ക്യാപ്റ്റൻ റോമൽ ചക്കാലയ്ക്കൽ ജോൺ
ബിസിനസ് ലോകത്തിന്റെ അതിരുകൾക്കപ്പുറത്തും മനുഷ്യസ്നേഹത്തിന്റെയും, ധാർമിക നേതൃത്വത്തിന്റെയും , സമഗ്രതയുടെയും ദീപസ്തംഭമായി നിലകൊണ്ട വ്യക്തിയായിരുന്നു ശ്രീ രത്തൻ ടാറ്റ. അദ്ദേഹത്തിന്റെ ജീവിതമെന്നത് വെറും സമ്പാദ്യങ്ങൾ നേടുക എന്നത് മാത്രമായിരുന്നില്ല, മറിച്ച് തന്റെ സമ്പാദ്യത്തിലെ ഭൂരിഭാഗവും സമൂഹ നിർമ്മിതിക്കും, ജാതി നോക്കാതെ ജനസമൂഹത്തിന്റെ ഉന്നമനത്തിനും, ഒരു രാജ്യത്തിന്റെ ശോഭനമായ ഭാവിക്കായും ഉപയോഗിക്കേണ്ടത് എങ്ങനെയാണെന്ന് അദ്ദേഹം തന്റെ എളിമയിലൂന്നിയുള്ള ജീവിതം കൊണ്ട് കാണിച്ചു തന്നു .
അദ്ദേഹത്തിന്റെ സമ്പത്തല്ല, പക്ഷേ മൂല്യങ്ങളും സമർപ്പണവുമാണ് അദ്ദേഹത്തെ ഇന്ത്യയിലെ ഏറ്റവും സ്നേഹിക്കപ്പെടുന്ന വ്യക്തിയാക്കിയത്. സർ റത്തൻ ടാറ്റ മറ്റുള്ള ശതകോടീശ്വരന്മാരെ പോലെ പ്രശസത്തിക്കു പിറകെ പോകുന്ന വ്യക്തി അല്ലായിരുന്നു. വിനയത്തിലും അടിത്തറയിലുമുള്ള ആ വ്യക്തിത്വം ലോകത്തിന് കാണിച്ചു തന്നത് നേതൃപാടവം പ്രദർശനങ്ങളിലല്ല, സേവനത്തിലാണ് എന്നുള്ളതാണ്.

അദ്ദേഹത്തിന്റെ പ്രശസ്തി അദ്ദേഹം സമ്പാദിച്ച പണത്തിനായിരുന്നില്ല , മറിച്ച് അദ്ദേഹം ഉയർത്തി കാട്ടിയ മൂല്യങ്ങൾക്കും വ്യക്തിത്വത്തിനുമായിരുന്നു. സ്റ്റേജുകളും പൊതുജന ശ്രദ്ധയും ഇഷ്ടപ്പെടാത്ത വ്യക്തിത്വമായിരുന്നു സർ രത്തൻ ടാറ്റ. പക്ഷേ അദ്ദേഹം എപ്പോഴും ഒരു താരമായിരുന്നു. യഥാർത്ഥ നേതൃപാടവം എന്നത് ബാഹ്യപ്രകടനങ്ങളിലല്ല, മറിച്ച് അപരനു വേണ്ടിയുള്ള സേവനത്തിലാണെന്ന് തന്റെ ജീവിതമെന്ന ഉദാഹരണത്തിലൂടെ അദ്ദേഹം തെളിയിച്ചു. വിനയവും, സ്വഭാവ ദൃഢതയും അദ്ദേഹത്തിന്റെ കൈമുതലുകളായിരുന്നു.

