ഈജിപ്തില്‍ ആയിരത്തിലധികം വര്‍ഷങ്ങള്‍ പഴക്കമുള്ള മമ്മികള്‍ കണ്ടെത്തുന്നത് സര്‍വ സാധാരണമായ കാര്യമാണ്. ഈജിപ്ത് അറിയപ്പെടുന്നത് തന്നെ മമ്മികളുടെയും അവരുടെ ശവകുടീരങ്ങളുടെയും പേരിലാണല്ലോ. എന്നാല്‍ ഇത്തവണ ഈജിപ്തിലെ ഒരു പുരാവസ്തു മേഖലയില്‍ കണ്ടെത്തിയ മമ്മികള്‍ക്ക് ചില പ്രത്യേകതകളുണ്ടായിരുന്നു. എന്തെന്നാല്‍ സാധാരണ മമ്മികളില്‍ നിന്ന് വ്യത്യസ്തമായി ഇവരുടെ നാക്ക് സ്വര്‍ണത്തില്‍ പൊതിഞ്ഞതായിരുന്നു.

കെയ്‌റോയ്ക്ക് 220 കിലോമീറ്റര്‍ അകലെ തെക്കായി സ്ഥിതി ചെയ്യുന്ന എല്‍ ബഹ്നാസ എന്ന പുരാവസ്തു മേഖലയില്‍ നിന്നാണ് 2500 വര്‍ഷം പഴക്കം കല്‍പിക്കുന്ന മമ്മികള്‍ ലഭിച്ചത്‌. രണ്ട് പെട്ടികളിലായി അടക്കം ചെയ്ത പുരുഷന്റെയും സ്ത്രീയുടെയും മമ്മികളാണ് കണ്ടെത്തിയത്. ഇവരുടെ പെട്ടികളിലെ സ്വര്‍ണനാക്കുകള്‍ക്ക് പുറമെ ഒരു ചെറിയ നാക്ക് കൂടി കണ്ടെത്തിയിട്ടുണ്ട്. ഇത് മൂന്ന് വയസ്സുള്ള കുട്ടിയുടെ മൃതശരീരത്തിനൊപ്പമുള്ളതാണെന്നാണ് ഗവേഷകര്‍ അറിയിച്ചിരിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മരിച്ചുകഴിഞ്ഞാല്‍ ആത്മാവ് അധോലോകത്തെത്തുമെന്ന് വിശ്വസിച്ചിരുന്ന ഈജിപ്ഷ്യന്‍ ജനത അവിടെയെത്തിയാല്‍ മരണാനന്തര ജീവിതത്തിന്റെ ദേവതയായ ഒസിരിസുമായി ആത്മാവിന് സംസാരിക്കാനാണ് സ്വര്‍ണനാക്കുകള്‍ വച്ചിരുന്നതെന്ന് വിദഗ്ധര്‍ സംശയിക്കുന്നു. ഈജിപ്തില്‍ കണ്ടെടുത്ത മമ്മികള്‍ക്ക് സ്വര്‍ണനാക്കുകള്‍ കാണുന്നത് അപൂര്‍വ്വമാണ്.

സ്പാനിഷ് പുരാവസ്തു മിഷനാണ് ബഹ്നാസയില്‍ ഗവേഷണം നടത്തിയത്. മമ്മികള്‍ 525 ബിസി വരെ ഈജിപ്ത് ഭരിച്ച സെയ്റ്റ് സാമ്രാജ്യത്തിന്റെ കാലത്തുള്ളതാണെന്നാണ് പുരാവസ്തുവിദഗ്ധരുടെ നിഗമനം. പൂര്‍ണമായും അടച്ച് ബന്ധിച്ച നിലയിലാണ് പുരുഷമമ്മിയുടെ കല്ലറ കണ്ടെത്തിയത്. ഇത് തികച്ചും അപൂര്‍വ്വമാണെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. കല്ലറയ്ക്കുള്ളില്‍ നാല് ഭരണികളും ലോക്കറ്റുകളും അനേകം രൂപങ്ങളും ഉണ്ടായിരുന്നു. എന്നാല്‍ സ്ത്രീ മമ്മിയുടെ കല്ലറ അടുത്തകാലത്ത് തുറക്കപ്പെട്ടിരുന്നെന്നും അത്ര നല്ല നിലയിലല്ലായിരുന്നുവെന്നും ഗവേഷകര്‍ അറിയിച്ചിട്ടുണ്ട്.