തിരുവനന്തപുരം: സ്വന്തം കഴിവുകളിലൂടെ വ്യത്യസ്ത മേഖലകളില്‍ നിന്നും ലോക റെക്കോര്‍ഡുകളില്‍ ഇടം നേടിയ പ്രതിഭകള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കണമെന്ന് ആവശ്യപ്പെട്ട് ലോക റെക്കോര്‍ഡ് ജേതാക്കള്‍ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും നിവേദനം നല്‍കി. ഓള്‍ ഗിന്നസ് റിക്കോര്‍ഡ് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ ഓഫ് കേരള ട്രഷറര്‍ ഗിന്നസ് ഡോ. സുനില്‍ ജോസഫ്, ഗിന്നസ് & യൂണിവേഴ്‌സല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഡോ.ജോണ്‍സണ്‍ വാലയില്‍ ഇടിക്കുള, ലിംകാ റെക്കോര്‍ഡ് ജേതാവ് വിവേക് രാജ്, യൂണിവേഴ്‌സല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ് ജേതാവ് ലേഖ രാധാകൃഷ്ണന്‍, യു.ആര്‍.എഫ് ഗ്രീന്‍ ക്ലബ് കോര്‍ഡിനേറ്റര്‍ ഹാരിസ് താഹ, എന്നിവരടങ്ങിയ സംഘമാണ് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് നിവേദനം നല്‍കിയത്.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ ബോര്‍ഡുകള്‍, കമ്മീഷനുകള്‍ എന്നിവയില്‍ റെക്കോര്‍ഡ് ഉടമകള്‍ക്ക് പ്രാതിനിധ്യം നല്‍കണമെന്നും റെക്കോര്‍ഡ് ഉടമകള്‍ക്ക് വേണ്ടി ക്ഷേമനിധി ബോര്‍ഡ് രൂപികരിക്കുക, യാത്രാ സൗജന്യം അനുവദിക്കുക, അര്‍ഹരായവരെ പ്രോത്സാഹിപ്പിക്കുക, സര്‍ക്കാര്‍ ജോലികളില്‍ ആനുപാതികമായ പങ്കും പരിഗണനയും നല്‍കുക, റെക്കോര്‍ഡ് ഉടമകള്‍ക്ക് സര്‍ക്കാര്‍ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച നിവേദനം പ്രധാനമന്ത്രിക്ക് തപാലിലും അയച്ചു.