ഇന്ത്യയിലെ ഏറ്റവും വലിയ ബിസിനസ് സാമ്രാജ്യമായ ടാറ്റ ഗ്രൂപ്പിന് അദ്ദേഹം മേധാവിത്വം വഹിച്ചു. മറ്റുള്ളവർ ലാഭം പിന്തുടർന്നപ്പോൾ, അദ്ദേഹം തന്റെ ലക്ഷ്യത്തിനായി പ്രയത്നിച്ചുവെന്നത് ശ്രദ്ധേയമാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ, ടാറ്റ ഗ്രൂപ്പ്‌ ഒരു ആഗോള ശക്തിയായി പടർന്നു പന്തലിച്ചു. ലോകോത്തര ബ്രാൻഡുകളായ ജാഗ്വാർ, ലാൻഡ്റോവർ, ടെറ്റ്ലി ചായ, കോറസ് സ്റ്റീൽ തുടങ്ങിയവ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തു. അപ്പോഴും രത്തൻ ടാറ്റയുടെ ഹൃദയം ഇന്ത്യയിലെ ജനങ്ങൾക്ക് തന്നാലാവുന്നത് തിരികെ നൽകുന്നതിൽ ആയിരുന്നു. ദ്രുതഗതിയിൽ തീരുമാനങ്ങൾ എടുത്ത ശേഷം പിന്നീട് അവയെ മിനുക്കുക
എന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. ഇന്ത്യയുടെ വ്യാവസായിക ഭൂപടത്തിൽ മാറ്റങ്ങൾ വരുത്തുവാൻ അദ്ദേഹത്തിന്റെ ധീരമായ ചുവടുകൾക്ക് സാധിച്ചു.

ഒരു തികഞ്ഞ മനുഷ്യസ്നേഹിയായ രത്തൻ ടാറ്റയുടെ സമൂഹത്തിനായുള്ള സംഭാവനകൾ സമാനതകളില്ലാത്തതാണ്. അദ്ദേഹത്തിന്റെ സമ്പാദ്യത്തിൽ സുപ്രധാനമായ ഒരു പങ്ക്, ഏകദേശം ₹ 892734 കോടി രൂപ അദ്ദേഹം ചാരിറ്റി പ്രവർത്തനങ്ങൾക്കായി കൊടുത്തു ലോകത്തിൽ ഏറ്റവും കൂടുതൽ തുക ചാരിറ്റിക്കായി ചിലവഴിച്ചതിന്റെ മുന്നിൽ വന്നു . അദ്ദേഹത്തിന്റെ പ്രയത്നങ്ങൾ ഏറ്റവും കൂടുതൽ പ്രകടമായി ദൃശ്യമാകുന്നത് ആരോഗ്യ മേഖലയിലാണ്. മുംബൈയിലെ ടാറ്റ മെമ്മോറിയൽ ക്യാൻസർ ഹോസ്പിറ്റലിൽ കുട്ടികൾക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്നതോടൊപ്പം തന്നെ, ക്യാൻസർ മാറുന്നതിനുള്ള സൗജന്യ മരുന്നുകളും ഉറപ്പാക്കുന്നു. രാജ്യത്തുടനീളം സ്കൂളുകളും ആശുപത്രികളും നിർമ്മിക്കുയെന്ന അദ്ദേഹത്തിന്റെ ദർശനം, ഇനിയുള്ള തലമുറകളിലും അദ്ദേഹത്തിന്റെ സ്വാധീനം ഉറപ്പുവരുത്തുന്നു.

