ഓസ്ട്രേലിയക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ റെക്കോർഡുകൾ തിരുത്തി ടീം ഇന്ത്യ. ഇരട്ടസെഞ്ചുറിക്ക് ഏഴ് റൺസ് അകലെ പുറത്തായ ചേതേശ്വർ പൂജാര, ഏഴാം വിക്കറ്റിൽ ഇരട്ടസെഞ്ചുറി കൂട്ടുകെട്ടുയർത്തിയ പന്ത്–ജഡേജ സഖ്യം. പുതുറെക്കോർഡുകൾ സൃഷ്ടിച്ച് സിഡ്നിയിൽ ഇന്ത്യക്ക് കൂറ്റൻ സ്കോർ.
ദ്രാവിഡ് സ്വന്തം പേരിലെഴുതിയ റെക്കോർഡുകൾ തിരുത്തിയെഴുതിയാണ് പൂജാര താരമാകുന്നത്. വളരെ സമയമെടുത്ത് ക്ഷമാപൂർവ്വം മികച്ച ഷോട്ടിലൂടെ ഓസീസ് ബൗളർമാരെ സമമ്മർദ്ദത്തിലാക്കുന്ന തന്ത്രമാണ് പൂജാര സിഡ്നിയിൽ പുറത്തെടുത്തത്. പുറത്താകും മുൻപ് ഒമ്പത് മണിക്കൂറും എട്ട് മിനിറ്റും ക്രീസിൽ ചെലവഴിച്ചിരുന്നു പൂജാര. ഇരട്ട സെഞ്ചുറി എഴ് റൺസിനിരികെ വച്ച് നഥാൻ ലിയോണിന്റെ പന്തിനു മുന്നിൽ നഷ്ടപ്പെട്ടുമെങ്കിലും ഒരു പിടി റെക്കോർഡുമായാണ് പൂജാര ക്രീസ് വിട്ടത്.
സിഡ്നി ടെസ്റ്റിന്റെ ആദ്യ ഇന്നിങ്ങ്സിൽ 362 പന്തുകൾ നേരിട്ടതോടെ ഓസ്ട്രേലിയയിലെ ഒരു പരമ്പരയിൽ ഏറ്റവും കൂടുതൽ പന്തുകൾ നേരിടുന്ന ഇന്ത്യൻ താരമായി പൂജാര. 1257* പന്തുകൾ. രാഹുൽ ദ്രാവിഡിന്റെ (1203), വിജയ് ഹസാരെ(1192), വിരാട് കോഹ്‍ലി(1093), സുനിൽ ഗവാസ്കർ(1032) എന്നിവരെയാണ് പിന്നിലാക്കിയത്.
ഈ പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് സ്കോർ ചെയ്ത താരമാണ് മുപ്പതുകാരനായ പൂജാര. മൂന്ന് സെഞ്ചുറിയും ഒരു അർധ സെഞ്ചുറിയും അതിൽപ്പെടും. സിഡ്നിയിൽ 199 പന്തിൽ 13 ബൗണ്ടറി സഹിതമാണ് പൂജാര പരമ്പരയിലെ മൂന്നാമത്തെയും കരിയറിലെ 18–ാമത്തെയും സെഞ്ചുറി കണ്ടെത്തിയത്. ഇതിനു പുറമെ ഇന്ത്യൻ ഇന്നിങ്സിന്റെ നട്ടെല്ലായി മാറിയ മൂന്നു കൂട്ടുകെട്ടുകളിലും പൂജാര പങ്കാളിയായി.
രണ്ടാം വിക്കറ്റിൽ പൂജാര–അഗർവാൾ സഖ്യം കൂട്ടിച്ചേർത്ത സെഞ്ചുറി കൂട്ടുകെട്ടും (116), മൂന്നാം വിക്കറ്റിൽ പൂജാര–കോഹ്‍ലി സഖ്യവും (54), പിരിയാത്ത അഞ്ചാം വിക്കറ്റിൽ വിദേശ പിച്ചിൽ എറ്റവുമുയർന്ന സ്കോർ സ്വന്തമാക്കുന്ന താരവും പൂജാരയാണ്. ഓസീസിനെതിരെയുളള പരമ്പരയിൽ അഞ്ഞുറിലധികം റൺസ് സ്വന്തമാക്കുന്ന മൂന്നാമത്തെ താരമാണ് പൂജാര. ദ്രാവിഡും കോഹ്‌ലിയും മാത്രം മുന്നിൽ.
കരിയറിലെ ഉയർന്ന സ്കോർ സിഡ്നിയിലുയര്‍ത്തി ഋഷഭ് പന്ത് താരമായത്. 189 പന്തിൽ 15 ബൗണ്ടറിയും ഒരു സിക്സും സഹിതം നേടിയ 159 റൺസാണ് ഇന്ത്യൻ സ്കോർ 600 കടത്തിയത്. ടെസ്റ്റിൽ പന്തിന്റെ രണ്ടാമത്തെ മാത്രം സെഞ്ചുറിയാണിത്.
ഓസീസ് മണ്ണിൽ ഒരു ഇന്ത്യൻ വിക്കറ്റ് കീപ്പറുടെ ആദ്യ സെഞ്ചുറിയെന്ന റെക്കോർഡും പന്തിന്റെ പേരിലായി. ഏഷ്യക്ക് പുറത്ത് രണ്ട് ടെസ്റ്റ് സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പറും പന്ത് തന്നെ. ഓസീസ് മണ്ണിൽ ടെസ്റ്റ് സെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ ഇന്ത്യക്കാരനുമാണ് ഈ 21കാരൻ.
ഓസീസ് മണ്ണിൽ സന്ദർശക ടീമിന്റെ വിക്കറ്റ് കീപ്പർ നേടുന്ന ഉയർന്ന രണ്ടാമത്തെ സ്കോറും ഇനി പന്തിന്റെ പേരിലാണ്. 169 റൺസുമായി ദക്ഷിണാഫ്രിക്കൻ താരം എ.ബി. ഡിവില്ലിയേഴ്സാണ് ഇക്കാര്യത്തിൽ മുന്നിൽ.
204 റണ്‍സാണ് ഏഴാം വിക്കറ്റിൽ ഒന്നിച്ച ഋഷഭ് പന്തും രവീന്ദ്ര ജഡേജയും അടിച്ചുകൂട്ടിയത്. ഓസീസ് മണ്ണില്‍ ഏഴാം വിക്കറ്റിൽ ഏതൊരു ടീമിന്റെയും ഉയർന്ന സ്കോറാണിത്. ജഡേജ പുറത്തായതിന് പിന്നാലെ കോഹ്‍ലി ഇന്നിങ്സ് ഡിക്ലയർ ചെയ്തു. 622/7.
സിഡ്നിയിൽ കളിച്ച ആതിഥേയടീമുകളിൽ ഏറ്റവുമധികം തവണ 600 റൺസിന് മുകളിൽ അടിച്ചെടുത്ത റെക്കോർഡ് ടീം ഇന്ത്യ സ്വന്തമാക്കി. ഓസീസ് മണ്ണിലെ ഇന്ത്യയുടെ രണ്ടാമത്തെ ഉയർന്ന സ്കോർ കൂടിയാണിത്. 2004ലെ 705/7 ആണ് ഉയർന്ന സ്കോർ.
Leave a Reply