ന്യൂസ് ഡെസ്ക് , മലയാളം യുകെ
ലണ്ടൻ : ക്രിസ്മസ് നാളുകളിൽ കൂടുതൽ സാമൂഹിക സമ്പർക്കം ഉണ്ടാകുന്നതിനെക്കുറിച്ച് പൊതുജനങ്ങൾ വളരെയധികം ശ്രദ്ധിക്കണമെന്ന് എൻഎച്ച്എസ് മേധാവികൾ. ആഘോഷത്തിനായി ഒത്തുചേരുമ്പോൾ അവിടെ രോഗവ്യാപന സാധ്യതയും ഉയരും. താങ്ക്സ്ഗിവിംഗിനു ശേഷം യുഎസിൽ കേസുകളുടെയും മരണങ്ങളുടെയും എണ്ണം കുത്തനെ ഉയർന്നതായി എൻഎച്ച്എസ് പ്രൊവൈഡേഴ്‌സിന്റെ തലവൻ ക്രിസ് ഹോപ്‌സൺ ചൂണ്ടിക്കാട്ടി. ജനുവരിയിൽ രോഗികളുടെ എണ്ണം ഉയരാൻ സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. എന്നാൽ ക്രിസ്മസിന് കോവിഡ് നിയമങ്ങളിൽ അഞ്ച് ദിവസത്തെ ഇളവ് പൊതുജനങ്ങൾക്ക് ആവശ്യമാണെന്ന് ഡൊമിനിക് റാബ് പറഞ്ഞു. അതേസമയം, വർഷാവസാനത്തോടെ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി വാക്സിൻ പുറത്തിറക്കാനുള്ള സാധ്യത വളരെ ഉയർന്നതാണെന്ന് വാക്സിൻ ആർക്കിടെക്റ്റ് പ്രൊഫ. സാറാ ഗിൽബെർട്ട് അറിയിച്ചു.
ഡിസംബർ 23 നും 27 നും ഇടയിൽ, യുകെയിലുടനീളം കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നുണ്ട്. എന്നാൽ അന്നേരത്തെ അപകടസാധ്യതകളെക്കുറിച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇംഗ്ലണ്ടിലെ ഹോസ്പിറ്റൽ ട്രസ്റ്റുകളെ പ്രതിനിധീകരിക്കുന്ന എൻഎച്ച്എസ് പ്രൊവൈഡേഴ്സ് പ്രധാനമന്ത്രിക്ക് കത്തെഴുതി. ഡിസംബർ, ജനുവരി, ഫെബ്രുവരി മാസങ്ങളിൽ രോഗികളെ ചികിത്സിക്കാനുള്ള എൻഎച്ച്എസിന്റെ കഴിവിനെക്കുറിച്ച് തങ്ങൾ ആശങ്കാകുലരാണെന്ന് ഹോപ്സൺ പറഞ്ഞു. അതേ സമയം ലണ്ടൻ, എസെക്സ്, കെന്റ്, ലിങ്കൺഷെയർ എന്നിവിടങ്ങളിൽ കേസുകൾ വർദ്ധിച്ചുവരികയാണ് അദ്ദേഹം മുന്നറിയിപ്പ് നൽകി.
എന്നാൽ ക്രിസ്മസ് നിയമങ്ങളിൽ ഇളവ് വരുത്തുന്നതിനെക്കുറിച്ച് സർക്കാർ അവലോകനം നടത്താനുള്ള സാധ്യത വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് തള്ളിക്കളഞ്ഞു. ഈ ഇളവുകൾ, വർഷത്തിലെ ഏറ്റവും തിരക്കേറിയ സമയത്ത് വൈറസിന്റെ മൂന്നാമത്തെ തരംഗത്തിന് കാരണമാകുമെന്ന് എൻഎച്ച്എസ് അധികാരികൾ മുന്നറിയിപ്പ് നൽകി. പ്രതിദിനം ഇരുപതിനായിരത്തിലേറെ കേസുകളാണ് രാജ്യത്ത് പുതുതായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്. മരണസംഖ്യയും വർധിച്ചുവരികയാണ്. ക്രിസ്മസിന് ശേഷം രോഗവ്യാപനം വലിയ രീതിയിൽ ഉണ്ടാവുമെന്ന ആശങ്കയിലാണ് ഇപ്പോൾ എൻഎച്ച്എസ് അധികാരികൾ.
Leave a Reply