ആലുവയില്‍ സമീപകാലത്തുണ്ടായ ദുരൂഹമരണങ്ങള്‍ ചേര്‍ത്തുവച്ച് പൊലീസ് അന്വേഷണം. കഴിഞ്ഞയാഴ്ച യുവതീയുവാക്കളെ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിന് ഫെബ്രുവരിയില്‍ യുവതിയുടെ മൃതദേഹം പെരിയാറില്‍ കണ്ടെത്തിയതുമായി ബന്ധമുണ്ടോ എന്നാണ് പരിശോധിക്കുന്നത്. രണ്ടിനുമിടയില്‍ പൊതുവായ ചില ഘടകങ്ങളുണ്ടെന്നാണ് നിഗമനം.
ആലുവ തോട്ടക്കാട്ടുകരയിലെ ഫ്ളാറ്റില്‍ കഴുത്തില്‍ കുരുക്കിട്ട് മരിച്ച നിലയില്‍ കണ്ടെത്തിയ രമേശ്, മോനിഷ എന്നിവര്‍ ഏതാണ്ട് ആറു മാസത്തിലേറെയായി ഒരുമിച്ചായിരുന്നു താമസം. ഇത് വ്യക്തമാക്കുംവിധം ഈ പരിസരങ്ങളില്‍ നിന്നുള്ള ഇത്തരം വീഡിയോകള്‍ അടക്കം തെളിവുകള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. അവിവാഹിതനായ രമേശിന്റെ സ്ഥലം വടക്കാഞ്ചേരിയാണ്, വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ മോനിഷയുടെ സ്വദേശം തൃശൂരും. ചില പരസ്യചിത്രങ്ങളുടെ നിര്‍മാണമാണ് എന്നാണ് ഫ്ളാറ്റ് വാടകക്ക് എടുക്കുമ്പോള്‍ പറഞ്ഞിരുന്നത്. എന്നാല്‍ ആത്മഹത്യക്കുള്ള കാരണം വ്യക്തമല്ല.
അതുകൊണ്ട് തന്നെ കൂടുതല്‍ അന്വേഷണത്തിലാണ് പൊലീസ്. മോനിഷയുടെ ഫോണില്‍ ബന്ധപ്പെട്ടിരുന്ന ഒട്ടേറെ പുരുഷ സുഹൃത്തുക്കളെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നുണ്ട്. ഇതിനൊപ്പമാണ് എട്ടുമാസം മുന്‍പ് പെരിയാറില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ കേസുമായി ബന്ധപ്പെടുത്തി അന്വേഷിക്കുന്നത്. ആളെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. എന്നാല്‍ ഏറെക്കുറെ സമാനമായ വിധത്തില്‍ പുറത്തറിയാത്ത വിധം ചില ഇടപാടുകളില്‍ ഏര്‍പ്പെട്ടിരുന്നതായാണ് സംശയം. കാണാതായി ഇത്ര നാളായിട്ടും അന്വേഷിച്ച് ആരും വരാത്തതും പരാതിയൊന്നും ഉണ്ടാകാത്തതും ഇതു കൊണ്ടൊക്കെയാണ് എന്നാണ് നിഗമനം. പെരിയാറിന്റെ തീരത്തെ വിന്‍സെന്‍ഷ്യന്‍ ആശ്രമത്തോട് ചേര്‍ന്ന കടവില്‍ നിന്ന് ഈ മൃതദേഹം കണ്ടെത്തുമ്പോള്‍ ഇപ്പോള്‍ മരിച്ച രമേശും മോനിഷയും ആലുവയില്‍ പെരിയാറിന്റെ തീരത്ത് ഒരു വീട്ടിലായിരുന്നു താമസം.
ഇതിന് തൊട്ടടുത്ത ദിവസങ്ങളില്‍ അവര്‍ താമസം മാറിയാണ് ഒടുവില്‍ താമസിച്ച ഫ്ളാറ്റില്‍ എത്തിയത്. വെള്ളത്തില്‍ പൊങ്ങുമ്പോള്‍ യുവതിയുടെ മൃതദേഹം പൊതിഞ്ഞിരുന്ന ബ്ലാങ്കറ്റ് കളമശേരിയിലെ കടയില്‍ നിന്ന് വാങ്ങിയത് ഒരു പുരുഷനും സ്ത്രീയും ചേര്‍ന്നാണെന്ന് കണ്ടെത്തിയിരുന്നു. ഇവരെ നേരത്തെ തിരിച്ചറിഞ്ഞതായി പൊലീസ് പറയുന്നുണ്ടെങ്കിലും പുതിയ സാഹചര്യത്തില്‍ ഇതടക്കം കാര്യങ്ങള്‍ പരിശോധിക്കുന്നതായാണ് സൂചന.
Leave a Reply