നമ്മുടെ പെണ്‍കുട്ടികളെ കരാട്ടെ പഠിപ്പിക്കുന്നതിന് പകരം അവരെ തന്റേടമുളളവരാക്കുകയാണ് വേണ്ടതെന്ന് നടി റിമ കല്ലിങ്കല്‍. സ്ത്രീകളെ ആദരിക്കുന്ന അവര്‍ക്ക് സുരക്ഷിതമായി യാത്ര ചെയ്യാനാവുന്ന ഒരു നാട് പെട്ടെന്നുണ്ടാകുമെന്ന് പറയാനാകില്ല. അവരെ പ്രതികരിക്കാനും ജീവിതത്തിലുണ്ടാകുന്ന ഏത് പ്രതിസന്ധിയെയും നേരിടാനായി പഠിപ്പിക്കുകയുമാണ് ചെയ്യേണ്ടതെന്നും റിമ കല്ലിങ്കല്‍ പറയുന്നു.
എന്റെ കൂട്ടുകാരി നമ്മുടെ പെണ്‍കുട്ടികള്‍ക്ക് മാതൃകയാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അത്ര മനക്കരുത്തോടെയാണ് അവള്‍ നില്‍ക്കുന്നത്. ഒരു പട്ടി കടിച്ചാല്‍ എന്താണ് ചെയ്യുന്നത്. ഡെറ്റോളിട്ട് കഴുകും. മുറിവ് കെട്ടിവെയ്ക്കും. ഇന്‍ജെക്ഷനെടുക്കും. അത്രയേയുളളൂ എന്നവള്‍ ഉറച്ചുവിശ്വസിക്കുന്നു. കാറില്‍ നിന്ന് എടുത്ത് ചാടുന്നതിനെക്കുറിച്ച് അവള്‍ ആലോചിച്ചിരുന്നെന്ന് പറഞ്ഞു. പക്ഷേ ചാടിയാല്‍ അംഗഭംഗം വരികയോ മരിക്കുകയോ ചെയ്യാം എന്ന് അടുത്തനിമിഷം അവള്‍ തിരിച്ചറിഞ്ഞത്രെയെന്നും റിമ പറയുന്നു.

ഉഗാണ്ടയിലും ആലപ്പുഴയിലും ഷൂട്ടിങ്ങിനായി പോയപ്പോഴുളള അനുഭവവും റിമ വ്യക്തമാക്കുന്നു. ഉഗാണ്ടയിലേക്കുളള യാത്ര ഇപ്പോഴും അദ്ഭുതപ്പെടുത്താറുണ്ട്. ദാരിദ്രവും ആഭ്യന്തര പ്രശ്‌നങ്ങളും അടക്കം ഒരുപാട് കുഴപ്പങ്ങളുളള നാട്. പക്ഷേ ആ നാട്ടുകാര്‍ സ്ത്രീകളോട് കാണിക്കുന്ന ആദരവും ഇടപെടലുകളും കണ്ടുപഠിക്കേണ്ടതാണ്. അവര്‍ക്ക് ഇഷ്ടമുളള തരം വസ്ത്രങ്ങള്‍ ധരിക്കുന്നു. വളരെ സ്വതന്ത്ര്യമായി യാത്രകള്‍ ചെയ്യുന്നു. നമ്മുടെ നാട്ടിലെ സ്ത്രീകള്‍ക്കുളളത്ര ടെന്‍ഷന്‍ അവിടുളളവര്‍ക്കില്ല എന്നുതോന്നിയിട്ടുണ്ട്. തുറിച്ച് നോട്ടങ്ങള്‍ പോലുമില്ല.

