ജോളി എം.പടയാട്ടിൽ

വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ ഒരുക്കിയ റിപ്പബ്ലിക് ദിനാഘോഷം വൈവിധ്യമാർന്ന വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു. ജെയിംസ് പാത്തിക്കലിന്റെ വന്ദേമാതരം എന്നു തുടങ്ങുന്ന പ്രാർത്ഥനാഗാനത്തിലൂടെയാണ് പരിപാടികൾ തുടങ്ങിയത്.

ജനുവരി 27-ാം തീയതി വൈകിട്ട് നാലു മണിയോടെ ഇന്ത്യൻ സമയം രാത്രി 08.30 ന് വെർച്ച്വൽ പ്ളാറ്റ്ഫോമിലുടെ നടന്ന റിപ്പബ്ലിക് ദിനാഘോഷം ഗോവ ഗവർണർ ശ്രീധരൻ പിള്ള ഉൽഘാടനം ചെയ്തു.

വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ ഒരുക്കിയ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ക്ഷണം സ്വീകരിച്ചുകൊണ്ട് എല്ലാ പ്രവാസി ഭാരതീയർക്കും പ്രത്യേകിച്ചു പ്രവാസി മലയാളികൾക്ക് 75-ാം റിപ്പബ്ലിക് ദിനത്തിൻ്റെ ആശംസകൾ നേരുന്നതായി അദ്ദേഹം പറഞ്ഞു.

പ്രവാസികൾ രാജ്യത്തിനുവേണ്ടി ചെയ്‌തുകൊണ്ടിരിക്കുന്ന സേവനങ്ങളെ പ്രത്യേകം എടുത്തു പറഞ്ഞു കൊണ്ട് കേരളത്തിന്റെ സാമ്പത്തിക ഭദ്രതതന്നെ നിലനിൽക്കുന്നത് പ്രവാസി മലയാളികളുടെ വരുമാനം കൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു.

നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദിജി പറഞ്ഞിരിക്കുന്നതുപോലെ 2027 ആകുമ്പോഴേക്കും നമ്മൾ ലോകത്തെ മൂന്നാം സാമ്പത്തികശക്തിയായി മാറുമെന്നും, ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിൽപോലും ഇന്ന് നമ്മൾ നാലാമത്തെ സാമ്പത്തിക ശക്തിയാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

ആഗോളതലത്തിലുള്ള സാമ്പത്തിക വിദഗ്‌ദ്ധമാർ പറയുന്നത് 2047 ആകുമ്പോഴേക്കും ഇന്ത്യ ലോകത്തെ ഒന്നാമത്തെയോ, രണ്ടാമത്തെയോ സാമ്പത്തിക ശക്തിയായി മാറുമെന്നാണ്.

അതെ നമ്മുടെ രാജ്യം വൈകാതെ തന്നെ ലോകത്തിന് മാത്യകയായി മാറും. നമ്മുടെ അയൽരാജ്യമായ ചൈനയുൾപ്പെടെയുള്ള രാജ്യങ്ങളിൽ വളർച്ചാനിരക്ക് പുറകോട്ടു പോകുമ്പോൾ നമ്മുടെ രാജ്യത്തിൻ്റെ സാമ്പത്തിക വളർച്ച മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണെന്നും, നിങ്ങളുടെ ചിന്തകളിൽ നമ്മുടെ രാജ്യത്തിൻ്റെ സാമ്പത്തിക വളർച്ചയും, ഭദ്രതയും ശക്തിയാർജിച്ചു നിൽക്കുന്നുണ്ടെന്നറിഞ്ഞതിൽ തനിക്ക് ഒത്തിരി സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ പ്രസിഡൻ്റ് ജോളി എം. പടയാട്ടിൽ എല്ലാവരേയും സ്വാഗതം ചെയ്‌തു. ജോലിതിരക്കുകൾക്കിടയിലും ഗവർണർ നമുക്കായി സമയം കണ്ടെത്തിയത് പ്രവാസി മലയാളികളായ നമ്മളോടുള്ള സ്നേഹവും അംഗീകാരവുമായിട്ടാണ് അതിനെ കാണുന്നതെന്നും ജോളി എം. പടയാട്ടിൽ പറഞ്ഞു.

