വെള്ളച്ചാട്ടം കാണാന്‍ അധികൃതരുടെ കണ്ണ് വെട്ടിച്ച്‌ കാട് കയറിയ മൂന്ന് സ്ത്രീകൾ ഉൾപ്പെട്ട നാൽവർ സംഘം വനത്തിനുള്ളിൽ കുടുങ്ങി. വനത്തിൽ നിന്ന് തിരിച്ചിറങ്ങാനുള്ള വഴിയറിയാതെ ഒരു രാത്രി മുഴുവന്‍ കുടുങ്ങിയവരെ ഒടുവിൽ ഫോറസ്റ്റും പൊലീസും ഫയർഫോഴ്സും ചേർന്നാണ് രക്ഷിച്ചത്. തിങ്കളാഴ്ച രാവിലെയാണ്‌ സ്ത്രീകളും കുട്ടികളും അടങ്ങുന്ന നാലംഗ സംഘം വനത്തിനുള്ളിലേക്കു കയറിയത്‌. ഭവിയോള(40), സിന്ധു(35), സൗമ്യ(16), ദില്‍ഷാദ്‌(17) എന്നിവരാണ്‌ വനത്തിനുള്ളില്‍ അകപ്പെട്ടത്‌. നാലുപേരെയും വിതുര അഗ്നിരക്ഷാസേനയും പൊലീസും വനംവകുപ്പ്‌ അധികൃതരും ചേര്‍ന്ന്‌ ചൊവ്വാഴ്ച രാത്രി 11.30 ഓടെ രക്ഷിക്കുകയായിരുന്നു.

വാഴ്‌വാന്‍തോള്‍ വെള്ളച്ചാട്ടം കാണണമെന്ന് ആവശ്യപ്പെട്ടാണ് ഇവർ എത്തിയത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ്‌ സംഘം ബോണക്കാട്‌ റോഡിലുള്ള കാണിത്തടത്തെ വനംവകുപ്പിൻ്റെ ചെക്‌പോസ്റ്റിലെത്തിയതെന്നാണ് വിവരം. വാഴ്‌വാന്‍തോള്‍ വെള്ളച്ചാട്ടത്തിലേക്കു പോകണമെന്ന്‌ ഡ്യുട്ടിയിലുള്ള ഫോറസ്റ്റ് ഓഫീസർമാരോട് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ പ്രവേശനം കഴിഞ്ഞെന്നും പാസുണ്ടെങ്കില്‍ മാത്രമേ കയറ്റിവിടുകയുള്ളൂവെന്നും ചെക്‌പോസ്റ്റിലെ ജീവനക്കാര്‍ ഇവരെ അറിയിച്ചു. ഇതോടെ ഇവര്‍ തിരിച്ചുപോകുകയായിരുന്നു. എന്നാൽ ഇവർ മറ്റൊരു വഴിയിലൂടെ വനത്തിനുള്ളിലേക്ക് പ്രവേശിക്കുകയായിരുന്നു എന്നാണ് വിവരം.

തിരിച്ചിറങ്ങാനുള്ള വഴിയറിയാതെ വനത്തിനുള്ളിൽ ഒരു രാത്രി മുഴുവൻ ഇവർക്ക് കഴിയേണ്ടിവന്നു. എന്നാൽ ഇവർ എന്തിനാണ് വനത്തിനുള്ളിലേക്ക് കയറിയതെന്നും രാത്രിമുഴുവൻ എങ്ങനെയാണ് കഴിച്ചുകൂട്ടിയതെന്നും ഇതുവരെ വ്യക്തമാക്കിയിട്ടില്ല. സന്ധ്യയായതോടെ തിരിച്ചുപോകാന്‍ ഇവര്‍ക്ക്‌ വഴി അറിയാതെയായെന്നും ഇതോടെ രാത്രിയില്‍ വനത്തില്‍ കഴിച്ചുകൂട്ടിയെന്നാണ്‌ ഇവര്‍ പോലീസിനോടു പറഞ്ഞിരിക്കുന്നത്. രാവിലെ വനത്തിനുള്ളിലൂടെ രക്ഷതേടി നടന്നെങ്കിലും ഫലമില്ലാതെ വന്നതോടെയാണ്‌ പൊലീസിൻ്റെ സഹായം തേടിയതെന്നും ഇവർ പറയുന്നു.