എന്നാൽ അദ്ദേഹത്തിന്റെ അനുകമ്പ മനുഷ്യരിൽ മാത്രം ഒതുങ്ങിയിരുന്നില്ല. രത്തൻ ടാറ്റയുടെ മൃഗസ്നേഹം പ്രസിദ്ധമാണ്. അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ലോകത്തിലെ തന്നെ മുൻനിര ഹോട്ടലുകളിൽ ഒന്നായ മുംബൈയിലെ താജ്മഹൽ പാലസിൽ എത്തുന്ന തെരുവ് നായ്ക്കളെ, അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം ഒരിക്കൽ പോലും ഹോട്ടൽ പരിസരങ്ങളിൽ നിന്ന് പുറത്താക്കിയിരുന്നില്ല. അദ്ദേഹത്തിന്റെ സഹാനുഭൂതിയുടെ ഏറ്റവും ഉത്തമ ഉദാഹരണമാണ് 2018 ഫെബ്രുവരിയിൽ തന്റെ വളർത്തുനായ ടാങ്കോ അസുഖമായി മോശമായ അവസ്ഥയിൽ എത്തിയതിനെ തുടർന്ന്, ചാൾസ് രാജാവിൽ നിന്നും തനിക്ക് ലഭിക്കേണ്ടിയിരുന്ന ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ഫോർ ഫിലാൻത്രോപ്പി അദ്ദേഹം നിരസിച്ചത്. വ്യവസായ ലോകത്തെ അധിപതിയായ ടാറ്റയുടെ തികഞ്ഞ മാനുഷികതയുടെ തെളിവുകളാണ് ഇവയെല്ലാം.

ജനങ്ങൾക്കായി നവീനമായ ആശയങ്ങൾ അവതരിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവും വളരെയധികം ശ്രദ്ധേയമാണ്. മിഡിൽ ക്ലാസ്സുകാരായ ഇന്ത്യക്കാർക്കും ഒരു വാഹനം സ്വന്തമാക്കാനുള്ള അവസരം ഒരുക്കുക എന്ന അദ്ദേഹത്തിന്റെ ആഗ്രഹത്തിന്റെ ഫലമായാണ് ലോകത്തിലെ തന്നെ ഏറ്റവും ചെലവ് കുറഞ്ഞ കാറായ ടാറ്റാ നാനോ ഇന്ത്യൻ നിരത്തുകളിൽ എത്തിയത്. ഭാവിയിലെ ഇന്ത്യയെ ഒരു സാമ്പത്തിക ശക്തി മാത്രമായല്ല, മറിച്ച് തുല്യ അവസരങ്ങളും സന്തോഷങ്ങളും നിറഞ്ഞു നിൽക്കുന്ന ഒരു രാജ്യമായാണ് അദ്ദേഹം വിഭാവനം ചെയ്തത്. അദ്ദേഹത്തിന്റെ ദർശനം സ്റ്റാർട്ടപ്പുകളായ ഓല, പേറ്റിഎം തുടങ്ങിയവയിലുള്ള നിക്ഷേപത്തിനും അദ്ദേഹത്തെ പ്രേരിപ്പിച്ചു. അടുത്ത തലമുറയിലെ സംരംഭകർക്കുള്ള ഒരു വഴികാട്ടിയായാണ് അദ്ദേഹം മുന്നേ നടന്നത്.

