സ്വന്തം ലേഖകൻ
ലണ്ടൻ : കൊറോണ വൈറസിന്റെ പ്രാദേശിക വ്യാപനം നിയന്ത്രിക്കുന്നതിനായി കടകൾ അടയ്ക്കുന്നതിനും പരിപാടികൾ റദ്ദാക്കുന്നതിനും പൊതു ഇടങ്ങൾ അടയ്ക്കുന്നതിനും ഇംഗ്ലണ്ടിലെ കൗൺസിലുകൾക്ക് അധികാരം നൽകി. ഇത് രോഗവ്യാപനത്തോട് വേഗത്തിൽ പ്രതികരിക്കാൻ കൗൺസിലുകളെ പ്രാപ്തമാക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ നടപടി കൗൺസിലുകളുടെ അധികാരത്തെ വർദ്ധിപ്പിക്കുമെന്ന് സർക്കാർ മാർഗ്ഗനിർദേശത്തിൽ പറയുന്നു. അതേസമയം കൊറോണയ്ക്ക് മുമ്പുള്ള ജീവിതത്തിലേക്കുള്ള ഒരു മടങ്ങിപ്പോക്ക് വിദൂരമാണെന്ന് സർക്കാർ ശാസ്ത്ര ഉപദേഷ്ടാവ് മുന്നറിയിപ്പ് നൽകി. പെട്ടെന്നുള്ള പ്രാദേശിക ലോക്ക്ഡൗണുകൾ സംബന്ധിച്ച് ഇനി കൗൺസിലുകൾക്ക് സ്വയം തീരുമാനം എടുക്കാൻ സാധിക്കും.
കൗൺസിലുകൾക്ക് നൽകിയ ഈ ഒരധികാരം കർശന നടപടികളുടെ ആവശ്യകത കുറയ്‌ക്കുമെന്ന് ഇംഗ്ലണ്ടിലെ കൗൺസിൽ നേതാക്കളെ പ്രതിനിധീകരിക്കുന്ന എൽജിഎ ചെയർമാൻ ജെയിംസ് ജാമിസൺ അറിയിച്ചു. “കൗൺസിലുകൾക്ക് അവരുടെ ജനങ്ങളെ അടുത്തറിയാം. കൂടാതെ ഓരോ പൊട്ടിത്തെറിയും എങ്ങനെ പരിഹരിക്കാമെന്ന് അവർക്ക് തീരുമാനിക്കാം.” അദ്ദേഹം കൂട്ടിച്ചേർത്തു. ഫുട്ബോൾ താരങ്ങൾ പോലുള്ളവർ മുഖേന ആളുകൾക്ക് സുരക്ഷാ സന്ദേശങ്ങൾ കൈമാറാമെന്നും അതിനാൽ തന്നെ ശരിയായ ആളുകൾക്ക് ശരിയായ സമയത്ത് ശരിയായ സന്ദേശം ലഭിക്കുമെന്ന് ഉറപ്പാക്കാൻ കഴിയുമെന്നും ലിവർപൂൾ സിറ്റി റീജിയൻ മേയർ സ്റ്റീവ് റോതെറാം പറഞ്ഞു. പ്രാദേശിക സ്ഥലങ്ങളിൽ സർക്കാർ ദിവസേന വിവരങ്ങൾ നൽകുമെന്ന് ഗതാഗത സെക്രട്ടറി ഗ്രാന്റ് ഷാപ്പ്സ് ബിബിസിയോട് പറഞ്ഞു. പൊതുഗതാഗതത്തിന്റെ ഉപയോഗം ഇപ്പോൾ വളരെ കുറവാണെന്നും അദ്ദേഹം അറിയിച്ചു.
ക്രിസ്തുമസ് കാലത്ത് ഇംഗ്ലണ്ടിന് സാധാരണ നിലയിലേക്ക് മടങ്ങാൻ കഴിയുമെങ്കിലും അത് ആളുകൾ എത്രമാത്രം ജാഗ്രത പുലർത്തുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നുവെന്ന് ഷാപ്പ്സ് അഭിപ്രായപ്പെട്ടു. വൈറസിൽ നിന്നും രക്ഷനേടുന്നതുവരെ പഴയ നിലയിലേക്ക് പോകാൻ കഴിയില്ല. അതിനർത്ഥം സുരക്ഷിതവും ഫലപ്രദവുമാണെന്ന് തെളിയിക്കപ്പെടുന്ന ഒരു വാക്സിൻ ലഭിക്കുന്നതുവരെ. ജനങ്ങൾ സാധാരണ നിലയിലേക്ക് മടങ്ങിപോയാൽ രോഗവ്യാപനം വർധിക്കുമെന്നും ഗതാഗത സെക്രട്ടറി മുന്നറിയിപ്പ് നൽകി.
Leave a Reply