‘എന്തെന്നാല്‍ ഭീരുത്വത്തിന്റെ ആലത്മാവിനെയല്ല ദൈവം നമ്മള്‍ക്ക് നല്‍കിയത്; ശക്തിയുടെയും, സ്‌നേഹത്തിന്റെയും, ആല്‍മ നിയന്ത്രണത്തിന്റെയും ആത്മാവിനെയാണ്’.
തിമോ-2:1-7 .

വിവേചനാശക്തിയുടെ ഉറവിടവും, സത്യ-നന്മകളില്‍ സധൈര്യം മുന്നേറുവാനുള്ള ആല്മ ശക്തിയുമായ പരിശുദ്ധാത്മാവിന്റെ കൃപക്കായി ലോക പ്രശസ്ത തിരുവചന പ്രഘോഷകന്‍ ഫാ.സേവ്യര്‍ ഖാന്‍ വട്ടായി അച്ചന്‍ നയിക്കുന്ന അഭിഷേകാഗ്‌നി കണ്‍വെന്‍ഷനുകള്‍ക്കായി സഭാ മക്കള്‍ ആത്മീയ ഒരുക്കത്തില്‍. കണ്‍വെന്‍ഷന്റെ അനുഗ്രഹ സാഫല്യങ്ങള്‍ക്കും, ആദ്ധ്യാല്‍മിക വളര്‍ച്ചക്കായും അഭിവന്ദ്യനായ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ നേരിട്ടുള്ള നേതൃത്വത്തില്‍ നടത്തപ്പെടുന്ന കണ്‍വെന്‍ഷനുകളുടെ ഒരുക്കങ്ങള്‍ ആവേശപൂര്‍വ്വം മുന്നേറിക്കൊണ്ടിരിക്കുകയാണ്.

യേശുവിന്റെ സ്വര്‍ഗ്ഗാരോഹണത്തിനു ശേഷം ദൈവീക അടയാളങ്ങള്‍ക്കായുള്ള കാത്തിരിപ്പില്‍ പരിശുദ്ധ അമ്മയും ശിഷ്യരും ധ്യാനത്തില്‍ മുഴുകിയിരിക്കവേ, വാഗ്ദത്ത പരിശുദ്ധാത്മാവിനെ അവരിലേക്കു അഭിഷേകം ചെയ്തപ്പോള്‍ ഉണ്ടായ അത്ഭുത ശക്തിയുടെ അലയടികള്‍ ബ്രിട്ടണില്‍ മുഴങ്ങുവാനും, രൂപതയിലുടനീളം നടത്തിക്കൊണ്ടിരിക്കുന്ന മദ്ധ്യസ്ഥ പ്രാര്‍ത്ഥനകള്‍ക്കുള്ള ഉത്തരങ്ങള്‍ ഓരോ കുടുംബങ്ങളുടെയും അകത്തളങ്ങളില്‍ വരെയെത്തി പൂര്‍ണ്ണതയോടെ നിറയുവാനുമായി, ആല്മീയവും മാനസികവുമായി ഒരുങ്ങികൊണ്ടു ധ്യാനങ്ങളില്‍ പങ്കാളികളാകുവാന്‍ അഭിവന്ദ്യ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് ഏവരോടും സാദരം അഭ്യര്‍ത്ഥിച്ചു കൊള്ളുന്നു.

പരിശുദ്ധാത്മ അനുഗ്രഹ ദാനങ്ങളുടെ അനര്‍ഗ്ഗളമായ പ്രവാഹത്തിന് സാക്ഷ്യം വഹിക്കുവാന്‍ വേദിയാവുക ലണ്ടനിലെ പ്രമുഖവും പ്രശസ്തവുമായ അല്ലിയന്‍സ് പാര്‍ക്കാവും. ലണ്ടന്‍ റീജിയണല്‍ കണ്‍വെന്‍ഷന്‍ ഒക്ടോബര്‍ 29 നു ഞായറാഴ്ച രാവിലെ 10:00 മണി മുതല്‍ വൈകുന്നേരം 6:00 വരെ ആണ് ക്രമീകരിച്ചിരിക്കുന്നത്.

