കൊച്ചി: ഇടുക്കിയിലും തിരുവനന്തപുരത്തുമുള്‍പ്പെടെ കുരിശുകള്‍ സ്ഥാപിച്ച് വന്‍തോതില്‍ റവന്യൂ ഭൂമി കയ്യേറിയതായി റിപ്പോര്‍ട്ടുകള്‍. ഇടുക്കിയില്‍ വാഗമണ്ണിനടുത്ത് പുള്ളിക്കാനത്ത് പുല്‍മേടുകള്‍ കയ്യേറിയതായാണ് വിവരം. പുള്ളിക്കാനം സെന്റ് തോമസ് പള്ളി അധികൃതരാണ് ഈ കയ്യേറ്റത്തിന് പിന്നിലെന്ന് മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അമ്പത് ഏക്കറിലധികം പുല്‍മേടുകള്‍ കയ്യേറിയിട്ടുണ്ട്. അതീവ പരിസ്ഥിതി ദുര്‍ബലപ്രദേശമാണ് കുരിശുകള്‍ സ്ഥാപിച്ച് സ്വന്തമാക്കാന്‍ ശ്രമിച്ചിരിക്കുന്നത്.
റവന്യൂ ഭൂമിയിലാണ് ഈ കയ്യേറ്റമെന്ന് തൊടുപുഴ തഹസില്‍ദാര്‍ സ്ഥിരീകരിച്ചിരുന്നു. ഈ ഭൂമി തിരിച്ചു പിടിക്കുന്നത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നെന്ന് ഇലപ്പിള്ളി വില്ലേജ് ഓഫീസര്‍ പറഞ്ഞു. എന്നാല്‍ 66 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ സ്ഥാപിച്ച കുരിശുകള്‍ ആണിതെന്നും ഈ ഭൂമി പളളിയുടെതാണെന്നുമാണ് പള്ളി അധികൃതര്‍ വാദിക്കുന്നത്. തിരുവനന്തപുരത്തെ ബോണക്കാട്ടും വനഭൂമിയില്‍ കുരിശുകള്‍ സ്ഥാപിച്ച് കൈയേറ്റത്തിനുളള ശ്രമം നടക്കുന്നതായി മീഡിയവണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മൂന്നാറിലെ പാപ്പാത്തിച്ചോലയില്‍ കുരിശ് സ്ഥാപിച്ച് നടത്തിയ കയ്യേറ്റം ഒഴിപ്പിച്ച നടപടിയെ സര്‍ക്കാര്‍ തന്നെ വിമര്‍ശിക്കുകയും അനധികൃത കൈയേറ്റങ്ങള്‍ വിവാദമാകുകയും ചെയ്ത പശ്ചാത്തലത്തിലാണ് കയ്യേറ്റങ്ങളെക്കുറിച്ച് പുതിയ വാര്‍ത്തകള്‍ പുറത്തു വരുന്നത്. മൂന്നാറിലെ അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്ന് കാണിച്ച് 2010ല്‍ റവന്യു സെക്രട്ടറി നിവേദിത പി ഹരന്‍ നല്‍കിയ ശുപാര്‍ശ വിഎസ് സര്‍ക്കാരും ഉമ്മന്‍ചാണ്ടി സര്‍ക്കാരും അവഗണിച്ചതായും വാര്‍ത്തകളുണ്ട്.
Leave a Reply