കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിക്ക് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വേദിയില്‍ നൃത്തത്തിനിടെ പിന്തുണയര്‍പ്പിച്ച് നടിയും നര്‍ത്തകിയുമായ റിമ കല്ലിങ്കല്‍. ചടങ്ങില്‍ നൃത്തം അവതരിപ്പിച്ചതിന് ശേഷമാണ് അവള്‍ക്കൊപ്പം എന്ന് കുറിച്ചിരിക്കുന്ന ബാനറുമായി റിമ കല്ലിങ്കല്‍ വേദിയിലെത്തിയത്. കാണികള്‍ നിറഞ്ഞ ഹര്‍ഷാരവത്തോടെയാണ് റിമയുടെ ബാനറിന് പിന്തുണയര്‍പ്പിച്ചതും.

 ചലച്ചിത്ര പുരസ്‌കാര വേദിയില്‍ ബാനര്‍ ഉയര്‍ത്തി റിമ; ‘അവള്‍ക്കൊപ്പമെന്ന്’ കണ്ണൂരിലെ ജനസാഗരവും
നടിമാരുടെ സിനിമാ സംഘടനയായ വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് വേദിയിലെ സജീവ അംഗം കൂടിയായാണ് റിമ. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിന് മുന്നോടിയായി സംഘടനയുടെ നേതൃത്വത്തില്‍ ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ അറിയിച്ചുകൊണ്ട് അംഗങ്ങള്‍ ഒപ്പുശേഖരണം നടത്തിയിരുന്നു.

നടന്‍ ദിലീപിനെ ജയിലില്‍ സന്ദര്‍ശിക്കുന്ന താരങ്ങളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടിമാരുടെ കൂട്ടായ്മ ശക്തമായ നിലപാടെടുത്ത് ആക്രമിക്കപ്പെട്ട നടിക്കൊപ്പം നില്‍ക്കുന്നത്. വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് രൂപീകരിച്ചതിന് ശേഷമുളള ആദ്യ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരമായിരുന്നു ഇന്നലെ കണ്ണൂരില്‍ അരങ്ങേറിയത്.