പരിശുദ്ധാത്മ അഭിഷേകത്തിനും, തിരുവചന പ്രഘോഷങ്ങള്‍ക്കുമായി ടെലിവിഷന്‍, റേഡിയോ, പ്രസിദ്ധീകരണ, കണ്‍വെന്‍ഷന്‍ ഇതര മാദ്ധ്യമങ്ങളിലൂടെ സുവിശേഷവത്കരണം നടത്തുന്ന ലോക പ്രശസ്തരായ വചന പ്രഘോഷകരില്‍ ശ്രദ്ധേയനും, കേരളത്തിലെ നവീകരണ ശുശ്രുഷകളുടെ സിരാ കേന്ദ്രമായ അട്ടപ്പാടിയിലെ സെഹിയോന്‍ റിട്രീറ്റ് സെന്ററിന്റെ സ്ഥാപക ഡയറക്ടറും,സീറോ മലബാര്‍ സഭയുടെ പാലക്കാട് രൂപതയില്‍ നിന്നുള്ള തിരുവചനങ്ങളുടെ ഇഷ്ട തോഴനുമായ സേവ്യര്‍ ഖാന്‍ വട്ടായിലച്ചന്‍ ആണ് ലണ്ടന്‍ റീജിയണല്‍ അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്‍ നയിക്കുന്നത് എന്നതിനാല്‍ തന്നെ ആവേശപൂര്‍വ്വം പ്രതീക്ഷയോടുള്ള കാത്തിരിപ്പിലാണ് വിശ്വാസി സമൂഹം.

ആഗോള തലത്തില്‍ ലക്ഷക്കണക്കിന് സ്ഥിരം കാഴ്ചക്കാരെ വിശ്വാസത്തിലേക്ക് ആകൃഷ്ടരാക്കുന്ന സേവ്യര്‍ ഖാന്‍ അച്ചന്റെ ഏറ്റവും വലിയ ആദ്ധ്യാല്‍മിക സംരംഭമായ ‘അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്‍’ മലയാളി സമൂഹത്തില്‍ ലോകത്താകമാനമായി ഇതിനോടകം കോടിക്കണക്കിന് പങ്കാളികള്‍ സാക്ഷീകരിച്ചിട്ടുണ്ടത്രെ.

ജനതകളുടെയും ജനങ്ങളുടെയും ദേശങ്ങളുടെയും ആല്മീയ ഉണര്‍വ്വിനായി നടത്തപ്പെടുന്ന അഭിഷേകാഗ്‌നി കണ്‍വെന്‍ഷനുകള്‍ യു കെ യുടെ മണ്ണിലും അനുഗ്രഹങ്ങള്‍ക്കും, നവീകരണത്തിനുമിടയാവും. അതിനായുള്ള അടങ്ങാത്ത അഭിലാഷവുമായി രൂപതാ മക്കള്‍ വട്ടായി അച്ചനെയും,ശുശ്രുഷകളെയും പ്രതീക്ഷകളോടെയുള്ള കാത്തിരിപ്പിലാണ്.

വികാരി ജനറാള്‍ ഫാ.തോമസ് പാറയടി, ലണ്ടന്‍ കണ്‍വെന്‍ഷന്റെ കണ്‍വീനര്‍ ഫാ.ജോസ് അന്ത്യാംകുളം, ലണ്ടന്‍ റീജണല്‍ കോര്‍ഡിനേറ്റര്‍ ഫാ.സെബാസ്റ്റ്യന്‍ ചാമക്കാല, ചാപ്ലയിന്‍ ഫാ.ഹാന്‍സ് എന്നിവര്‍ ലണ്ടന്‍ കണ്‍വെന്‍ഷനിലേക്ക് ഏവരെയും സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.