ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഗാസാ ഇസ്രായേൽ യുദ്ധത്തിന് പിന്നാലെ യുകെയിലെ ഭീകരാക്രമണ ഭീഷണി കുത്തനെ ഉയരുന്നതായി മുന്നറിയിപ്പ് നൽകി മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥർ. ആസൂത്രിതമായ തീവ്രവാദ പ്രവർത്തനത്തിൻ്റെ അപകടസാധ്യത ചൂണ്ടിക്കാട്ടിയ രഹസ്യാന്വേഷണ വിഭാഗം ഒറ്റപ്പെട്ട ആക്രമണം നടത്താൻ സാധ്യത ഉള്ള സ്ഥലങ്ങളുടെയും വ്യക്തികളുടെയും വിവരങ്ങൾ നൽകിയതായിട്ടാണ് റിപ്പോർട്ടുകൾ.


ഗാസാ ഇസ്രയേൽ യുദ്ധം ആഗോള ഭീകരവാദ സംഘടനകൾ തങ്ങളുടെ ആശയങ്ങൾ പ്രചരിപ്പിക്കാനും സംഘടനകളിലേയ്ക്ക് ആളുകളെ ആകർഷിക്കാനും ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. അടുത്ത ഞായറാഴ്ച ആരംഭിക്കുന്ന മുസ്ലീം പുണ്യമാസമായ റമദാനിൽ തീവ്രവാദ പ്രവർത്തനങ്ങൾ വർദ്ധിക്കാനുള്ള സാധ്യതകൾ ഉണ്ടെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പറയുന്നു. കഴിഞ്ഞയാഴ്ച റോച്ച്‌ഡെയ്‌ലിലെ ജോർജ്ജ് ഗാലോവേയുടെ ഉപതെരഞ്ഞെടുപ്പ് വിജയത്തെ തുടർന്ന് നടത്തിയ പ്രസംഗത്തിൽ പ്രധാനമന്ത്രി ഋഷി സുനക് ഉയർന്ന് വരുന്ന തീവ്രവാദ ഭീഷണികളെ കുറിച്ച് സംസാരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇൻ്റലിജൻസിൻെറ മുന്നറിയിപ്പ് പുറത്ത് വരുന്നത്.

ഒക്‌ടോബർ ഏഴിലെ ഹമാസ് ആക്രമണത്തിനും ഇസ്രയേലിൻ്റെ പ്രതികരണത്തിനും ശേഷം ബ്രിട്ടീഷ് മുസ്ലിം യുവാക്കൾ തീവ്രവാദത്തിലേയ്ക്ക് ആകർഷിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. ഗാസാ യുദ്ധം കാരണം തീവ്രവാദ ഗ്രൂപ്പുകൾക്ക് ഫണ്ട് ശേഖരിക്കാനും റിക്രൂട്ട് ചെയ്യാനും ഇനി എളുപ്പമായിരിക്കുമെന്ന് ഒരു മുതിർന്ന കൺസർവേറ്റീവ് അംഗം പറഞ്ഞു.