ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബര്‍മിങ്ഹാം സിറ്റി കൗണ്‍സിലില്‍ നടന്ന മേയര്‍ സ്ഥാനാരോഹണ ചടങ്ങിനെ ചുറ്റിപ്പറ്റി ഭാഷാ വിവാദം ശക്തമാകുന്നു. ചടങ്ങിനിടെ ഖുര്‍ആനില്‍നിന്ന് ഒരു വാക്യം അറബിയില്‍ പാരായണം ചെയ്തതിനെ തുടര്‍ന്ന്, കൗണ്‍സില്‍ യോഗങ്ങളില്‍ ഇംഗ്ലീഷ് മാത്രം ഉപയോഗിക്കണമെന്ന ആവശ്യവുമായി റീഫോം യു.കെ. കൗണ്‍സിലര്‍മാര്‍ രംഗത്തെത്തി. പുതിയ ലോര്‍ഡ് മേയര്‍ സാക്കര്‍ ചൗധ്രിക്കയച്ച കത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്. എല്ലാവര്‍ക്കും മനസ്സിലാകുന്ന ഭാഷയില്‍ മാത്രമേ ഔദ്യോഗിക നടപടികള്‍ നടക്കാവൂവെന്നായിരുന്നു അവരുടെ നിലപാട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

റീഫോം യു.കെ.യുടെ ആവശ്യം പുറത്തുവന്നതോടെ രാഷ്ട്രീയ രംഗത്ത് കടുത്ത വിമർശനങ്ങളാണ് ഉയര്‍ന്നത്. ലേബര്‍ കൗണ്‍സിലര്‍ മജീദ് മഹ്മൂദ് ഉള്‍പ്പെടെയുള്ളവര്‍ ഈ നീക്കത്തെ വിഭജന രാഷ്ട്രീയം എന്നാണ് വിശേഷിപ്പിച്ചത് . ബര്‍മിങ്ഹാമിന്റെ ബഹുസ്വരതയാണ് നഗരത്തിന്റെ ശക്തിയെന്നും വിവിധ മതവിശ്വാസങ്ങള്‍ക്കും സംസ്‌കാരങ്ങള്‍ക്കും പൊതു വേദികളില്‍ ഇടം നല്‍കുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു. അറബിയില്‍ വായിച്ച വാക്യത്തിന്റെ അര്‍ഥം പിന്നീട് ഇംഗ്ലീഷില്‍ വിശദീകരിച്ചതും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടി.

ചടങ്ങില്‍ പ്രാര്‍ഥന നടത്തിയ ഇമാം മുഹമ്മദ് അബ്ദാലി, ഖുര്‍ആന്‍ വാക്യം മനുഷ്യര്‍ തമ്മിലുള്ള ഐക്യത്തിന്റെയും സഹകരണത്തിന്റെയും സന്ദേശമാണ് നല്‍കുന്നതെന്ന് വ്യക്തമാക്കി. മതമോ വംശമോ നോക്കാതെ സമൂഹം ഒരുമിച്ച് നില്‍ക്കണമെന്ന സന്ദേശമാണ് അതിലുണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പ്രാര്‍ഥനയുടെ ചെറിയ ഭാഗം മാത്രം ഉള്‍പ്പെടുത്തിയ വീഡിയോകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വിവാദം കൂടുതല്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു.