നാദാപുരം: 2014ൽ കടയിൽ പോയി വരാമെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ ശേഷം ദുരൂഹമായി കാണാതായ സിജോയുടെ തിരോധാനത്തിൽ പുതിയ വഴിത്തിരിവ്. കണ്ണൂർ വാണിയപ്പാറത്തട്ട് ഉണ്ണിമിശിഹാ പള്ളി സെമിത്തേരിയിലെ പൊതുകല്ലറയിൽ പായയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം സിജോയുടേതാകാമെന്ന സംശയമാണ് ബന്ധുക്കൾ ഉയർത്തുന്നത്. വിലങ്ങാട് വാളൂക്കിന് സമീപം ഇന്ദിരാനഗർ സ്വദേശിയായ ആലപ്പാട്ട് സ്കറിയയുടെ മകനാണ് സിജോ.
സിജോയെ കാണാതായതിന് പിന്നാലെ വർഷങ്ങളോളം കുടുംബവും ഭാര്യവീട്ടുകാരും പരസ്പരം തെറ്റിദ്ധാരണയിൽ ആയിരുന്നുവെന്നാണ് വിവരം. സിജോ ഭാര്യവീട്ടിലാണെന്ന് സ്വന്തം വീട്ടുകാരും, സ്വന്തം വീട്ടിലാണെന്ന് ഭാര്യവീട്ടുകാരും കരുതിയതോടെ പരാതി നൽകുന്നതിലും കാലതാമസം സംഭവിച്ചു. ഒടുവിൽ 2021ൽ ഭാര്യ നിഖില നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ സിജോയെ കണ്ടെത്താനാകാത്ത സാഹചര്യം വ്യക്തമായതിനെ തുടർന്ന് കേസെടുത്തെങ്കിലും അന്വേഷണത്തിൽ കാര്യമായ പുരോഗതി ഉണ്ടായിരുന്നില്ല.
ഈ സാഹചര്യത്തിലാണ് സെമിത്തേരിയിലെ 38-ാം നമ്പർ കല്ലറ തുറന്നപ്പോൾ പായയിൽ പൊതിഞ്ഞ നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന സംശയത്തെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. മൃതദേഹം സിജോയുടേതാണോ എന്ന് സ്ഥിരീകരിക്കാൻ ഡിഎൻഎ പരിശോധന നടത്താനുള്ള നടപടികൾ പുരോഗമിക്കുകയാണ്. സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് സിജോയുടെ കുടുംബം പൊലീസിനും ആഭ്യന്തര മന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.











Leave a Reply