കോഴിക്കോട്: ചെന്നൈയില്‍നിന്ന് പിടികൂടിയ കൊള്ളപ്പലിശ ഇടപാടുകാരന്‍ പി മഹാരാജനെ കേരളത്തിലെത്തിച്ചു. വിമാനമാര്‍ഗം കരിപ്പൂരിലെത്തിച്ച മഹാരാജനെ റോഡ് മാര്‍ഗം കൊച്ചിയിലേക്ക് കൊണ്ടുപോയി. മഹാരാജനെ കൊച്ചി കമ്മീഷണര്‍ ഓഫീസിലെത്തിച്ച് ചോദ്യം ചെയ്യുമെന്ന് പള്ളുരുത്തി സി.ഐ കെ.ജി അനീഷ് അറിയിച്ചു.

ശനിയാഴ്ചയാണ് മഹാരാജനെ ചെന്നൈയില്‍നിന്ന് സി.ഐ  അനീഷിന്റെ നേതൃത്വത്തിലുള്ള കേരള പോലീസ് സംഘം പിടികൂടിയത്. ചെന്നൈ വിരുഗമ്പാക്കത്തുള്ള വീട് വളഞ്ഞ പോലീസ് ആകാശത്തേക്ക് വെടിവെച്ച് അനുയായികളെ വിരട്ടിയതിന് ശേഷമാണ് ഇയാളെ പിടികൂടിയത്.

കേരളം കേന്ദ്രീകരിച്ച് 500 കോടി രൂപയുടെ കൊള്ളപ്പലിശ ഇടപാട് നടത്തിയ സംഘത്തിന്റെ തലവനാണ് മഹാരാജന്‍. ജൂലായില്‍ അറസ്റ്റുചെയ്ത് കേരളത്തിലേക്ക് കൊണ്ടുവരുന്നതിനിടെ കോയമ്പത്തൂരില്‍ വച്ച് അനുയായികള്‍ പോലീസ് വാഹനം തടഞ്ഞ് മഹാരാജനെ രക്ഷപ്പെടുത്തിയിരുന്നു.

പള്ളുരുത്തി സ്വദേശി ഫിലിപ്പിന്റെ പരാതിയെത്തുടര്‍ന്നാണ് കോടിക്കണക്കിന് രൂപ പലിശയ്ക്ക് വായ്പ നല്‍കുന്ന തമിഴ്നാട് സ്വദേശി മഹാരാജന്‍ രണ്ടുമാസം മുമ്പ് പിടിയിലായത്. ഓപ്പറേഷന്‍ കുബേരയുടെ ഭാഗമായി മഹാരാജന്റെ അനുയായികളെ നേരത്തേ അറസ്റ്റുചെയ്തിരുന്നു.