ഋഷഭ് പന്തിന്റെ സെഞ്ചുറിയുടേയും വാഷിംഗ്ടൺ സുന്ദറിന്റെ അർധസെഞ്ചുറിയുടേയും കരുത്തിൽ ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് മേൽക്കൈ. രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യ ഏഴിന് 294 എന്ന നിലയിലാണ്. സന്ദർശകരേക്കാൾ 89 റൺസ് മുന്നിൽ.
ഏകദിന ശൈലിയിൽ ബാറ്റ് വീശിയ പന്തും (101) വാലറ്റത്ത് പുറത്താകാതെ ഗംഭീര പ്രകടനം നടത്തിയ വാഷിംഗ്ടൺ സുന്ദറുമാണ് (60) ഇന്ത്യക്ക് മേൽക്കൈ നേടിക്കൊടുത്തത്. ഇവരെ കൂടാതെ ഓപ്പണർ രോഹിത് ശർമ (49) മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്.
പന്ത്- വാഷിംഗ്ടൺ സുന്ദർ കൂട്ടുകെട്ട് 113 റൺസ് കൂട്ടിച്ചേർത്തു. രണ്ടാം ദിവസം തകർച്ചയോടെയായിരുന്നു ഇന്ത്യയുടെ തുടക്കം. ചേതേശ്വർ പൂജാരയാണ് (17) ആദ്യം മടങ്ങിയത്. പിന്നാലെ എത്തിയ ക്യാപ്റ്റൻ കോഹ്ലി പൂജ്യത്തിനു പുറത്തായി. രഹാനയ്ക്കും (27) കാര്യമായൊന്നും ചെയ്യാനായില്ല.
പന്ത് വന്നതോടെയാണ് ഇന്ത്യ കളിയിലേക്ക് മടങ്ങിയെത്തിയത്. എന്നാൽ രോഹിത് ശർമയും അശ്വിനും (13) അടുത്തടുത്ത് പുറത്തായത് ഇന്ത്യക്ക് വീണ്ടും തിരിച്ചടിയായി. വാഷിംഗ്ടൺ സുന്ദർ പന്തിന് കൂട്ടായെത്തിയതോടെ ടീം ഇന്ത്യ വീണ്ടും ഉഷാറായി. ഏകദിനക്കണക്കിൽ റൺസ് ഒഴുകി. ഇരുവരും ചേർന്ന് ഇന്ത്യയെ തകർച്ചയിൽനിന്നും കരകയറ്റി. സെഞ്ചുറി പൂർത്തിയാക്കിയതിനു പിന്നാലെ പന്ത് മടങ്ങി. അപ്പോഴേക്കും ഇന്ത്യ ലീഡ് സ്വന്തമാക്കിയിരുന്നു.
രണ്ടാം ദിനം സ്റ്റന്പ് എടുക്കുന്പോൾ വാഷിംഗ്ടൺ സുന്ദറിനൊപ്പം അക്സർ പട്ടേലാണ് (11) ക്രീസിൽ. ഇംഗ്ലണ്ടിന് വേണ്ടി ആൻഡേഴ്സൺ മൂന്ന് വിക്കറ്റെടുത്തു. ബെൻ സ്റ്റോക്സും ലീച്ചും രണ്ട് വിക്കറ്റ് വീതം നേടി. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് 205 റണ്‍സില്‍ അവസാനിച്ചിരുന്നു.
Leave a Reply