തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് ചികിത്സയിലിരുന്ന യുവതി മരിച്ചു. നാരങ്ങാനം നെടുംപാറ പുതുപ്പറമ്പില്‍ (പൂവാലുകുന്നേല്‍) ജിനു ജി.കുമാറിന്റെ ഭാര്യ ദിവ്യ ആര്‍.നായര്‍ ആണ് മരിച്ചത്. 37 വയസായിരുന്നു.
കോവിഡ് വാക്‌സിന്‍ എടുത്തതിന് പിന്നാലെ, അബോധാവസ്ഥയും മരണവുമുണ്ടായതെന്ന് കാട്ടി ബന്ധുക്കള്‍ പോലീസില്‍ പരാതിനല്‍കി. സംഭവത്തില്‍, നേരത്തേ ഇവര്‍ പത്തനംതിട്ട ജില്ലാ കളക്ടര്‍ക്കും പരാതി നല്‍കിയിരുന്നു. ഓഗസ്റ്റ് മൂന്നിനാണ് നാരങ്ങാനം കല്ലേലി പ്രാഥമികാരോഗ്യകേന്ദ്രം മഠത്തുംപടിയിലെ സെന്ററില്‍ നടത്തിയ ക്യാമ്പില്‍ ദിവ്യ ആദ്യഡോസ് വാക്‌സിനേഷനെടുത്തത്.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ കലശലായ തലവേദന അനുഭവപ്പെട്ടിരുന്നതായി ബന്ധുക്കള്‍ പറയുന്നു. 14-ന് കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിയപ്പോള്‍ തലചുറ്റി വീണു. സ്‌കാനിങ്ങില്‍ തലച്ചോറില്‍ രക്തം കട്ടപിടിച്ചതായി കണ്ടെത്തി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് രണ്ട് ഓപ്പറേഷന്‍ നടത്തുകയും ചെയ്തു. എന്നാല്‍ പ്രതീക്ഷയ്ക്ക് വകയുണ്ടായിരുന്നില്ല.
ഇതിനിടയില്‍ തലച്ചോറിലെ ഒരുഭാഗത്ത് രക്തസ്രാവം കണ്ടെത്തുകയും ചെയ്തു. ഇതേതുടര്‍ന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. തിങ്കളാഴ്ച ഉച്ചയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. കൊച്ചിയിലെ ആശുപത്രിയില്‍നിന്നുള്ള റിപ്പോര്‍ട്ടില്‍ വാക്‌സിനേഷനുശേഷമുള്ള പ്രശ്‌നങ്ങളെന്ന് സൂചിപ്പിച്ചിട്ടുണ്ട്. ഏഴുവയസ്സുള്ള ദക്ഷിണ മകളാണ്. ദിവ്യ മുമ്പ് ഗള്‍ഫില്‍ നഴ്‌സായിരുന്നു. കോന്നി ളാക്കൂര്‍ ദിവ്യാസദനത്തില്‍ പരേതനായ രവീന്ദ്രന്‍നായരുടെയും സുശീലയുടെയും മകളാണ്. ശവസംസ്‌കാരം ബുധനാഴ്ച രണ്ടിന് വീട്ടുവളപ്പില്‍.
Leave a Reply