ന്യൂഡൽഹി: ടെലി കമ്യൂണിക്കേഷൻ രംഗത്ത് കനത്ത നഷ്ടം നേരിട്ടതിനെ തുടർന്ന് അടച്ചുപൂട്ടേണ്ടി വന്ന റിലയൻസ് കമ്യൂണിക്കേഷൻസ് പാപ്പർ സ്യൂട്ട് ഫയൽ ചെയ്യാനൊരുങ്ങുന്നു. നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിന്റെ നിയമങ്ങൾ പ്രകാരം കമ്പനിയുടെ ബാധ്യതകൾ തീർക്കുന്നതിനുളള നടപടികൾ ബോർഡ് ഓഫ് ഡയറക്ടേർസ് സ്വീകരിച്ചതായാണ് കമ്പനി പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കിയത്.

ടെലികോം രംഗത്ത് നിന്ന് പൂർണമായി പിൻമാറി, റിയൽ എസ്റ്റേറ്റ് രംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിഞ്ഞ സെപ്റ്റംബറിൽ റിലയൻസ് കമ്യൂണിക്കേഷൻസ് തീരുമാനിച്ചിരുന്നു. ടെലികോം രംഗത്ത് വലിയ കടബാധ്യതയിൽ അകപ്പെട്ട റിലയൻസ് കമ്യൂണിക്കേഷൻസ് 2017 ജൂൺ 2-നാണ് പല പ്രോജക്ടുകളും അവസാനിപ്പിക്കാൻ തീരുമാനിച്ചത്.

എന്നാൽ 18 മാസം കഴിഞ്ഞിട്ടും ഒരു തരത്തിലും ലാഭമുണ്ടാകാതിരുന്നതിനെത്തുടർന്ന് കമ്പനി പാപ്പർ നടപടികളിലേക്ക് കടക്കാൻ തീരുമാനിക്കുകയാണെന്നാണ് ഇപ്പോൾ റിലയൻസ് കമ്യൂണിക്കേഷൻസ് വ്യക്തമാക്കുന്നത്.

പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎൽ ആധിപത്യത്തോടെ നിലനിന്നിരുന്ന ടെലികോം രംഗത്ത് നിരക്കുകൾ ഗണ്യമായി കുറച്ച് വിപ്ലവമുണ്ടാക്കിയാണ് റിലയൻസ് കമ്യൂണിക്കേഷൻസ് സ്വാധീനം നേടിയത്. പക്ഷെ കൂടുതൽ കമ്പനികൾ മത്സരരംഗത്ത് വന്നതോടെ റിലയൻസിന് ചുവടുതെറ്റി. പിന്നീട് കടക്കെണിയിലേക്ക് കൂപ്പുകുത്തിയ കമ്പനി ഇപ്പോൾ റിലയൻസ് ജിയോയ്ക്ക് പല ഉപകരണങ്ങളും കൈമാറി രക്ഷപ്പെടാനുളള ശ്രമത്തിലാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