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ലങ്കയുടെ എട്ടാമത് പ്രസിഡന്റാണ് റനില്‍ വിക്രമസിംഗെ.സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന രാജ്യത്തെ, രാജ്യാന്തര സമൂഹത്തിന്റെ സഹായത്തോടെ കരകയറ്റുക എന്ന ഭാരിച്ച ഉത്തരവാദിത്വമാണ് 73 കാരനായ റനിലിനുള്ളത്. ജനകീയപ്രക്ഷോഭത്തെത്തുടർന്നു ഗോത്താബയ രാജപക്സെ രാജ്യംവിട്ടതോടെ റനിൽ പ്രസിഡന്റിന്റെ ചുമതലയും വഹിച്ചിരുന്നു.പാർലമെന്റിൽ നടന്ന വോട്ടെടുപ്പിൽ 225 അംഗങ്ങളിൽ 134 പേരും ഭരണകക്ഷിയായ ശ്രീലങ്ക പൊതുജന പെരുമുനയുടെ (എസ്എൽപിപി) പിന്തുണയുള്ള വിക്രമസിംഗെയെ അനുകൂലിച്ചു.
പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മുഖ്യ എതിരാളിയും എസ്എൽപിപിയുടെ വിഘടിതവിഭാഗത്തിന്റെ നേതാവുമായ ദുള്ളാസ് അലഹപ്പെരുമ 82 വോട്ടുകൾ നേടി. ഇടതുകക്ഷിയായ ജനത വിമുക്തി പെരുമുന നേതാവ് അനുര കുമാര ദിസനായകെയ്ക്കു ലഭിച്ചതു വെറും മൂന്നു വോട്ടുകള്‍.കനത്ത സുരക്ഷയിലായിരുന്നു പാർലമെന്റിലെ നടപടിക്രമങ്ങൾ. സ്പീക്കർ മഹിന്ദ യാപ അബേവർധനയാണ് ഫലം പ്രഖ്യാപിച്ചത്. ഫലപ്രഖ്യാപനത്തിനു തൊട്ടുപിന്നാലെ അദ്ദേഹം എല്ലാ കക്ഷികളുടെയും പിന്തുണ തേടി.ജനാധിപത്യക്രമം കാത്തുസൂക്ഷിച്ചതിനു പാർലമെന്റിനോടു നന്ദിപറഞ്ഞ റനിൽ വിക്രമസിംഗെ പ്രതിസന്ധിയിൽനിന്നു കരകയറാൻ എല്ലാവരുടെയും സഹകരണം തേടി. വിഘടിച്ചുനിന്ന നമ്മൾ ഒരുമിച്ചു പ്രവർത്തിച്ച് പ്രതിസന്ധിയെ മറികടക്കാമെന്ന് അദ്ദേഹം പാർലമെന്റിൽ പറഞ്ഞു.
Leave a Reply