ഗവർണർ ശ്രീധരൻ പിള്ളയോടുള്ള വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ്റെ നന്ദിയും കടപ്പാടും അദ്ദേഹം അറിയിച്ചു. വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ നടത്തിക്കൊണ്ടിരിക്കുന്ന കലാസാംസ്‌കാരികവേദിയുടെ അടുത്ത സമ്മേളനം ഫെബ്രുവരി 25 നാണെന്നും അദ്ദേഹം പറഞ്ഞു.

വേൾഡ് മലയാളി കൗൺസിൽ ഗ്ളോബൽ ചെയർമാൻ ഗോപാല പിള്ള, ഗ്ളോബൽ പ്രസിഡന്റ് ജോൺ മത്തായി, യൂറോപ്പ് റീജിയൻ ചെയർമാൻ ജോളി തടത്തിൽ എന്നിവർ റിപ്പബ്ലിക്ദിന സന്ദേശം നൽകി.

പ്രമുഖ അഭിഭാഷകനായ അഡ്വ. റസൽ ജോയി, മനഃശാസ്ത്രജ്ഞനായ ഡോ. ജോർജ് കാളിയാടൻ, മാധ്യമ പ്രവർത്തകനും, സാഹിത്യകാരനുമായ കാരൂർ സോമൻ, ജർമനിയിലെ ബോണിലുള്ള ഐക്യരാഷ്ട്രസഭയുടെ അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസർ സോമരാജ് പിള്ള, വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ജനറൽ സെക്രട്ടറി പിൻ്റോ കന്നംമ്പള്ളി, ഗ്ലോബൽ വൈസ് ചെയർപേഴ്‌സൻ മേഴ്സി തടത്തിൽ, ഗ്ലോബൽ വൈസ് ചെയർമാൻ ഗ്രിഗറി മേടയിൽ, ഗ്ലോബൽ വൈസ് പ്രസിഡൻ്റ് തോമസ് അറമ്പൻകുടി, ഗ്ലോബൽ വിമൻസ് ഫോറം പ്രസിഡൻ്റ് പ്രൊഫസർ ഡോ. ലളിത മാത്യു, അജ്‌മൻ പ്രൊവിൻസ് ജനറൽ സെക്രട്ടറി സ്വപ്‌ന ഡേവിഡ്, ഗ്ലോബൽ ആർട്‌സ് ആൻ്റ് കൾച്ചറൽ ഫോറം പ്രസി ഡൻ്റ് ചെറിയാൻ ടി കീക്കാട്, ദുബായി പ്രൊവിൻസ് പ്രസിഡൻ്റ് കെ.എ. പോൾസൻ, ഇന്ത്യ റീജിയൻ ജനറൽ സെക്രട്ടറി ഡോ. അജി അബ്‌ദുള്ള, പ്രൊഫസർ അന്നക്കുട്ടി ഫിൻഡെ, രാജു കുന്നാട്ട്, യൂറോപ്പ് റീജിയൻ ജനറൽ സെക്രട്ടറി ബാബു തോട്ടപ്പിള്ളി, ജർമൻ പ്രൊവിൻസ് ജനറൽ സെക്രട്ടറി ചിനു പടയാട്ടിൽ, ജോൺ മാത്യു തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.

ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രവാസി മലയാളി കലാകാരന്മാർ ഒരുക്കിയ കലാ സാംസ്‌കാരിക വിരുന്ന് പ്രൗഡഗംഭീരമായി. സ്വര, രാഗ, താള, ലയങ്ങളാൽ, നൃത്ത നൃത്ത്യങ്ങളാൽ വേദിയെ ധന്യമാക്കി.

