ലണ്ടൻ: കുട്ടികളെ വീടുകളിൽ അടച്ചിട്ട് വളർത്തുന്നത് അവരുടെ ശാരീരികാരോഗ്യത്തെയും മാനസികാരോഗ്യത്തെയും ബാധിക്കുമെന്നത് ശാസ്ത്രീയമായിത്തന്നെ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ശുദ്ധവായു ശ്വസിക്കാൻ പരമാവധി അവസരം ലഭിക്കുന്നത് കുട്ടികളെ സംബന്ധിച്ച് ഏറ്റവും പ്രധാനവുമാണ്. ഒരു കാലത്ത് ബ്രിട്ടീഷ് കുടുംബങ്ങളിലെ മുത്തശ്ശൻമാരും മുത്തശ്ശികളും തങ്ങളുടെ പേരക്കുട്ടികളെ ഉറക്കിയിരുന്നത് വീടിനു പുറത്ത് പ്രാമുകളിലായിരുന്നു. തണുപ്പേൽക്കാതിരിക്കാൻ നന്നായി പുതപ്പിച്ച് ഇങ്ങനെ ഉറങ്ങാൻ അവരെ അനുവദിക്കുന്നത് ആരോഗ്യപരമായി ഒട്ടേറെ ഗുണങ്ങൾ കുഞ്ഞുങ്ങൾക്ക് നൽകിയിരുന്നു. എന്നാൽ കുറ്റകൃത്യങ്ങൾ വർദ്ധിച്ചതോടെ കുട്ടികളുടെ സുരക്ഷയിലുണ്ടാകുന്ന ആശങ്ക രക്ഷിതാക്കളെ ഈ പഴയ രീതിയിൽ നിന്ന് പിന്തിരിയാൻ പ്രേരിപ്പിച്ചു.
കുട്ടികളെ തങ്ങളുടെ കൺവെട്ടത്തു നിന്ന് മാറി ഗാർഡനിൽ പോലും ഒറ്റക്ക് നിൽക്കാൻ രക്ഷിതാക്കൾ അനുവദിക്കാത്ത അവസ്ഥയ്ക്ക് ഇപ്പോൾ മാറ്റങ്ങൾ വരുന്നു എന്നാണ് സൂചനകൾ. തുറന്നയിടങ്ങളിൽ കുട്ടികളെ ഉറങ്ങാൻ അനുവദിക്കുന്ന രീതിയെ നഴ്സറി സ്കൂളുകളും മറ്റും പ്രോത്സാഹിപ്പിക്കാൻ തുടങ്ങിയതോടെയാണ് ഇത്. സ്കാൻഡിനേവിയൻ രാജ്യങ്ങളിലെ ഫോറസ്റ്റ് സ്കൂൾ പ്രസ്ഥാനമാണ് ഈ രീതിയെ തിരിച്ച് കൊണ്ടുവരുന്നത്. ഡെൻമാർക്ക്, സ്വീഡൻ തുടങ്ങിയ രാജ്യങ്ങളിൽ 1950കൾ മുതൽ വിദ്യാഭ്യാസരംഗത്ത് സജീവമായ ഫോറസ്റ്റ് സ്കൂൾ കുട്ടികൾക്ക് മുറികൾക്ക് പുറത്ത് കളിക്കാനും ഭക്ഷണം കഴിക്കാനും ഉറങ്ങാനുമുള്ള സൗകര്യങ്ങൾ നൽകി വരുന്നു.
1990കളിൽ ഡെൻമാർക്കിലെ ഫോറസ്റ്റ് സ്കൂൾ സന്ദർശിച്ച വിദഗ്ദ്ധരാണ് ഈ രീതി ബ്രിട്ടനിൽ വീണ്ടും ആവിഷ്കരിക്കാൻ മുൻകയ്യെടുത്തത്. കുട്ടികൾ ടിവികൾക്കും കമ്പ്യൂട്ടർ സ്ക്രീനുകൾക്കും മുന്നിൽ ചെലവഴിക്കുന്ന സമയം കുറക്കാനും അവർക്ക് പരമാവധി ശുദ്ധവായു ശ്വസിക്കാനുള്ള അവസരം നൽകാനും മുറികൾക്ക് പുറത്തേക്കിറക്കിയുള്ള രീതി സഹായിക്കുമെന്നാണ് ഫോറസ്റ്റ് സ്കൂൾ പ്രതിനിധികൾ പറയുന്നത്. ബ്രിട്ടനിലെ 74 ശതമാനം കുട്ടികളും ജയിലിൽ കഴിയുന്നത്പോലെയാണ് വീടുകൾക്കുള്ളിൽ തങ്ങളുടെ ബാല്യം ചെലവഴിക്കുന്നതെന്ന് ഒരു സർവേ വ്യക്തമാക്കുന്നു.
ആവശ്യമായ സുരക്ഷാ മുൻകരുതലുകളും തണുപ്പിൽ നിന്ന് രക്ഷപ്പെടാനുള്ള വസ്ത്രങ്ങളുമുണ്ടെങ്കിൽ കുട്ടികൾ വീടിനു പുറത്ത് ഉറങ്ങുന്നതിൽ കുഴപ്പമൊന്നുമില്ലെന്നാണ് നോർഫ്ലോക്കിലെ ഔട്ട്ഡോർ നഴ്സറിയായ ഡാൻഡേലിയൻ എജ്യുക്കേഷനിലെ ഹെയ്ലി റൂം പറയുന്നത്. മഴയില്ലെങ്കിലും മൃഗങ്ങൾ ആക്രമിക്കാൻ സാധ്യതയില്ലെങ്കിൽ, വീടുകൾക്ക് പുറത്ത് ഉറങ്ങുന്നത് തണുപ്പുള്ള കാലാവസ്ഥയിൽ പോലും അത്ര കുഴപ്പമുള്ള കാര്യമല്ലെന്ന് റോയൽ കോളേജ് ഓഫ് പീഡിയാട്രിക്സിലെ ഡോ.രാഹുൽ ചൗധരി പറയുന്നു.
Leave a Reply