ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ വിമാന സർവ്വീസുമായി ക്വാണ്ടസ് എയർലൈൻസ്. ന്യൂയോർക്കിൽ നിന്നും – സിഡ്നിയിലേക്ക് 20 മണിക്കൂർ നീണ്ടു നില്‍ക്കുന്ന യാത്രയാണ് വെള്ളിയാഴ്ച വൈകീട്ട് ക്വാണ്ടസ് എയർലൈസ് യാത്രക്കാരുമായി ടേക്ക് ഓഫ് ചെയ്തത്. ചരിത്രത്തിലെ തന്നെ എറ്റവും ദൈർഘ്യമേറിയ സർവീസിനാണ് ഓസ്ട്രേലിയന്‍ വിമാനക്കമ്പനി തയ്യാറായത്.
പ്രൊജക്റ്റ് സൺറൈസ് എന്ന പേരിലാണ് 10,0000 മൈൽ (16,000 കിലോ മീറ്റർ) ഒറ്റയടിക്ക് പിന്നിടുക എന്ന ദൗത്യവുമായി കമ്പനി ചരിത്രം സൃഷ്ടിക്കുന്നത്. പ്രാദേശിക സമയം ഞായറാഴ്ച പുലർച്ചെ ബോയിങ് 787-9 ഡ്രീം ലൈനർ വിഭാഗത്തിൽ പെടുന്ന വിമാനം സിഡ്നിയിൽ ലാന്‍ഡ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. പൈലറ്റുകൾ, ജീവനക്കാർ എന്നിവർ ഉൾപ്പെടെ 50 പേരാണ് വിമാനത്തിലുള്ളത്. രണ്ട് പൈലറ്റുമാർ ഷിഫ്റ്റ് അനുസരിച്ച് വിമാനം നിയന്ത്രിക്കും. ഇവർക്ക് പുറമെ രണ്ട് അധിക പൈലറ്റുമാരും സഹായികളായി സർവീസിലുണ്ട്.
ഇതിനെല്ലാം പുറമെ, ദീർഘ ദൂര സർവീസിലെ യാത്രക്കാരെ സിഡ്നി യൂനിവേഴ്സിറ്റിയിലെ സംഘം യാത്രയിലുടനീളം നിരീക്ഷിക്കും. യാത്രികരുടെ ഉറക്കത്തിന്റെ രീതി, പ്രതികരണങ്ങൾ, വിവിധ സമയ മേഖലകളിൽ പ്രവേശിക്കുമ്പോഴുണ്ടാവുന്ന പ്രശ്നങ്ങൾ എന്നിവയാണ് ഗവേഷകര്‍ നിരീക്ഷിക്കുന്നത്.
മസ്തിഷ്ക നിരീക്ഷണ ഉപകരണങ്ങൾ ധരിച്ചായിരിക്കും പൈലറ്റുകൾ വിമാനം നിയന്ത്രിക്കുക. കൂടാതെ മെലറ്റോണിന്റെ അളവ് കണക്കാക്കുന്നതിന് ഫ്ലൈറ്റിന് മുമ്പും ശേഷവും ഇവരുടെ മൂത്രത്തിന്റെ സാമ്പിളുകളും പരിശോധിക്കും. യാത്രക്കാരെ കൂടുതൽ സമയം ഉണർന്നിരിപ്പിക്കാനാണ് സർവീസിൽ വിമാന കമ്പനി പദ്ധതിയിടുന്നത്. ന്യൂയോർക്കിൽ നിന്ന് രാത്രി 9 മണിയോടെ പുറപ്പെട്ട വിമാനത്തിൽ ഇതിനായി ഭക്ഷണ സേവനം വൈകിപ്പിക്കുകയാവും അധികൃതർ ചെയ്യുക.
Leave a Reply