ജോസുകുട്ടി കവലച്ചിറ, സോബിച്ചൻ ചേന്നങ്കര, ലിതീഷ് രാജ് പി. തോമസ് (ഗായകർ- യൂറോപ്പ്), ടിയാന, സ്‌മിത ഷാൻ മാത്യു (ഗായികമാർ – അമേരിക്ക), ബിജൊ കളിക്കൽ, അനൂപ് തോമസ്, ബൈജു കിരൺ, ഡേവിഡ് ഗീവർഗീസ്, രാഗേഷ് കുറുപ്പ്, അനുഗ്രഹ ഡേവീഡ്, ബാവ റാകേൽ സാമുവൽ, ജോവാൻ ബിജോ, സൂസൻ ചെറിയാൻ (സംഘഗാനം – അജ്‌മൻ പ്രൊവിൻസ്), അപർണ അനൂപ് (ഡാന്‍സ്- അജ്‌മൻ പ്രൊവിൻസ്), ഫിജി സാവിയോ, എയ്‌ഞ്ചൽ ജോഫിൻ, ജെയ്‌സി ബിജു, മൻജു റിൻ്റോ, ലീനാ ജോണി (ഗ്രൂപ്പ് ഡാന്‍സ് – അയർലണ്ട് പ്രൊവിൻസ്), ഷിക്ക പ്രവീൺ (ഡാന്‍സ് – അജ്‌മൽ പ്രൊവിൻസ്), അന്ന മേരി സെബാസ്റ്റ്യൻ, ഹെവൻസ് ഷൈജു, എയ്ഞ്ചൽ തോമസ്, അനിറ്റ സൈജോ, അൽഗ ജിന്നി, അലീന ജോയ്, അനഘ പ്രസാദ് (ഗ്രൂപ്പ് ഡാന്‍സ് – സർഗം സ്റ്റാർസ് ഇന്ത്യ) തുടങ്ങിയ വരുടെ ഗാനങ്ങളും നൃത്തനൃത്ത്യങ്ങളും റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് വർണപകിട്ടേകി.

വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ വൈസ് ചെയർമാനും, കലാസാംസ്‌കാരികരംഗത്ത് നിറഞ്ഞു നിൽക്കുന്ന ഗ്രിഗറി മേടയിലും, ഇംഗ്ലണ്ടിൽ പഠിച്ചുകൊണ്ടിരിക്കുന്ന പ്രാസംഗികയും, നർത്തകിയുമായ അന്ന ടോമും ചേർന്നാണ് റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾ മോഡറേറ്റ് ചെയ്‌തത്‌. ഈ ആഘോഷ പരിപാടികൾക്ക് ടെക്‌നിക്കൽ സപ്പോർട്ട് നല്‌കിയത് കമ്പ്യൂട്ടർ എഞ്ചിനീയറായ നിതീഷാണ്.

വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ ട്രഷറർ ഷൈബു ജോസഫ് കൃതജ്ഞത പറഞ്ഞു. ജർമൻ പ്രൊവിൻസ് വൈസ് പ്രസിഡന്റു്റും, ഗായകനും, കലാകാരനുമായ ജെയിംസ് പാത്തിക്കൽ ആലപിച്ച ദേശീയഗാനത്തോടെ വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ ഒരുക്കിയ 75-ാം റിപ്പബ്ലിക് ദിനാഘോഷം സമാപിച്ചു.

എല്ലാ മാസത്തിന്റേയും അവസാനത്തെ ശനിയാഴ്ച്‌ച നടക്കുന്ന ഈ കലാസാംസ്‌കാരികവേദിയിൽ എല്ലാ പ്രവാസി മലയാളികൾക്കും, അവർ താമസിക്കുന്ന രാജ്യങ്ങളിൽനിന്നുകൊണ്ടുതന്നെ ഇതിൽ പങ്കെടു ക്കുവാനും, അവരുടെ കലാസൃഷ്‌ടികൾ അവതരിപ്പിക്കുവാനും, (കവിതകൾ, ഗാനങ്ങൾ തുടങ്ങിയവ ആലപിക്കുവാനും) ആശയവിനിമയങ്ങൾ നടത്തുവാനും അവസരം ഉണ്ടായിരിക്കുന്നതാണ്.

എല്ലാ പ്രവാസി മലയാളികളേയും വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ ഈ കലാ സാംസ്ക‌ാരിക കൂട്ടായ്‌മയിലേക്ക് സ്വാഗതം ചെയ്യുന്നു.