ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിെര രാജസ്ഥാന്‍ റോയല്‍സിന് മൂന്ന് വിക്കറ്റ് ജയം. 47 റണ്‍സെടുത്ത റിയാന്‍ പരാഗാണ് രാജസ്ഥാന്റെ വിജയശില്‍പി. ഈ ടൂർണമെന്റിലെ കൊല്‍ക്കത്തയുടെ തുടര്‍ച്ചയായ ആറാംതോല്‍വിയാണിത്. ഈഡന്‍ ഗാര്‍ഡന്‍സില്‍ രാജസ്ഥാന്റെ രണ്ടാം ജയവും.

ഇത് എന്തൊരു തിരിച്ചുവരവാണ് റോയല്‍സ്?.. ഈ ജയത്തിന് അവകാശി റിയാന്‍ പരാഗെന്ന കൗമാരക്കാരന്‍ മാത്രം. വെറും 31 പന്തില്‍ രണ്ടു സിക്‌സറുകളും അഞ്ചു ബൗണ്ടറിയുമായി പരാഗ് കളംനിറഞ്ഞപ്പോള്‍ കളി രാജസ്ഥാന്റെ കൈയിലേക്ക് തിരിച്ചെത്തി. അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടിയിരുന്നത് 9 റണ്‍സ്. എന്നാല്‍ പ്രസീത് കൃഷ്ണയെ തുടര്‍ച്ചയായ പന്തുകളില്‍ ഫോറും സിക്‌സറും പറത്തി ജോഫ്ര ആര്‍ച്ചര്‍ രാജസ്ഥാന് ജയം സമ്മാനിച്ചു.

സഞ്ജുവും രാഹാനെയും രാജസ്ഥാന് നല്‍കിയത് ഭേദപ്പെട്ട തുടക്കം. 53 റണ്‍സാണ് ഇരുവരും ചേര്‍ന്ന അടിച്ചെടുത്തത്. രഹാനെ 34 റണ്‍സും സഞ്ജു 22 റണ്‍സുമെടുത്തു. എന്നാല്‍ പിന്നീട് വന്നവരെല്ലാം തിരിച്ചുപോകാന്‍ തിരക്ക് കൂട്ടിയതോടെ 5 വിക്കറ്റ് നഷ്ടത്തില്‍ 98 റണ്‍സെന്ന നിലയില്‍ രാജസ്ഥാന്‍ തകര്‍ന്നു. എന്നാല്‍ പരാഗിന് മാത്രം തോല്‍ക്കാന്‍ മനസില്ലായിരുന്നു. 31 പന്തില്‍ 47 റണ്‍സെടുത്ത പരാഗ് റോയല്‍സിനെ വിജയതീരത്തെത്തിച്ചു.

നേരത്തെ പുറത്താകാതെ 50 പന്തിൽ നിന്നും 97 റണ്‍സ് നേടിയ ദിനേഷ് കാര്‍ത്തിക്കാണ് ഒറ്റയാള്‍ പോരാട്ടമാണ് കൊല്‍ക്കത്തയെ മികച്ച സ്‌കോറിലെത്തിച്ചത്. ഐപിഎല്ലില്‍ കാര്‍ത്തിക്കിന്റെ ഉയര്‍ന്ന സ്കോറാണ് ഇത്.

ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 6 വിക്കറ്റ് നഷ്ടത്തിൽ 176 റണ്‍സിന്റെ വിജയലക്ഷ്യമാണ് രാജസ്ഥാന്‍ റോയല്‍സിന് നൽകിയത്. 3 വിക്കറ്റ് വീഴ്ത്തിയ പീയുഷ് ചൗളയാണ് രാജസ്ഥാന്‍ നിരയില്‍ കൂടുതല്‍ നാശം വിതച്ചത്. ദിനേശ് കാര്‍ത്തിക് 50 പന്തില്‍ 97 റണ്‍സെടുത്ത് പുറത്താകാതെ നിന്നു