കോഴിക്കോട് വിവാഹ ചടങ്ങിൽ വൻ മോഷണം നടത്തിയ കള്ളൻ സെൽഫിയിൽ കുടുങ്ങി. കൊടുവള്ളി സ്വദേശി മക്സുസ് ഹനുക്കിനെ പന്നീയങ്കര പൊലീസാണ് അറസ്റ്റ് ചെയ്തത്. സെൽഫി സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചാണ് കള്ളനെ കുടുക്കിയത്.

ബുധനാഴ്ച രാത്രി കല്ലായിയിലെ സുമംഗലി കല്യാണ മണ്ഡപത്തിലാണ് അസാധാരണ രീതിയിൽ മോഷണം നടന്നത്. വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാനെത്തിയ വീട്ടമ്മയുടെ ബാഗ് പെട്ടെന്ന് അപ്രത്യക്ഷമാവുകയായിരുന്നു. കള്ളൻമാരെ ഭയന്ന് കൈയ്യിൽ കരുതിയ80 പവനും അമ്പതിനായിരം രൂപയും ബാഗിലുണ്ടായിരുന്നു.

പണവും സ്വർണവും അടങ്ങിയ ബാഗ് നഷ്ടപ്പെട്ടതറിഞ്ഞ ഉടൻ വീട്ടമ്മ പൊലീസിനെ വിവരമറിയിച്ചു.സ്ത്രീകൾക്കിടയിൽ അസ്വഭാവികമായി കറങ്ങിയ യുവാവ് സൽക്കാരനെത്തിയ പെൺകുട്ടികളുടെ സെൽഫിയിൽ കുടുങ്ങി. പ്രതി ബാഗുമായി കടന്നു കളയുന്നത് കണ്ടവരുണ്ട്. സെൽഫി സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചാണ് കള്ളനെ കുടുക്കിയത്. പന്നിയങ്കര എസ് ഐ ശംഭുനാഥ് എ എസ് ഐ ബാബുരാജ് സി പി ഒ മഹേഷ് എന്നിവർ കോയമ്പത്തൂരിൽ വെച്ച് തന്ത്രപരമായാണ് പ്രതിയെ കുടുക്കിയത്

 

ഈ ചിത്രം പ്രചരിച്ചതോടെയാണ് നിര്‍ണ്ണായക തെളിവ് ലഭിച്ചത്. ചിത്രം കണ്ട് ഗള്‍ഫില്‍ നിന്നാണ് പ്രതിയുടെ വിലാസം പോലീസിന് ലഭിച്ചത്. വീട്ടില്‍ ചെന്ന് ഫോണ്‍ നമ്പര്‍ വാങ്ങി. ഇതിലൂടെ ലൊക്കേഷന്‍ കണ്ടെത്തുകയായിരുന്നു.