ന്യൂസ് ഡെസ്ക് , മലയാളം യുകെ

ലണ്ടൻ : ബ്രിട്ടനിലെ പ്രതിദിന കോവിഡ് മരണങ്ങൾ പ്രീ-ലോക്ക്ഡൗൺ നിലയിലേക്ക് കുറയുന്നു. മാർച്ച്‌ 23ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ മരണസംഖ്യയാണ് ഇന്നലത്തേത്. 55 മരണങ്ങൾ മാത്രമാണ് ഇന്നലെ രാജ്യത്ത് റിപ്പോർട്ട്‌ ചെയ്തത്. തുടർച്ചയായ രണ്ടാം ദിനത്തിലും സ്കോട് ലൻഡിലും നോർത്തേൺ അയർലൻഡിലും മരണങ്ങൾ ഒന്നുംതന്നെ രേഖപ്പെടുത്തിയില്ല. പുതിയ കേസുകളുടെ എണ്ണത്തിലും ഉണ്ടായ കുറവ് ആശ്വാസം പകരുന്നു.  1205 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ലോക്ക്ഡൗൺ ആരംഭിച്ച മാർച്ച്‌ 23ന് രാജ്യത്തെ കോവിഡ് മരണങ്ങൾ 74 ആയിരുന്നു. ലണ്ടൻ ആശുപത്രികളിൽ നിന്ന് തുടർച്ചയായ രണ്ടാം ദിവസവും പുതിയ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നിരുന്നാലും, വാരാന്ത്യത്തിൽ മരണമടഞ്ഞ കുറച്ചാളുകൾ ഉണ്ടെന്നും അടുത്ത ദിവസങ്ങളിൽ അവരെ കണക്കുകളിൽ ഉൾപ്പെടുത്തുമെന്നും എൻഎച്ച്എസ് ഇംഗ്ലണ്ട് പറഞ്ഞു. വൈറസ് പുനരുൽപ്പാദിപ്പിക്കുന്ന നിരക്ക് രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളിലും ഒന്നിൽ താഴെയാണെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് പറഞ്ഞു. വൈകല്യമുള്ള മുതിർന്നവരെ പരിപാലിക്കുന്ന 6,000 കെയർ ഹോമുകളിലെ എല്ലാ സ്റ്റാഫുകൾക്കും താമസക്കാർക്കും കൊറോണ വൈറസ് പരിശോധനകൾ ലഭ്യമാക്കുമെന്ന് ഹാൻ‌കോക്ക് അറിയിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അതേസമയം രാജ്യത്തെ അരലക്ഷത്തോളം ജീവനുകളെ മരണത്തിൽ നിന്നും രക്ഷിച്ചത് ‘ലോക്ക്ഡൗൺ’ എന്ന് ഗവേഷകർ വിലയിരുത്തി. കൊറോണ വൈറസിന്റെ രണ്ടാം വ്യാപനത്തെ തടയാൻ മുൻകരുതലുകൾ ആവശ്യമാണെന്ന് അവർ മുന്നറിയിപ്പ് നൽകി. പകർച്ചവ്യാധിയുടെ തുടക്കം മുതൽ മെയ് 4 വരെ യുകെയിൽ 29,000 മരണങ്ങൾ ഉണ്ടാകുമെന്ന് ലണ്ടനിലെ ഇംപീരിയൽ കോളേജിലെ ഗവേഷകർ പ്രവചിച്ചിരുന്നു; യഥാർത്ഥ കണക്ക് 28,374 ആണ്. 11 യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള വിവരങ്ങൾ ഉൾപ്പെടുന്ന പഠനത്തിൽ കോവിഡ് -19 ന്റെ വ്യാപനം കുറയ്ക്കുന്നതിൽ ലോക്ക്ഡൗണുകൾ കാര്യമായ സ്വാധീനം ചെലുത്തിയെന്ന് കണ്ടെത്തി. ബ്രിട്ടനിൽ ലോക്ക്ഡൗണിന്റെ ഫലമായി 470,000 മരണങ്ങൾ മെയ് 4 വരെ ഒഴിവാക്കപ്പെട്ടുവെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

മറ്റ് രാജ്യങ്ങളിലാകെമൊത്തം 3 ദശലക്ഷത്തിലധികം ജീവൻ രക്ഷിക്കപ്പെട്ടുവെന്ന് അവർ വിശ്വസിക്കുന്നു. മാർച്ച് 2 നും മാർച്ച് 29 നും ഇടയിൽ മിക്ക യൂറോപ്യൻ രാജ്യങ്ങളും ലോക്ക്ഡൗൺ നടപടി സ്വീകരിച്ചു. യുകെ മാർച്ച് 23 മുതൽ ലോക്ക്ഡൗൺ നടപ്പിലാക്കിയിരുന്നു. യുകെ ഇപ്പോൾ ലോക്ക്ഡൗൺ ലഘൂകരിക്കാനുള്ള ശ്രമത്തിലാണ്. പക്ഷേ ഇപ്പോഴും രോഗം  ഒരു  ഭീഷണിയായി
നിലനിൽക്കുന്നെന്നും  എല്ലാ  നടപടികളും  ഉപേക്ഷിച്ചാൽ  രണ്ടാം ഘട്ട വ്യാപനത്തിന്റെ അപകടസാധ്യത വളരെ കുടുതലായിരിക്കുമെന്നും ഗവേഷകർ പറയുന്നു. യുകെ, ഓസ്ട്രിയ, ബെൽജിയം, ഡെൻമാർക്ക്, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, നോർവേ, സ്പെയിൻ, സ്വീഡൻ, സ്വിറ്റ്സർലൻഡ് എന്നീ 11 രാജ്യങ്ങളിലായി 12 മുതൽ 15 ദശലക്ഷം വരെ ആളുകൾക്ക് കോവിഡ് -19 ബാധിച്ചതായി ഗവേഷകർ വിലയിരുത്തി. അതായത് ജനസംഖ്യയുടെ 3.2% മുതൽ 4.0% വരെ. പ്രതിരോധ നടപടികൾ മൂലം പകർച്ചവ്യാധിയുടെ തുടക്കം മുതൽ 11 രാജ്യങ്ങളിലായി 3.1 ദശലക്ഷം മരണങ്ങൾ ഒഴിവായതായി ഗവേഷകർ കണക്കാക്കി.