ഷൂട്ടിങ്ങ് കാണാന്‍ വന്നവര്‍ അവിടെവെച്ച് തന്നെ കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടുന്നത് കണ്ടു. സംസ്‌കാരത്തിലും വിദ്യാഭ്യാസത്തിലും ഒരുപാട് ഉയര്‍ന്നു എന്നുവിശ്വസിക്കുന്ന നമ്മുടെ നാട്ടില്‍ യാത്രയ്ക്കിടയിലോ പൊതുനിരത്തിലോ കുഞ്ഞിന് മുലയൂട്ടാന്‍ ഒരമ്മ പെടുന്ന കഷ്ടപ്പാടുകള്‍ കാണുമ്പോള്‍ സങ്കടം തോന്നാറുണ്ട്. കഴിഞ്ഞമാസം ആലപ്പുഴയില്‍ സിനിമാഷൂട്ടിങ്ങിനായി പോയദിവസം ഓര്‍ക്കുമ്പോള്‍ പേടിതോന്നും. ആദ്യദിവസം ഷൂട്ട് കഴിഞ്ഞ് രാത്രി ഹോട്ടലിലെത്തി. സുരക്ഷിതമായ സ്ഥലം. മറ്റ് കുഴപ്പങ്ങളൊന്നുമില്ല. വെളുപ്പിന് എന്തോ ശബ്ദംകേട്ടു ഞാന്‍ ഞെട്ടിയെഴുന്നേറ്റു. മുറിയില്‍ ആരോ നില്‍ക്കുന്നു.

ഉറക്കെ ഒച്ചവെച്ചപ്പോള്‍ അയാള്‍ ഓടിപ്പുറത്തിറങ്ങിപ്പോയി. വാതിലിന് ഇലക്ട്രോണിക് ലോക്കാണ്. അകത്ത് കുറ്റിയില്ല. മുറിക്ക് പുറത്ത് നിന്നും തുറക്കണമെങ്കില്‍ താക്കോല്‍ വേണം. അതുകൊണ്ടു തന്നെ ഹോട്ടല്‍ജീവനക്കാരനായിരിക്കുമെന്ന് ഉറപ്പാണ്. വൈകിട്ട് ഹോട്ടല്‍മുറിയിലേക്ക് ബാഗുമായി വന്നയാളെ എനിക്ക് സംശയം തോന്നിയിരുന്നു. കൗമാരം കഴിഞ്ഞ പയ്യന്‍. ബാഗുമായി ലിഫ്റ്റില്‍ കയറിയപ്പോള്‍ തന്നെ പെരുമാറ്റം ശരിയല്ല എന്നുതോന്നി. അവന്‍ വിറയ്ക്കുകയോ അസ്വസ്ഥതപ്പെടുകയോ ഒക്കെ ചെയ്തിരുന്നു. ഒടുവില്‍ പയ്യന്‍ തന്നെയാണ് മുറിയില്‍ കയറിയതെന്ന് കണ്ടെത്തി. ഹോട്ടലിലെ മാസ്റ്റര്‍ കീ ഉപയോഗിച്ചാണ് അവന്‍ വാതില്‍ തുറന്നത്. കേസ് രജിസ്റ്റര്‍ ചെയ്തു. അവന്റെ അച്ഛനും അമ്മയും വന്ന് കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു. അവര്‍ ആത്മഹത്യ ചെയ്യുകയെ വഴിയുളളൂ എന്നുംപറഞ്ഞു. പക്ഷേ ഞാന്‍ കേസില്‍ നിന്നും പിന്മാറിയാല്‍ അവന്‍ മറ്റൊരു പെണ്‍കുട്ടിക്ക് നേരെ തിരിയില്ല എന്നുറപ്പിച്ച് പറയാനാകുമോ?. അതുകൊണ്ട് തന്നെ ആ കേസില്‍ നിന്നും പിന്മാറിയില്ലെന്നും റിമ വ്യക്തമാക്കുന്നു.

Also read.. പാര്‍ട്ടിയ്ക്ക് കൊണ്ട് പോയ കാമുകന്‍ കൂട്ടുകാരുമായി ചേര്‍ന്ന് പീഡിപ്പിച്ചു; യുവതി രക്ഷപ്പെട്ടത് ബാൽക്കണിയിൽ നിന്നും ചാടി