കൊച്ചി ∙ ഇറിഡിയം അടങ്ങിയ റൈസ് പുള്ളർ നാസയ്ക്ക് വിറ്റ് കോടീശ്വരനാകാമെന്നു വിശ്വസിപ്പിച്ച് 80 ലക്ഷം രൂപയിലധികം തട്ടിയ കേസിലെ പ്രതി പൊലീസ് പിടിയിൽ. ബെംഗളൂരു ബൻജാര ലേ ഔട്ടിൽ താമസിക്കുന്ന ജേക്കബ് അരുമൈരാജ് (55) ആണ് പിടിയിലായത്. വാഷിങ്ടൻ കേന്ദ്രമായ ഗ്ലോബൽ സ്പേസ് മെറ്റൽസ് എന്ന സ്ഥാപനത്തിലെ മെറ്റലർജിസ്റ്റ് ആണെന്നും ഭാഭാ അറ്റോമിക് റിസർച് സെന്ററിന്റെ അംഗീകാരം ഉണ്ടെന്നും പറഞ്ഞായിരുന്നു തട്ടിപ്പ്.
വർഷങ്ങളായി രാജ്യത്ത് പലരിൽ നിന്നും ഇയാൾ ഈ രീതിയിൽ പണം തട്ടിയതായി പൊലീസ് പറഞ്ഞു. ക്രൈം മാസികയുടെ ഉടമ നന്ദകുമാറിന് റൈസ്പുള്ളർ നൽകാമെന്നു പറഞ്ഞ് 80 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് ഇയാളെ എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.
2016 ലാണ് ഇടനിലക്കാർ വഴി, നന്ദകുമാറിന് റൈസ് പുള്ളർ നൽകാമെന്ന് പറഞ്ഞ് ആദ്യം കബളിപ്പിച്ചത്. കോയമ്പത്തൂരിലെ ഒരു വീട്ടിൽ കോടികൾ വില വരുന്ന, ആണവ ശേഷിയുള്ള ഇറിഡിയം റൈസ് പുള്ളറുണ്ടെന്നും അത് പരിശോധിച്ച് സർട്ടിഫിക്കറ്റ് ലഭിച്ചാൽ സർക്കാരിന്റെ സഹായത്തോടെ നാസയ്ക്കു വിൽക്കാമെന്നുമായിരുന്നു വാഗ്ദാനം. ഇടനിലക്കാർ ഇത് പരിശോധിക്കാൻ നന്ദകുമാറുമായി സ്ഥലത്തെത്തി അവിടേക്ക് ജേക്കബിനെ വിളിച്ചു വരുത്തുകയായിരുന്നു.
സ്ഥലത്തെത്തിയ ജേക്കബ് റൈസ് പുള്ളർ പരിശോധിക്കാൻ ആന്റി റേഡിയേഷൻ കിറ്റ് വേണമെന്നും അതുമായി വരാമെന്നും ടെസ്റ്റ് ചെയ്യാനായി 25 ലക്ഷം രൂപ വേണമെന്നും പറഞ്ഞ് ആഗ്യ ഗഡു തുക സ്വന്തമാക്കി. പരിശോധിച്ച് സർട്ടിഫിക്കറ്റ് കിട്ടിയാൽ നാസയ്ക്കു ഒരു ലക്ഷം കോടി രൂപയ്ക്കു വിൽക്കാമെന്നാണ് വിശ്വസിപ്പിച്ചത്. എന്നാൽ പരിശോധനയ്ക്കു ശേഷം ആ റൈസ് പുള്ളറിന് പവർ ഇല്ലെന്നു പറഞ്ഞു വീണ്ടും തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ റൈസ് പുള്ളർ കാണിക്കാനായി കൊണ്ടു പോയി. ഓരോ തവണയും പരിശോധനാ ചാർജായി വൻതുക കൈക്കലാക്കി.
തട്ടിപ്പിന് വീടിന്റെ ഉടമസ്ഥർ ഉൾപ്പെടെ പലരും കൂട്ടുനിന്നതായി പൊലീസ് കണ്ടെത്തി. ഒടുവിൽ തട്ടിപ്പ് മനസ്സിലായതോടെയാണ് പൊലീസിൽ പരാതി നൽകിയത്. എറണാകുളത്ത് ഒരു പഴയ വീട്ടിൽ റൈസ് പുള്ളർ ഉണ്ടെന്നും അതു പരിശോധിച്ചു സർട്ടിഫിക്കറ്റ് തന്നാൽ 25 ലക്ഷം രൂപ തരാമെന്നും പറഞ്ഞ് പൊലീസ് വിരിച്ച വലയിൽ ഇയാൾ വീഴുകയായിരുന്നു. ഇതു വിശ്വസിച്ച് പ്രതി ബെംഗളൂരുവിൽനിന്ന് എറണാകുളത്ത് എത്തിയപ്പോഴായിരുന്നു അറസ്റ്റ്. ഇയാളിൽനിന്നു വ്യാജ തിരിച്ചറിയൽ കാർഡുകളും ആന്റി റേഡിയേഷൻ കിറ്റ് ആണെന്ന് പറഞ്ഞു കൊണ്ടുവന്ന, ഫയർ സർവീസുകാർ ഉപയോഗിക്കുന്ന മേൽവസ്ത്രവും കണ്ടെത്തി. ഇയാളുടെ കൂട്ടാളികൾ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.











Leave a Reply