ന്യൂസ് ഡെസ്ക്, മലയാളം യുകെ
സോൾ ഹൗസ് എന്ന് അറിയപ്പെടുന്ന ഒരു പുരാതന ഈജിപ്ഷ്യൻ കളിമൺ മാതൃകയിൽ 4,000 വർഷം പഴക്കമുള്ള ഒരു അപൂർവ്വ കൈമുദ്ര കണ്ടെത്തി കേംബ്രിഡ്ജ് സർവകലാശാലയിലെ ഗവേഷകർ. ഏകദേശം 2055 മുതൽ 1650 ബിസി കാലയളവിലെ എന്ന് കരുതപ്പെടുന്ന ഈ കൈമുദ്ര കളിമണ്ണ് ഉണങ്ങുന്നതിന് മുമ്പ് കുശവൻ ഉപേക്ഷിച്ചതാകാമെന്നാണ് ഗവേഷകർ വിശ്വസിക്കുന്നത്. ഒക്ടോബർ 3 ന് ആരംഭിക്കുന്ന ഫിറ്റ്‌സ്‌വില്യം മ്യൂസിയത്തിൽ നടക്കുന്ന ‘മെയിഡ് ഇൻ ഈജിപ്‌ത്’ എന്ന പ്രദർശനത്തിനുള്ള ഒരുക്കങ്ങൾക്കിടെയാണ് ഈ കണ്ടെത്തൽ.
സോൾ ഹൗസസ് കെട്ടിടങ്ങളുടെ ആകൃതിയിലുള്ള കളിമൺ മാതൃകകളാണ്. ശവകുടീരങ്ങളിൽ അർപ്പണ ട്രേകളായോ മരിച്ചവരുടെ ആത്മാക്കൾക്കുള്ള പ്രതീകാത്മക ഭവനങ്ങളായോ ഇവ ഉപയോഗിച്ചിരുന്നു. പുരാതന ഈജിപ്ഷ്യൻ കലാസൃഷ്ടികളിൽ ചിലപ്പോൾ വിരലടയാളങ്ങൾ കാണാറുണ്ടെങ്കിലും ഈ കാലഘട്ടത്തിലെ ആദ്യത്തെ പൂർണ്ണമായ കൈയടയാളമാണിതെന്ന് ഗവേഷകർ പറയുന്നു.
പുരാതന ഈജിപ്ഷ്യൻ കലാരൂപങ്ങളുടെ പലപ്പോഴും അവഗണിക്കപ്പെടുന്ന നിർമ്മാതാക്കളിലാണ് പ്രദർശനം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പുരാതന ഈജിപ്തിൽ മൺപാത്രങ്ങൾ സാധാരണയായി ഉപയോഗിച്ചിരുന്നു. ഇതിൽ നിരവധി സെറാമിക് വസ്തുക്കൾ പിന്നീട് കണ്ടെത്തിയെങ്കിലും ഇവ നിർമ്മിച്ചവരെ കുറിച്ചുള്ള വിവരങ്ങൾ വളരെ കുറവാണ്. ടീച്ചിങ് ഓഫ് ഖെറ്റ് എന്നറിയപ്പെടുന്ന പുസ്‌തകത്തിൽ കുശവന്മാരെ പന്നികളുമായി ആണ് താരതമ്യം ചെയ്‌തിരിക്കുന്നത്. ഇതുമൂലം ജോലിയുടെ സ്വഭാവം കാരണം അവർക്ക് താഴ്ന്ന സാമൂഹിക പദവി ഉണ്ടായിരുന്നുവെന്നാണ് ഗവേഷകർ പറയുന്നത്.
Leave a Reply