ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം സാമ്പത്തിക പ്രതിസന്ധിയെ അതിജീവിക്കുവാൻ കൂട്ടായ പരിശ്രമത്തിന് അഭ്യർത്ഥനയുമായി ഋഷി സുനക്. എംപിമാരിൽ നിന്ന് മതിയായ പിന്തുണ നേടുന്നതിൽ എതിരാളിയായ പെന്നി മോർഡൗണ്ട് പരാജയപ്പെട്ടതിനെത്തുടർന്നാണ് മത്സരം ഇല്ലാതെ പ്രധാനമന്ത്രി പദത്തിലേക്ക് അദ്ദേഹം എത്തിയത്.
ആദ്യ പ്രസംഗത്തിൽ, പാർട്ടിയെയും യുകെയെയും ഒരുമിച്ച് കൊണ്ടുവരുന്നത് തന്റെ ഏറ്റവും മുൻഗണനയാണെന്നും സുനക് പറഞ്ഞു. യുകെ യുടെ ചരിത്രത്തിലെ ആദ്യത്തെ ഏഷ്യക്കാരനായ പ്രധാനമന്ത്രിയും 200 വർഷത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയുമാണ് ഋഷി സുനക്. രാജാവ് ഔദ്യോഗികമായി പ്രഖ്യാപിച്ച ശേഷം ഇന്ന് സുനക് അധികാരമേൽക്കും.
രാജ്യം കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടയിലാണ് കേവലം 44 ദിവസങ്ങൾ പൂർത്തിയാക്കി ലിസ് ട്രസ് രാജിവച്ചത്. അവസാന ക്യാബിനറ്റ് മീറ്റിംഗിൽ അദ്ധ്യക്ഷത വഹിച്ച ശേഷം, രാജാവുമായുള്ള അവസാന സദസ്സിനായി ബക്കിംഗ്ഹാം കൊട്ടാരത്തിലേക്ക് പോകുന്നതിന് മുമ്പ് സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രി നമ്പർ 10 ന് പുറത്ത് ഒരു പ്രസ്താവന നടത്തും. ഇതിനെത്തുടർന്ന്, രാജാവിനൊപ്പമുള്ള സുനക്കിന്റെ ആദ്യ സദസ്സ് ഇത് ആയിരിക്കും. ഈ സമയത്താണ് അദ്ദേഹത്തെ സർക്കാർ രൂപീകരിക്കാനായി ക്ഷണിക്കുന്നത്.
Leave a Reply