ന്യൂഡൽഹി: വിദേശ സംഭാവന നിയന്ത്രണ നിയമ (എഫ്‌സിആർഎ) ഭേദഗതി ബിൽ–2026 പരിശോധിക്കുന്നതിനായി 31 അംഗ സംയുക്ത പാർലമെന്ററി സമിതിക്ക് (ജെപിസി) വിടാനുള്ള പ്രമേയം ലോക്സഭ പാസാക്കി. ബിൽ പൂർണമായും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ശക്തമായ പ്രതിഷേധം ഉയർത്തുന്നതിനിടെയായിരുന്നു നടപടി. ന്യൂനപക്ഷ സ്ഥാപനങ്ങളെ ലക്ഷ്യമിട്ടുള്ളതാണ് ബില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു.

ബുധനാഴ്ച ഉച്ചയ്ക്ക് സഭ വീണ്ടും സമ്മേളിക്കുന്നതിന് തൊട്ടുമുമ്പാണ് ജെപിസിക്ക് ബിൽ വിടുന്ന പ്രമേയം ലോക്സഭയുടെ കാര്യപട്ടികയിൽ ഉൾപ്പെടുത്തിയത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രമേയം അവതരിപ്പിക്കുമെന്നായിരുന്നു പട്ടികയിൽ ഉണ്ടായിരുന്നത്. എന്നാൽ ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായിയാണ് പ്രമേയം സഭയിൽ അവതരിപ്പിച്ചത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഭേദഗതി ബിൽ വിശദമായി പരിശോധിച്ച ശേഷം ജെപിസി ശീതകാല പാർലമെന്റ് സമ്മേളനത്തിന്റെ ആദ്യവാരത്തിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം. ബില്ലിനെതിരെ വിവിധ സംസ്ഥാനങ്ങളിലെ ക്രൈസ്തവ സംഘടനകളും ചില രാഷ്ട്രീയ കക്ഷികളും നേരത്തെ തന്നെ ആശങ്ക പ്രകടിപ്പിച്ചിരുന്നു.

എഫ്‌സിആർഎ രജിസ്ട്രേഷനുള്ള ക്രൈസ്തവ സഭകൾ, രൂപതകൾ, വിദ്യാഭ്യാസ-ആരോഗ്യ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ എന്നിവയ്ക്കാണ് ഭേദഗതി ബിൽ കൂടുതൽ ബാധകമാകാൻ സാധ്യതയെന്ന് വിലയിരുത്തപ്പെടുന്നു. വിദേശ സഹായധനം ഉപയോഗിച്ച് നിർമ്മിച്ച സ്വത്തുക്കൾ രജിസ്ട്രേഷൻ റദ്ദാക്കപ്പെടുകയോ പുതുക്കാതിരിക്കുകയോ ചെയ്താൽ സർക്കാർ നിയോഗിക്കുന്ന അതോറിറ്റിയുടെ നിയന്ത്രണത്തിലാകുമെന്ന വ്യവസ്ഥയാണ് പ്രധാന ആശങ്ക. വിദ്യാഭ്യാസം, ആരോഗ്യ സേവനം, ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന ക്രൈസ്തവ സംഘടനകൾക്ക് ഇത് ഭരണപരവും സാമ്പത്തികവുമായ വെല്ലുവിളികൾ സൃഷ്ടിക്കുമെന്ന ആശങ്ക വിവിധ സഭാ സംഘടനകൾ ഉയർത്തിയിട്ടുണ്ട്. അതേസമയം, ഭേദഗതികൾ ഒരു പ്രത്യേക മതവിഭാഗത്തെ ലക്ഷ്യമിട്ടുള്ളതല്ലെന്നും വിദേശ ഫണ്ടുകളുടെ ഉപയോഗത്തിൽ കൂടുതൽ സുതാര്യത ഉറപ്പാക്കാനാണ് ലക്ഷ്യമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നു.