സ്വന്തം ലേഖകന്‍

തിരുവനന്തപുരം : ഓഖി ചുഴലിക്കാറ്റിനെക്കുറിച്ച് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് കൊടുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന ആരോപണത്തിനിടെ ചീഫ് സെക്രട്ടറിക്കും റവന്യൂ സെക്രട്ടറിക്കുമെതിരെ ആഞ്ഞടിച്ച് മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ കെ.സുരേഷ് കുമാര്‍.

ദുരന്തനിവാരണസമിതി അംഗങ്ങളായ ചീഫ് സെക്രട്ടറി കെ.എം.എബ്രഹാമിനേയും റവന്യൂ സെക്രട്ടറി പി.എച്ച് കുര്യന്റേയും കഴുത്തിന് പിടിച്ചു കരണക്കുറ്റിക്കൊന്ന് പൊട്ടിക്കാന്‍ മലയാളികള്‍ ആരുമില്ലേയെന്നാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ സുരേഷ് കുമാര്‍ ചോദിച്ചത്.

സമിതിയിലെ മറ്റ് അംഗങ്ങളായ പിണറായി വിജയനും ചന്ദ്രശേഖരനും വെറും രാഷ്ട്രീയക്കാര്‍ മാത്രമാണെന്നും ജനപ്രതിനിധികള്‍ എന്ന ജാമ്യം ഇക്കാര്യത്തില്‍ ഇവര്‍ക്ക് കിട്ടുമെന്നും സുരേഷ് കുമാര്‍ ഫേസ്ബുക്ക് പോസറ്റില്‍ പറയുന്നുണ്ട്….

സുരേഷ് കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം…..

ഇവരില്‍ പിണറായി വിജയനും ചന്ദ്രശേഖരനും ‘വെറും’ രാഷ്ട്രീയക്കാര്‍ മാത്രമാണ്. ‘ജനപ്രതിനിധികള്‍’ എന്ന മുന്‍കൂര്‍ ജാമ്യം ഇവര്‍ക്കു കിട്ടും…. എന്റെ സഹപ്രവര്‍ത്തകരായിരുന്ന കുര്യനും ഏബ്രഹാമും ഏതു മാളത്തില്‍ പോയൊളിച്ചു ? ഇവന്മാരെയെങ്കിലും കഴുത്തിനു പിടിച്ചു കരണക്കുറ്റിക്കൊന്നു കൊടുക്കാന്‍ ‘പ്രബുദ്ധ’ മലയാളികള്‍ക്കു സാധിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥത്തില്‍ നാടിന്റെ ‘ദുരന്തം’ …..

മുഖ്യമന്ത്രി പിണറായി വിജയന്‍, റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍, കാര്‍ഷിക മന്ത്രി വി.എസ്.സുനില്‍കുമാര്‍, ചീഫ് സെക്രട്ടറി കെ.എം.എബ്രഹാം, അഡീ.ചീഫ് സെക്രട്ടറിയും റവന്യൂ സെക്രട്ടറിയുമായ പി.എച്ച്.കുര്യന്‍, അഭ്യന്തരസെക്രട്ടറി സുബത്രാ ബിശ്വാസ്, എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍ മേധാവി എന്നിവരാണ് സംസ്ഥാന ദുരന്തനിവാരണസമിതിയില്‍ അംഗങ്ങളായിട്ടുള്ളത്