ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ആമസോണിന്റെ പേരിൽ ഫോൺ വിളികളിലൂടെ തട്ടിപ്പ് വ്യാപകമെന്ന് മുന്നറിയിപ്പ് നൽകി ലോയിഡ് ബാങ്ക്. തുടക്കത്തിൽ മുഖ്യ കമ്പനികളിലെ സ്റ്റാഫ് എന്ന രീതിയിൽ ആയിരിക്കും തട്ടിപ്പുകാർ ഉപഭോക്താക്കളെ ബന്ധപ്പെടുക. ഉപഭോക്താവിന് എന്തെങ്കിലും റീഫണ്ട് നൽകാനുണ്ടെന്നോ, അല്ലെങ്കിൽ എന്തെങ്കിലും കംപ്ലയിന്റ് ഉണ്ടെങ്കിൽ പരിഹാരം ചെയ്തു തരാമെന്ന വാഗ്ദാനം നൽകിയാണ് തട്ടിപ്പുകാർ വിശ്വാസം പിടിച്ചുപറ്റുന്നത്. എന്നാൽ ഇത്തരത്തിൽ സഹായങ്ങൾ ലഭിക്കുന്നതിനായി ഉപഭോക്താവിന്റെ ഡിവൈസിന്റെ മുഴുവൻ നിയന്ത്രണവും തങ്ങൾക്ക് വേണമെന്നാണ് അവർ പിന്നീട് ആവശ്യപ്പെടുക. ഇത്തരം തട്ടിപ്പുകൾ കഴിഞ്ഞവർഷം രണ്ടിരട്ടിയായി വർദ്ധിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. ഇതിനുവേണ്ടി സംഘടിതമായ.രീതിയിൽ പ്രവർത്തിച്ചുവരുന്ന തട്ടിപ്പ് സംഘങ്ങൾ ഉണ്ടെന്ന് ലോയ്ഡ് ബാങ്ക് ഫ്രോഡ് പ്രിവൻഷൻ ഡയറക്ടർ ഫിലിപ്പ് റോബിൻസൺ വ്യക്തമാക്കി. ഓരോ തവണയും പുതിയ മാർഗ്ഗങ്ങളുപയോഗിച്ചാണ് ഇത്തരം സംഘങ്ങൾ പ്രവർത്തിക്കുന്നത്.

ഉപഭോക്താവിന്റെ ഡിവൈസിൽ എന്തെങ്കിലും പുതിയ സോഫ്റ്റ്‌വെയർ അപ്‌ലോഡ് ചെയ്യണമെന്ന ആവശ്യവുമായി പ്രമുഖ കമ്പനികളിലെ സ്റ്റാഫ് എന്ന രീതിയിൽ ഫോൺകോളുകൾ ചെയ്യുന്ന തട്ടിപ്പുകാരുമുണ്ട്. ഉപഭോക്താവിന്റെ ഫോണിന്റെയോ, ടാബ്ലറ്റിന്റെയോ, കമ്പ്യൂട്ടറിന്റെയോ അക്സസ്സ് ഇത്തരം തട്ടിപ്പുകാർക്ക് ലഭിച്ചാൽ എല്ലാവിധ സ്വകാര്യ വിവരങ്ങളും ഇവർക്ക് ലഭിക്കും. ചിലപ്പോൾ ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങളും മറ്റും ഇവർക്ക് ഇത്തരത്തിൽ ലഭിക്കും. അതിനാൽ തന്നെ ഇമെയിലുകളിലൂടെയോ മെസ്സേജുകളിലൂടെയോ ലഭിക്കുന്ന ലിങ്കുകളിൽ എല്ലാം തന്നെ ക്ലിക്ക് ചെയ്യരുതെന്ന് ബാങ്ക് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.


ഇതോടൊപ്പംതന്നെ ലഭിക്കുന്ന ഫോൺകോളുകൾ കൃത്യമായിട്ടുള്ളവ ആണെന്ന് വിലയിരുത്തി മാത്രമേ സ്വകാര്യ വിവരങ്ങളും മറ്റും നൽകാവൂ എന്നും കർശനമായ നിർദ്ദേശമാണ് ബാങ്ക് അധികൃതർ നൽകുന്നത്. എന്തെങ്കിലും സംശയം തോന്നിയാൽ ഉടൻതന്നെ ബാങ്ക് അധികൃതരുമായി ബന്ധപ്പെടേണ്ടതാണ്. ആമസോണിന്റെ പേരിൽ നടന്ന തട്ടിപ്പിൽ, കസ്റ്റമർക്ക് റീഫണ്ട് ഉണ്ട് എന്ന രീതിയിലാണ് ഫോൺ കോൾ ലഭിച്ചത്. ഇത് ലഭിക്കുന്നതിനായി അവരുടെ അക്കൗണ്ട് വിവരങ്ങളും മറ്റും ആവശ്യമാണെന്ന് തട്ടിപ്പുകാർ ആവശ്യപ്പെട്ടു. ഇത്തരത്തിൽ നിരവധി തട്ടിപ്പുകളാണ് സമൂഹത്തിൽ നടന്നു വരുന്നതെന്ന് ലോയിഡ് ബാങ്ക് വ്യക്തമാക്കി. അതിനാൽ തന്നെ ജനങ്ങൾ എല്ലാവരും ജാഗ്രത പാലിക്കണമെന്ന കർശന നിർദേശമാണ് നൽകുന്നത്.