ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ ഇന്ന് മുതൽ രണ്ടു വയസ്സുള്ള കുട്ടികൾക്ക് ആഴ്ചയിൽ 15 മണിക്കൂർ സൗജന്യ ശിശു സംരക്ഷണം നിലവിൽ വരും. ഭർത്താവും ഭാര്യയും ജോലിക്ക് പോകുന്ന ഒട്ടേറെ മലയാളികൾക്ക് അനുഗ്രഹപ്രദമായ പദ്ധതിയാണ് ഇത് . പദ്ധതി നടപ്പിൽ വരുന്നതോടെ കൂടുതൽ മാതാപിതാക്കളെ ജോലിയിൽ തിരികെയെത്തിക്കാൻ സഹായിക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.

സൗജന്യ ശിശു സംരക്ഷണത്തിനായി അപേക്ഷിക്കേണ്ട അവസാന തീയതി ഇന്നലെ മാർച്ച് 31 ആയിരുന്നു. ഇതിന് സാധിക്കാതിരുന്നവർക്ക് ഇനി സെപ്റ്റംബർ മാസം വരെ കാത്തിരിക്കേണ്ടതായി വരും. 2025 അവസാനം ആകുന്നതോടെ ഈ പദ്ധതി 5 വയസ്സിനു താഴെയുള്ള എല്ലാ കുട്ടികൾക്കും ലഭ്യമാക്കാൻ സർക്കാർ തീരുമാനം എടുത്തിട്ടുണ്ട്. എന്നാൽ പദ്ധതിയുമായി മുന്നോട്ടു പോകുമ്പോഴും ഇതിന് വേണ്ട രീതിയിലുള്ള മുന്നൊരുക്കങ്ങൾ സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നാണ് വിമർശകർ ചൂണ്ടി കാണിക്കുന്നത്.

2024 സെപ്റ്റംബർ മാസം മുതൽ 9 മാസം പ്രായമുള്ള കുട്ടികൾക്ക് 15 മണിക്കൂർ സൗജന്യ ശിശു സംരക്ഷണത്തിന് അർഹതയുണ്ടാവും. മൂന്ന് നാല് വയസ്സുള്ള കുട്ടികൾക്ക് 30 മണിക്കൂർ സൗജന്യ ശിശു സംരക്ഷണം ഇതിനകം ലഭ്യമാണ്. ഈ ആനുകൂല്യം ലഭിക്കുന്നതിന് രക്ഷിതാക്കൾ പ്രതിവർഷം 8670 പൗണ്ട് കൂടുതൽ ശമ്പളമുള്ളവരായിരിക്കണം. അതുപോലെ മാതാപിതാക്കളുടെ പ്രതിവർഷ ശമ്പളം ഒരു ലക്ഷം പൗണ്ടിൽ കുറവും ആയിരിക്കണം.