ന്യൂസ് ഡെസ്ക് മലയാളം യുകെ

ശരിയായ ചികിത്സ ലഭിക്കാത്തതിനെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ എട്ടു വർഷങ്ങൾക്ക് ശേഷം ആശുപത്രി ട്രസ്റ്റിനെതിരെ നരഹത്യ കുറ്റം ചുമത്തി. 2015 ജൂലായ് 7-നാണ് റെഡ്ബ്രിഡ്ജിലെ ഗുഡ്‌മെയ്‌സ് ഹോസ്പിറ്റലിൽ 22 കാരിയായ ആലീസ് ഫിഗ്യൂറെഡോ മരിച്ചത്. 2016 ഏപ്രിലിൽ, മിസ് ഫിഗ്യൂറെഡോയുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചു. ഏകദേശം അഞ്ച് വർഷമായി, ഡിറ്റക്ടീവുകൾ അന്വേഷണങ്ങൾ നടത്തി ഇതിൽ കണ്ടെത്തിയ തെളിവുകൾ 2021 മാർച്ചിൽ ക്രൗൺ പ്രോസിക്യൂഷൻ സർവീസിന് (സിപിഎസ്) റഫർ ചെയ്യുകയായിരുന്നു. ഇതിന് പിന്നാലെയാണ് നോർത്ത് ഈസ്റ്റ് ലണ്ടൻ എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റിനെതിരെ കോർപ്പറേറ്റ് നരഹത്യയ്ക്ക് കുറ്റം ചുമത്താൻ സിപിഎസ് മെറ്റ് പോലീസിന് അധികാരം നൽകി.

എസെക്സിലെ ഗ്രേസിൽ നിന്നുള്ള വാർഡ് മാനേജർ ബെഞ്ചമിൻ അനിനക്വ (52) ക്കെതിരെയും ഗുരുതരമായ അശ്രദ്ധ ചൂണ്ടിക്കാട്ടി നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്. ഒക്ടോബർ 4 ബുധനാഴ്ച ബാർക്കിംഗ്‌സൈഡ് മജിസ്‌ട്രേറ്റ് കോടതിയിൽ ബെഞ്ചമിനെ ഹാജരാക്കും. അന്വേഷണത്തിലുള്ള പുരോഗതിയെ കുറിച്ച് ഉദ്യോഗസ്ഥർ ആലീസിന്റെ കുടുംബത്തെ അറിയിച്ചിട്ടുണ്ട്. പ്രതികൾക്ക് നീതിയുക്തമായ വിചാരണയ്ക്ക് അവകാശമുള്ളതിനാൽ ജനങ്ങൾ സോഷ്യൽ മീഡിയയിൽ തൻെറ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നത് ഒഴിവാക്കണമെന്ന് പോലീസ് അറിയിച്ചു.