കൊച്ചി: ദിലീപുമായോ കാവ്യ മാധവനുമായോ തനിക്ക് സാമ്പത്തിക ഇടപാടുകള്‍ ഇല്ലെന്ന് ഗായിക റിമി ടോമി. ദിലീപിനൊപ്പം പങ്കെടുത്ത അമേരിക്കന്‍ ഷോയുടെ വിവരങ്ങള്‍ അറിയുന്നതിനാണ് പോലീസ് വിളിച്ചതെന്നും റിമി ടോമി പറഞ്ഞു. നടിയെ ആക്രമിച്ച കേസില്‍ പോലീസ് ചോദ്യം ചെയ്തു എന്ന വാര്‍ത്തയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു റിമി. രണ്ട് അമേരിക്കന്‍ പര്യടനങ്ങളില്‍ ദിലീപിനൊപ്പം പങ്കെടുത്തിരുന്നു. അല്ലാതെ ദിലീപുമായി സാമ്പത്തിക ഇടപാടുകള്‍ ഒന്നുമില്ലെന്ന് റിമി വിശദീകരിച്ചു.

2010ലും 2017ലും നടന്ന അമേരിക്കന്‍ പരിപാടികളെ കുറിച്ചായിരുന്നു പോലീസ് ചോദിച്ചത്. ഇതില്‍ ആക്രമണത്തിന് ഇരയായ നടി, ദിലീപ്, കാവ്യ തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു. ഷോയില്‍ പങ്കെടുത്തവരെ പറ്റിയും ചോദിച്ചു. തന്നെക്കുറിച്ച് എന്തെങ്കിലും സംശയം പോലീസ് പ്രകടിപ്പിച്ചില്ലെന്നും കേസില്‍ സോഷ്യല്‍ മീഡിയയില്‍ പറഞ്ഞുകേള്‍ക്കുന്ന മാഡമായി തന്നെ അവതരിപ്പിക്കാന്‍ ശ്രമം നടക്കുന്നതായി സംശയമുണ്ടെന്നും റിമി വ്യക്തമാക്കി.

നടി അക്രമിക്കപ്പെട്ട വിവരം അറിഞ്ഞപ്പോള്‍ സുഹൃത്തെന്ന നിലയിലാണ് ദിലീപുമായും കാവ്യയുമായും ഫോണില്‍ സംസാരിച്ചത്. അന്ന് മാത്രമേ ഇക്കാര്യം സംസാരിച്ചിട്ടുള്ളു. താനും നടിയും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന വാര്‍ത്തയക്ക് അടിസ്ഥാനമില്ല. അനാവശ്യമായ വിവാദങ്ങളിലേക്ക് പേര് വലിച്ചിഴക്കുന്നതില്‍ വിഷമമുണ്ട്. നികുതിയടക്കാന്‍ മറന്ന് പോയതിന്റെ പേരില്‍ പിഴ അടക്കേണ്ടി വന്നതല്ലാതെ ഒരു തെറ്റും ചെയ്തിട്ടില്ല. തന്നോട് ബന്ധമുള്ള ആര്‍ക്കെങ്കിലും എന്തെങ്കിലും അനധികൃത ഇടപാടുണ്ടെങ്കില്‍ കണ്ടുപിടിക്കാന്‍ വെല്ലുവിളിക്കുകയാണെന്നും റിമി പറഞ്ഞു.