ഇപ്പോൾ രാണു മൊണ്ടാലിന് പരിചയപ്പെടുത്തലുകള്‍ ആവശ്യമില്ല. റെയിൽവേസ്റ്റേഷന്റെ പ്ലാറ്റ്ഫോമിലിരുന്നു പാടിയ തെരുവുഗായികയിൽ നിന്നു രാജ്യം സ്നേഹിക്കുന്ന രാണുവിന്റെ വളർച്ച മിന്നൽ വേഗത്തിലായിരുന്നു. തെരുവിലെ ജീവിതത്തിൽ നിന്നു മോചിതയായി സിനിമയിലുൾപ്പടെ പാടി രാണു താരമായപ്പോൾ, ഉപേക്ഷിച്ചു പോയ അവരുടെ മകൾ മടങ്ങി വന്നതും ഇതിനിടെ വലിയ വാർത്തയായിരുന്നു. അമ്മയെ ഉപേക്ഷിച്ചു പോയി, പണവും പ്രശസ്തിയും നേടിയപ്പോൾ അന്വേഷിച്ചു വന്ന മകൾക്ക് വലിയ വിമർശനമാണ് നേരിടേണ്ടി വന്നത്.

എന്നാലിപ്പോള്‍ ആരോപണങ്ങള്‍ക്കെല്ലാം മറുപടിയുമായി രംഗത്തുവന്നിരിക്കുകയാണ് രാണുവിന്റെ മകൾ എലിസബത്ത് സതി റോയ്. അമ്മ റെയില്‍വെ സ്റ്റേഷനിലിരുന്ന് പാടുന്ന കാര്യം തനിക്ക് അറിയില്ലായിരുന്നുവെന്നും തനിക്ക് അമ്മയെ നിത്യവും സന്ദര്‍ശിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് കൊല്‍ക്കത്തയ്ക്കടുത്ത് ധര്‍മതലയില്‍ പോയപ്പോള്‍ അമ്മ ഒരു ബസ്സ്റ്റാന്‍ഡില്‍ യാതൊരു ലക്ഷ്യവുമില്ലാതെ ഇരിക്കുന്നത് കണ്ടിരുന്നുവെന്നും അന്ന് താന്‍ 200 രൂപ നല്‍കി വീട്ടില്‍ പോകാന്‍ ആവശ്യപ്പെടുകയാണ് ഉണ്ടായതെന്നും എലിസബത്ത് സതി റോയ് പറയുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

‘‘കഴിയുമ്പോഴെല്ലാം അമ്മയ്ക്കുവേണ്ടി അമ്മാവന്റെ അക്കൗണ്ടിലേയ്ക്ക് 500 രൂപ അയച്ചു കൊടുക്കാറുണ്ട്. ഞാന്‍ ഇപ്പോൾ ഭര്‍ത്താവുമായി പിരിഞ്ഞ്, ഒരു ചെറിയ കട നടത്തിയാണ് ജീവിക്കുന്നത്. ഒരു മകനുണ്ട്. വിവാഹം കഴിഞ്ഞപ്പോള്‍ കൂട്ടുകുടുംബത്തിലായിരുന്നു താമസം. അതിനാൽ അമ്മയെ ഒപ്പം കൂട്ടാന്‍ കഴിയുമായിരുന്നില്ല. മാറി താമസിച്ചപ്പോൾ അമ്മയെ കൂടെ കൂട്ടാന്‍ ശ്രമിച്ചു. പക്ഷേ, അമ്മ സമ്മതിച്ചില്ല. ഇതൊന്നും അറിയാതെയാണ് ആളുകള്‍ എന്നെ കുറ്റപ്പെടുത്തുന്നത്. ആളുകള്‍ ഇപ്പോള്‍ എനിക്കെതിരാണ്. ഞാന്‍ ഇനി എവിടെ പോകും’’-എലിസബത്ത് ചോദിക്കുന്നു. രാണുവിനെ പരിചരിക്കുന്ന ക്ലബിലെ ഭാരവാഹികള്‍ തന്നെ ഭീഷണിപ്പെടുത്തുകയാണെന്നും അമ്മയെ സന്ദര്‍ശിക്കാൻ അനുവദിക്കുന്നില്ലെന്നും അമ്മയെ കാണാൻ ശ്രമിച്ചാല്‍ കാല്‍ തല്ലിയൊടിക്കുമെന്നാണ് അവരുടെ ഭീഷണിയെന്നും അവർ പറയുന്നു.

‘‘ഇപ്പോള്‍ അമ്മയെ എനിക്കെതിരേ തിരിക്കാനാണ് ശ്രമം. അവര്‍ അമ്മയെ വച്ച് പണമുണ്ടാക്കാന്‍ ശ്രമിക്കുന്നു. അമ്മയുടെ അക്കൗണ്ടില്‍ നിന്ന് പതിനായിരം രൂപ പിന്‍വലിച്ചു. എന്നാല്‍, അമ്മയ്ക്കുവേണ്ടി ഒന്നും വാങ്ങിയതായി കാണുന്നില്ല. അമ്മയ്ക്ക് ദോഷമുണ്ടാകരുതെന്ന് കരുതിയാണ് ഞാന്‍ ഇപ്പോള്‍ ഒന്നും ചെയ്യാത്തത്. സംഗീതത്തിലുള്ള അവരുടെ ശ്രദ്ധ നഷ്ടപ്പെടരുതെന്നുണ്ട്’’.–സതി പറഞ്ഞു. രണ്ട് വിവാഹം കഴിച്ചിട്ടുണ്ട് രാണു. ഇതില്‍ ആദ്യ ഭര്‍ത്താവായ ബാബു മൊണ്ടാലിന്റെ മകളാണ് സതി. ഈ വിവാഹത്തില്‍ ഒരു ആണ്‍കുട്ടി കൂടിയുണ്ട്. രണ്ടാമത്തെ വിവാഹത്തില്‍ രണ്ട് മക്കള്‍ കൂടിയുണ്ട്.