2008ൽ താജ് ഹോട്ടൽ തീവ്രവാദ ആക്രമണത്തിന് ഇരയായപ്പോൾ, അദ്ദേഹത്തിന്റെ ദൃഢത അചഞ്ചലമായിരുന്നു. തന്റെ മുഴുവൻ സാമ്രാജ്യവും ബോംബുകളാൽ നശിപ്പിക്കപ്പെട്ടാലും, ഒരു തീവ്രവാദിയെ പോലും സ്വതന്ത്രമായി നടക്കാൻ അനുവദിക്കില്ലെന്ന അദ്ദേഹത്തിന്റെ അന്നത്തെ വാക്കുകൾ പ്രസിദ്ധമാണ്. പ്രതികൂല സാഹചര്യങ്ങളിൽ അദ്ദേഹം കാണിച്ച ധൈര്യം അദ്ദേഹത്തിന്റെ ജീവിതത്തോടുള്ള മനോഭാവത്തെയാണ് സൂചിപ്പിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തിലും നിരവധി പരീക്ഷണങ്ങൾ നേരിടേണ്ടി വന്നു. അന്നത്തെ കാലത്ത് അത്ര സാധാരണമല്ലാത്ത ഒന്നായിരുന്നു അദ്ദേഹത്തിന്റെ അമ്മയുടെ പുനർവിവാഹം. ഇത് മൂലം സ്കൂളിൽ നിരവധി കളിയാക്കലുകൾ കേട്ട അദ്ദേഹം, മാനുഷിക ബന്ധങ്ങളുടെയും വികാരങ്ങളുടെയും സങ്കീർണ്ണത കുട്ടിക്കാലം മുതൽ തന്നെ മനസ്സിലാക്കിയിരുന്നു. ലോസ് ആഞ്ചൽസിൽ പഠിച്ചിരുന്ന സമയം ഉണ്ടായിരുന്ന ഒരു സ്നേഹബന്ധം, ഇൻഡോ- ചൈന യുദ്ധം മൂലം തിരികെ വരേണ്ടിയ സമയത്ത് അദ്ദേഹത്തിന് നഷ്ടമായി. പിന്നീട് ജീവിതം മുഴുവൻ ഇന്ത്യയുടെ ഉന്നമനത്തിനായി തികഞ്ഞ ആത്മാർത്ഥതയോടെ അദ്ദേഹം അവിവാഹിതനായി നിലകൊണ്ടു.

ഇന്ത്യയുടെ ആദ്യ സ്റ്റീൽ പ്ലാന്റ്, സോഫ്റ്റ്‌വെയർ കമ്പനി, ഫൈവ് സ്റ്റാർ ഹോട്ടലുകൾ മുതൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് വരെ നിർമ്മിച്ചു ഇന്ത്യയുടെ വ്യാവസായിക വളർച്ചയുടെ അടിത്തറ അദ്ദേഹം പാകി. സഹാനുഭൂതിയിലും, ഐക്യത്തിലും, നവീകരണത്തിലും അടിസ്ഥാനമായ ഒരു ജനത ഉണ്ടാവുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ദർശനം. ആ ദർശനം പൂർത്തീകരിക്കുന്നതിനായി അദ്ദേഹം ജീവിതത്തിലുടനീളം പ്രയത്നിച്ചു.

ലോകത്തിൽ ഉടനീളമുള്ള ഇന്ത്യക്കാർക്ക്, അദ്ദേഹവുമായി നേരിട്ട് ബന്ധമില്ലാത്തവർക്ക് പോലും അദ്ദേഹത്തിന്റെ മരണം ഒരു വ്യക്തിപരമായ നഷ്ടമാണ്. പകരം വെക്കാനില്ലാത്ത ഒരു വലിയ വിടവ് സൃഷ്ടിച്ചാണ് അദ്ദേഹം മടങ്ങിയിരിക്കുന്നത്, ആ സ്നേഹവും സഹാനുഭൂതിയും ലഭിച്ചത് ലക്ഷക്കണക്കിനാളുകൾക്കാണ്.

ഈ സമയത്തിൽ അദ്ദേഹത്തിന്റെ നാല് വിലയേറിയ ഉപദേശങ്ങളെയാണ് എന്റെ മനസ്സിലേക്ക് കൊണ്ടുവരുന്നത് :
ഈ നാല് കാര്യങ്ങളിൽ ഒരിക്കലും ലജ്ജിക്കേണ്ട ആവശ്യമില്ലെന്ന് അദ്ദേഹം നമ്മെ ഓർമ്മപ്പെടുത്തി.

