ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യുകെയിലെ സർവകലാശാലകളിലേയ്ക്ക് വിവിധ കോഴ്സുകളിലേക്കുള്ള അപേക്ഷകരുടെ എണ്ണത്തിൽ വൻ ഇടിവ്. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ അപേക്ഷകളിൽ 10,000 ത്തോളം അപേക്ഷകരുടെ കുറവ് ഉണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത് . കഴിഞ്ഞ അധ്യായന വർഷം 18 വയസ്സുള്ള 180,000 -ത്തിലധികം പെൺകുട്ടികളാണ് അപേക്ഷിച്ചത്. ഇത് 50.4 ശതമാനമാണ്. എന്നാൽ 2023 -ൽ അപേക്ഷാ നിരക്ക് 47.6 ശതമാനമായി കുറഞ്ഞതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. വനിതാ അപേക്ഷകരുടെ എണ്ണത്തിൽ 10,000 പേരുടെ കുറവാണ് ഉണ്ടായിരിക്കുന്നത്.
മഹാമാരിയുടെ സമയത്ത് നേഴ്സിങ് അനുബന്ധ കോഴ്സുകൾക്ക് വൻ ഡിമാൻഡ് ആയിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഈ വർഷം നേഴ്സിംഗ്, അധ്യാപനം തുടങ്ങിയ മേഖലകളിലേയ്ക്കുള്ള അപേക്ഷകരുടെ എണ്ണത്തിൽ വൻ ഇടിവാണ് ഉണ്ടായിരിക്കുന്നത്. യുകെയിലെ നേഴ്സുമാരുടെ ശമ്പളത്തിനോട് അനുബന്ധിച്ചുള്ള സമരവും മറ്റും വിദ്യാർഥികളെ ആ മേഖലയിൽ നിന്ന് പുറംതിരിഞ്ഞു നിൽക്കാൻ പ്രേരിപ്പിച്ചതായാണ് പൊതുവേയുള്ള വിലയിരുത്തൽ .
അപേക്ഷകരുടെ എണ്ണം വളരെ കുറയുകയാണെങ്കിൽ യുകെയിലെ സർവകലാശാലകൾ വൻ സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കേണ്ടതായി വരുമെന്നാണ് സൂചന. പണപെരുപ്പവും ഉയരുന്ന ചിലവുകളും കൂടുതൽ ഫീസ് നൽകുന്ന അന്താരാഷ്ട്ര വിദ്യാർത്ഥികളെ ഏറ്റെടുക്കാൻ സർവകലാശാലകളെ പ്രേരിപ്പിച്ചേക്കാമെന്ന് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. വിദ്യാർത്ഥിനികളുടെ കാര്യത്തിൽ മാത്രമല്ല യുകെയിലെ സർവകലാശാലകളിലേയ്ക്കുള്ള മൊത്തം വിദ്യാർത്ഥികളുടെ അപേക്ഷയിലും കുറവ് ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം 2.3 ശതമാനം കുറവാണ് ഉണ്ടായിരിക്കുന്നത്. മെച്ചപ്പെട്ട ജോലി സാധ്യതയും ശമ്പളവും ലഭിക്കുമെന്ന് പൊതുവേ വിലയിരുത്തപ്പെടുന്ന കമ്പ്യൂട്ടർ സയൻസ്, നിയമം തുടങ്ങിയവയെ അടിസ്ഥാനമാക്കിയുള്ള കോഴ്സുകൾ പഠിക്കാനുള്ള അപേക്ഷകരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട്
Leave a Reply