കിളിമാനൂർ (തിരുവനന്തപുരം)∙ ആറുകോടിയുടെ ബമ്പർ ലോട്ടറി അടിച്ച പണംകൊണ്ടു രത്നാകരൻ പിള്ള സ്ഥലം വാങ്ങി കുഴിച്ചപ്പോൾ കിട്ടിയത് 2600 പുരാതന നാണയങ്ങളുടെ നിധി. കീഴ്പേരൂർ തിരുപാൽക്കടൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു കിഴക്കു ഭാഗത്തെ പുരയിടത്തിൽ നിന്നാണു രാജഭരണ കാലത്തെ നാണയങ്ങളുടെ ശേഖരം കണ്ടെത്തിയത്. മൺകുടത്തിൽ അടച്ചു കുഴിച്ചിട്ട നിലയിലാണു നാണയങ്ങൾ കണ്ടെടുത്തത്.
വെള്ളല്ലൂർ കീഴ്പേരൂർ രാജേഷ് ഭവനിൽ മുൻ പഞ്ചായത്ത് അംഗം ബി.രത്നാകരൻ പിള്ളയുടെ പുരയിടത്തിൽ നിന്ന് ഇന്നലെ രാവിലെ 10 മണിയോടെയാണു ‘നിധി’ കണ്ടെടുത്തത്. 20 കിലോയുണ്ട് നാണയശേഖരം. ചില നാണയങ്ങളിൽ ചിത്തിര തിരുനാൾ ബാലരാമവർമ മഹാരാജാവിന്റെ മുഖചിത്രവും ബാലരാമവർമ മഹാരാജ ഓഫ് ട്രാവൻകൂർ എന്ന് ഇംഗ്ലിഷിൽ രേഖപ്പെടുത്തലുമുണ്ട്.. ഒന്നര വർഷം മുൻപ് രത്നാകരൻ പിള്ള വിലയ്ക്കു വാങ്ങിയ 27 സെന്റ് വസ്തുവിൽ കൃഷി ചെയ്യുന്നതിനായി 2 പേർ കിളച്ചു കൊണ്ടിരിക്കെയാണു കുടം കണ്ടെത്തിയത്. നാണയശേഖരം കണ്ടയുടൻ രത്നാകരൻ പിള്ള ചിത്രമെടുത്തു വാട്സാപിൽ ഇട്ടു. പിന്നാലെ കിളിമാനൂർ പൊലീസിലും അറിയിച്ചു.
തുടർന്നു പുരാവസ്തു വകുപ്പു സ്ഥലത്ത് എത്തി കൂടുതൽ പരിശോധനയ്ക്കായി നാണയശേഖരം ഏറ്റുവാങ്ങി. ക്ലാവ് പിടിച്ചതിനാൽ ലാബിൽ പരിശോധന നടത്തിയാൽ മാത്രമേ നാണയത്തിന്റെ പഴക്കം അറിയാൻ കഴിയൂ. ക്ഷേത്രവും സ്ഥലവും കൂടുതൽ പരിശോധിക്കാൻ വീണ്ടും എത്തുമെന്നു പുരാവസ്തു വകുപ്പ് അറിയിച്ചു. നൂറ്റാണ്ടുകൾ പഴക്കമുള്ള തിരുപാൽക്കടൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രവും കവടിയാർ കൊട്ടാരവുമായി ബന്ധമുണ്ടെന്നു നാട്ടുകാർ പറയുന്നു കേരള ലോട്ടറിയുടെ 2018–ലെ ക്രിസ്മസ് പുതുവർഷ ബംപർ സമ്മാനമാണു രത്നാകരൻ പിള്ളയ്ക്കു ലഭിച്ചത്.
Leave a Reply