ലണ്ടന്‍: യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസത്തിന് എത്തുന്ന കുട്ടികളില്‍ മുമ്പില്ലാത്തവിധം വര്‍ദ്ധന. ഇംഗ്ലണ്ടിലും സ്‌കോട്ട്‌ലന്‍ഡിലും റെക്കോര്‍ഡ് എണ്ണം കുട്ടികളാണ് സര്‍വകലാശാലാ വിദ്യാഭ്യാസത്തിന് ഈ വര്‍ഷം പ്രവേശനം നേടിയത്. ഇംഗ്ലണ്ടിലെ 18 വയസുകാരില്‍ മൂന്നിലൊന്ന് പേര്‍ ഡിഗ്രി കോഴ്‌സുകള്‍ക്ക് പ്രവേശനം നേടിയെന്ന് അഡ്മിഷന്‍ സര്‍വീസായ യുകാസ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. സ്‌കോട്ട്‌ലന്‍ഡില്‍ ഇത് നാലിലൊന്നാണ്.

യുകെ യൂണിവേഴ്‌സിറ്റികളിലേക്ക് എത്തുന്ന കുട്ടികളുടെ ആകെ എണ്ണത്തില്‍ രാജ്യവ്യാപകമായി കുറവ് രേഖപ്പെടുത്തുന്നതിനിടെയാണ് ഈ വാര്‍ത്ത പുറത്തുവന്നത്. നിലവിലുള്ള വിദ്യാര്‍ത്ഥികള്‍ പഠനം ഉപേക്ഷിക്കുന്നതും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ യുകെ സര്‍വകലാശാലകളില്‍ എത്തുന്നത് കുറയുന്നതുമാണ് ഇതിന് കാരണമാണ് വ്യാഖ്യാനിക്കപ്പെടുന്നത്. എ ലെവല്‍ പരീക്ഷാ ഫലങ്ങള്‍ എത്തിയതിനു നാലാഴ്ചകള്‍ക്കു ശേഷമാണ് ഈ കണക്കുകള്‍ യുകാസ് പുറത്തു വിട്ടത്.

2013നു ശേഷം ആദ്യമായാണ് ഇംഗ്ലണ്ടിലും സ്‌കോട്ട്‌ലന്‍ഡിലും ഉന്നതവിദ്യാഭ്യാസത്തിന് എത്തുന്നവരുടെ എണ്ണത്തില്‍ കുതിച്ചുചാട്ടം രേഖപ്പെടുത്തിയത്. ഏറ്റവുമുയര്‍ന്ന നിരക്കാണ് ഈ വര്‍ഷമുണ്ടായത്. സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം നേരിട്ട് യൂണിവേഴ്‌സിറ്റി കോഴ്‌സുകള്‍ക്ക് എത്തുന്നത് വര്‍ദ്ധിക്കുന്നു എന്നാണ് 18 വയസുകാരുടെ പ്രവേശനത്തിലുണ്ടായ വര്‍ദ്ധനവ് തെൡയിക്കുന്നത്. എന്നാല്‍ നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലും വെയില്‍സിലും മുന്‍വര്‍ഷത്തേക്കാള്‍ അല്‍പം കുറവാണ് ഡിഗ്രി കോഴ്‌സുകള്‍ക്ക് എത്തുന്നവരുടെ എണ്ണമെന്നും റിപ്പോര്‍ട്ട് പറയുന്നു.