1) പഴയ വസ്ത്രങ്ങൾ – ഒരിക്കലും നിങ്ങളുടെ കഴിവ് നിങ്ങളുടെ വസ്ത്രങ്ങളല്ല നിർണയിക്കുന്നത്.
2) പാവപ്പെട്ട കൂട്ടുകാർ – സൗഹൃദത്തിൽ സ്റ്റാറ്റസുകളില്ല.
3) പ്രായമായ മാതാപിതാക്കൾ – നിങ്ങൾ ഇന്ന് എന്താണോ അത് അവർ മൂലമാണ്.
4) സാധാരണ ജീവിതം – വിജയം ഒരിക്കലും രൂപഭാവങ്ങളിലല്ല വിലയിരുത്തപ്പെടുന്നത്.
രത്തൻ ടാറ്റ വെറുമൊരു ബിസിനസുകാരൻ മാത്രമായിരുന്നില്ല. മറിച്ച് സ്വപ്നങ്ങൾ കെട്ടിപ്പടുക്കാൻ ശ്രമിച്ച, ഇന്ത്യയുടെ ഭാവിയുടെ കാവൽക്കാരനായിരുന്നു അദ്ദേഹം. പണം ഉദാത്തമായ കാരണങ്ങൾക്ക് മാറ്റിവെക്കേണ്ടത് എങ്ങനെയെന്ന് കാണിച്ചുതന്ന മഹത് വ്യക്തിത്വം. പ്രസിദ്ധികളിലും പ്രദർശനങ്ങളിലും ഇഷ്ടപ്പെടാത്ത, ഇത് വരെ ഒരു വിമർശനങ്ങളും കേൾപ്പിക്കാതെ, എന്നാൽ സാധാരണ ജനഹൃദയങ്ങളിൽ എപ്പോഴും ഒരു താരമായിരുന്ന വ്യക്തി. അദ്ദേഹത്തിന്റെ വിനയം നിറഞ്ഞ പെരുമാറ്റവും സമഗ്രതയും ആണ് അദ്ദേഹത്തെ ഇന്ത്യയുടെ ഏറ്റവും വിലപ്പെട്ട, പകരം വെക്കാനില്ലാത്ത വ്യക്തിത്വമായി മാറ്റുന്നത്. അദ്ദേഹത്തിന്റെ മരണത്തോടെ ഒരു യുഗം അവസാനിക്കുമ്പോൾ, അദ്ദേഹത്തിന്റെ പ്രസിദ്ധി വരും തലമുറകൾക്ക് ഒരു പ്രചോദനമായി തുടരും. കൂടെ കൂടുതൽ തുല്യത നിറഞ്ഞ, ശോഭനമായ ഒരു ഇന്ത്യയുടെ ഭാവി എന്ന അദ്ദേഹത്തിന്റെ ലക്ഷ്യവും.

ക്യാപ്റ്റൻ റോമൽ ചക്കാലയ്ക്കൽ ജോൺ

78ഓളം രാജ്യങ്ങൾ സന്ദർശിച്ച അനുഭവ പരിചയത്തിനുടമയാണ് ക്യാപ്റ്റൻ റോമൽ ജോൺ. 2002 മുതൽ ഗ്ലാസ്ഗോയിൽ താമസിക്കുന്നു. കഴിഞ്ഞ 18 വർഷമായി വി ഷിപ്സിൽ സീനിയർ മറൈൻ, ക്വാളിറ്റി ആൻഡ് സേഫ്റ്റി സൂപ്രണ്ടൻ്റായി ലോകത്തിന്റെ പല ഭാഗങ്ങളിൽ ട്രേഡ് ചെയ്യുന്ന 15 ഓളം ഓയിൽ ടാങ്കർ ഷിപ്സിന്റെ ക്യാപ്റ്റൻമാരെ മെൻറ്റർ ചെയുന്നു. കേരളത്തിൽ കൊച്ചി തേവര സ്വദേശി ചക്കാലക്കൽ കുടുംബാംഗമാണ്. രണ്ടു കുട്ടികൾ. ഭാര്യ ഡോക്ടർ സൂസൻ റോമൽ, ഗൈനകോൾജി ക്ലിനിക്കൽ ഡയറക്ടർ ആയി ഡംഫ്രീസ് NHS ൽ ജോലി ചെയ്യുന്നു