ചൊവ്വാഴ്ച വൈകീട്ട്‌ ആറുമണിയോടെയാണ് പൊലീസിൻ്റെ സഹായം തേടി ഇവരുടെ വിളി വരുന്നത്. ഉടന്‍ പൊലീസും അഗ്നിരക്ഷാസേനയും വനംവകുപ്പ്‌ അധികൃതരും ചേര്‍ന്ന്‌ രണ്ടു ടീമുകളായി തിരിഞ്ഞ്‌ തിരച്ചില്‍ ആരംഭിക്കുകയായിരുന്നു. ഒരു ടീം കാണിത്തടത്തുനിന്നും മറ്റൊരു ടീം ബോണക്കാട്‌ നിന്നുമാണ് തിരച്ചില്‍ ആരംഭിച്ചത്. ഒടുവില്‍ വനത്തില്‍ അകപ്പെട്ട ദില്‍ഷാദ്‌ പൊലീസിൻ്റെ ലോക്കേഷന്‍ മാപ്പ്‌ തിരച്ചില്‍ സംഘത്തിന് അയച്ചുകൊടുക്കുകയായിരുന്നു. ഈ ലൊക്കേഷൻ മാപ്പ് അടിസ്ഥാനമാക്കി അധികൃതര്‍ നടത്തിയ പരിശോധനയിലാണ്‌ ഉള്‍വനത്തില്‍നിന്നു നാൽവർ സംഘത്തെ കണ്ടെത്തിയത്.

സംഘം കണ്ടെത്തിയ നാൽവർ സംഘത്തിനെ തിരിച്ചു കൊണ്ടുവരുന്ന കാര്യം ബുദ്ധിമുട്ടായിരുന്നു എന്നാണ് ഫോറസ്റ്റുകാർ പറയുന്നത്. വടം ഉപയോഗിച്ച്‌ വളരെ കഷ്ടപ്പെട്ടാണ്‌ ഇവരെ തിരിച്ചിറക്കിയത് എന്നാണ് വിവരം. തുടര്‍ന്ന്‌ ഇവരെ വിതുര ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. അതേസമയം ഇവര്‍ പറയുന്നതില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്നാണ് പേപ്പാറ റിസർവോയറിലെ അസിസ്റ്റൻ്റ് വെെൽഡ് ലെെഫ് വാർഡൻ പറയുന്നത്. ഇക്കാര്യത്തിൽ കൂടുതല്‍ ചോദ്യംചെയ്യൽ ആവശ്യമാണെന്നും ഫോറസ്റ്റ് വ്യക്തമാക്കുന്നു.

കാടിനുള്ളിൽ കയറിയ സംഘത്തിലെ രണ്ടുപേർ അമ്മയും മകളുമാണെന്ന് ഫോറസ്റ്റ് വ്യക്തമാക്കി. മുന്നാമത്തെ സ്ത്രീ ഇവരുടെ ബന്ധുവെന്നാണ് പറയുന്നത്. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണം ആവശ്യമാണെന്നും അവർ പറഞ്ഞു. ആൺകുട്ടി ഇവരുമായി ബന്ധമില്ലാത്ത ഒരാളാണെന്നും, പയ്യന് ബന്ധുക്കളില്ലെന്നുമാണ് പുറത്തു വരുന്ന വിവരം. ഇവർ തമ്മിൽ എങ്ങനെയാണ് ഒരുമിച്ചു കൂടിയതെന്ന കാര്യത്തിൽ വ്യക്തത വരാനുണ്ടെന്നും വനംവകുപ്പ് പറയുന്നു. മറ്റെന്തെങ്കിലും ഉദ്ദേശ്യ ലക്ഷ്യങ്ങൾ ഈ സംഘത്തിനുണ്ടായിരുന്നോ എന്ന കാര്യം ചോദ്യം ചെയ്യലിനു ശേഷം മാത്രമേ വ്യക്തമാകുകയുള്ളുവെന്നും പേപ്പാറ റിസർവോയറിലെ അസിസ്റ്റൻ്റ് വെെൽഡ് ലെെഫ് വാർഡൻ ഇന്ത്യാടുഡേയോട് വ്യക്തമാക്കി.