വയനാട്ടിലെ സര്‍ക്കാര്‍ ഭൂമി കൈവശപ്പെടുത്താന്‍ സ്വകാര്യ വ്യക്തികളെ സഹായിക്കുന്ന ഭൂമാഫിയ സംഘം ഒളിക്യാമറയില്‍ കുടുങ്ങി. ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ സ്റ്റിംഗ് ഓപ്പറേഷനിലാണ് വയനാട് ജില്ലാ കളക്ടറും സിപിഐ ജില്ലാ സെക്രട്ടറിയും ഉള്‍പ്പെടെയുള്ളവര്‍ കൂടുങ്ങിയത്. തോട്ടത്തറ വില്ലേജിലെ നാലേക്കര്‍ സര്‍ക്കാര്‍ ഭൂമി കൈവശപ്പെടുത്താന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ഇടനിലക്കാരനായ കുഞ്ഞുമുഹമ്മദ് എന്നയാളെ ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ സമീപിക്കുകയായിരുന്നു. ഇയാള്‍ വഴി ഡപ്യൂട്ടി കളക്ടര്‍ സോമരാജന്‍, സിപിഐ വയനാട് ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര, എന്നിവരുമായും ചാനല്‍ റിപ്പോര്‍ട്ടര്‍ ബന്ധപ്പെട്ടു. നാലേക്കര്‍ സര്‍ക്കാര്‍ ഭൂമി കൈവശപ്പെടുത്താന്‍ സഹായിക്കാമെന്ന് ഇവര്‍ വാക്ക് നല്‍കുന്നതായുള്ള ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.
സംഭവത്തെ തുടര്‍ന്ന് ഡപ്യൂട്ടി കളക്ടറെ സസ്‌പെന്റ് ചെയ്യാന്‍ റവന്യൂ മന്ത്രി നിര്‍ദേശം നല്‍കി. നാലരയേക്കര്‍ സര്‍ക്കാര്‍ ഭൂമി തരപ്പെടുത്താന്‍ 20 ലക്ഷം കൈക്കൂലിയും 20 ലക്ഷം രൂപ സ്ഥല വിലയായും നല്‍കിയാല്‍ മതിയെന്ന് ഭൂമാഫിയ ഇടനിലക്കാരന്‍ പറയുന്നു. സിപിഐ ജില്ലാ സെക്രട്ടറി വഴി കാര്യങ്ങള്‍ ശരിയാക്കി നല്‍കാമെന്നും ഇടനിലക്കാരന്‍ ഉറപ്പ് നല്‍കുന്നത് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. സംഭവത്തില്‍ സിപിഐ സംസ്ഥാന നേതൃത്വം എന്തു നിലപാട് സ്വീകരിക്കുമെന്നത് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
ആദ്യ ഗഡു എന്ന നിലയ്ക്ക് റിപ്പോര്‍ട്ടര്‍ ചെറിയൊരു തുക ഡപ്യൂട്ടി കളക്ടര്‍ക്ക് റിപ്പോര്‍ട്ടര്‍ കൈമാറുന്നതും ഒളിക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. റവന്യൂ വകുപ്പില്‍ വരെ ഭൂമാഫിയാ സംഘത്തിന്റെ ഇത്തരം തട്ടിപ്പുകള്‍ക്ക് കൂട്ട് നില്‍ക്കുന്ന ആളുകളുണ്ടെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
Leave a Reply