കൊറോണ വ്യാപനത്തെ തുടര്‍ന്ന് ദക്ഷിണ കൊറിയയില്‍ നിര്‍ത്തിവെച്ചിരുന്ന ഫുട്‌ബോള്‍ മത്സരങ്ങള്‍ കഴിഞ്ഞ ദിവസമാണ് പുനരാരംഭിച്ചത്. അടച്ചിട്ട സ്‌റ്റേഡിയത്തില്‍ കാണികള്‍ക്ക് പകരം പാവകളെ അണിനിരത്തിയ ദക്ഷിണ കൊറിയന്‍ ക്ലബ്ബ് എഫ്‌സി സോളിന്റെ നടപടി ഇപ്പോള്‍ വിവാദത്തിലായിരിക്കുകയാണ്. ക്ലബ് ഗാലറികളില്‍ ക്രമീകരിച്ച ബൊമ്മകളില്‍ ചിലത് സെക്‌സ് ഡോളുകള്‍ ആയതോടെയാണ് എഫ്‌സി സോള്‍ പുലിവാല് പിടിച്ചത്. ഇതോടെ ആരാധകരോട് മാപ്പ് പറഞ്ഞ് ക്ലബ്ബ് അധികൃതര്‍ രംഗത്തെത്തി. പാവകള്‍ വിതരണക്കാരനുമായുണ്ടായ തെറ്റിദ്ധാരണയുടെ പുറത്ത് വന്നതാണെന്നും ആരാധകരോട് ക്ഷമ ചോദിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നതായും എഫ്സി സിയോള്‍ ഇന്‍സ്റ്റാഗ്രാമില്‍ പ്രസ്താവനയില്‍ പറഞ്ഞു. ‘ഈ ദുഷ്‌കരമായ സമയങ്ങളില്‍ ലഘുവായ എന്തെങ്കിലും ചെയ്യുക എന്നതായിരുന്നു ഞങ്ങളുടെ ഉദ്ദേശ്യം. ഇതുപോലൊന്ന് ഇനി ഒരിക്കലും സംഭവിക്കാതിരിക്കാന്‍ ശ്രദ്ധിക്കുമെന്നും ക്ലബ് അധികൃതര്‍ പറഞ്ഞു.

കളിക്കാരുടെ വലിയ കട്ടൗട്ടുകള്‍ക്ക് മുന്നിലായി പത്തോളം ബൊമ്മകള്‍ ഇരിക്കുന്ന ചിത്രമാണ് പുറത്തുവന്നത്. എന്നാല്‍ ഇതില്‍ ചില ബൊമ്മകള്‍ സെക്‌സ് ഡോളുകളാണെന്ന് ആരാധകര്‍ കണ്ടെത്തുകയായിരുന്നു. ഇതോടെ സംഭവം വിവാദമായി. ബൊമ്മകള്‍ വിതരണം ചെയ്ത കമ്പനിക്ക് തെറ്റുപറ്റിയതാണെന്നും സാധാരണ ബൊമ്മകള്‍ക്കൊപ്പം സെക്‌സ് ഡോളുകള്‍ ഉള്‍പ്പെട്ടുപോവുകയായിരുന്നുവെന്നും ക്ലബ് പിന്നീട് വ്യക്തമാക്കുകയായിരുന്നു. ‘ഞങ്ങള്‍ ആരാധകരോട് മാപ്പ് ചോദിക്കുകയാണ്. ഈ പ്രതിസന്ധി ഘട്ടത്തില്‍ മനസ്സിന് കുളിര്‍മ നല്‍കുന്ന എന്തെങ്കിലും കാര്യങ്ങള്‍ ചെയ്യണമെന്ന് മാത്രമേ ഞങ്ങള്‍ ഉദ്ദേശിച്ചിരുന്നുള്ളു. അതിനാലാണ് കാണികള്‍ക്ക് പകരം ബൊമ്മകളെ ഗാലറികളിലെ സീറ്റില്‍ ഇരുത്തിയത്. എന്നാല്‍ ഇത് ഇങ്ങനെ അബദ്ധമാകുമെന്ന് കരുതിയില്ലെന്നാണ് ക്ലബ് അധികൃതരുടെ വിശദീകരണം.

കൊറോണ വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന ഫുട്‌ബോള്‍ മത്സരങ്ങള്‍ ദക്ഷിണ കൊറിയയില്‍ കഴിഞ്ഞ ദിവസമാണ് പുനരാരംഭിച്ചത്. കെ-ലീഗില്‍ നിലവിലെ ചാമ്പ്യന്‍മാരായ ജോന്‍ബക് മോട്ടോഴ്‌സും സുവോണ്‍ ബ്ലൂവിങ്‌സും തമ്മില്‍ നടന്ന മത്സരത്തില്‍ ജോന്‍ബക് എതിരില്ലാത്ത ഒരു ഗോളിന് വിജയിച്ചു. 2002 ലോകകപ്പിനായി നിര്‍മിച്ച സ്റ്റേഡിയത്തില്‍ കാണികളില്ലാതെയാണ് മത്സരം നടന്നത്. നിലവില്‍ ഫുട്‌ബോള്‍ മത്സരങ്ങളൊന്നും നടക്കാത്തതിനാല്‍ 10 രാജ്യങ്ങളിലാണ് കെ-ലീഗ് തത്സമയ സംപ്രേഷണം ചെയ്യുന്നത്. കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് കായിക മത്സരങ്ങള്‍ പുനരാരംഭിച്ച ആദ്യത്തെ പ്രധാന ഫുട്‌ബോള്‍ ലീഗാണ് കൊറിയന്‍ ലീഗ്.