കൊച്ചി: പ്രമുഖ വ്യവസായി അറ്റ്‌ലസ് രാമചന്ദ്രന്റെ ജയില്‍ മോചനം ഉടനുണ്ടാകുമെന്ന് സൂചന. വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് നേരിട്ട് ഇടപെട്ടതോടെയാണ് യുഎഇയില്‍ തടവില്‍ കഴിയുന്ന അറ്റ്‌ലസ് രാമചന്ദ്രന്റെ മോചനം സാധ്യമാകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. യുഎഇയിലെ 22 ബാങ്കുകള്‍ രാമചന്ദ്രന് എതിരെ നല്‍കിയ കേസുകള്‍ പിന്‍വലിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഒരു കേസ് കൂടി ബാക്കിയുണ്ടെങ്കിലും അതും ഉടന്‍ പരിഹരിക്കുമെന്നാണ് വിവരം.

യുഎഇയില്‍ തന്നെ താമസിച്ചുകൊണ്ട് കടം വീട്ടാമെന്ന ഉറപ്പ് നല്‍കിയതിനാല്‍ രാജ്യം വിട്ടു പോകാന്‍ കഴിയില്ല. 3.4 കോടി ദിര്‍ഹത്തിന്റെ ചെക്കുകള്‍ മടങ്ങിയതിനെത്തുടര്‍ന്നാണ് ബാങ്കുകള്‍ രാമചന്ദ്രനെതിരെ കേസുകള്‍ ഫയല്‍ ചെയ്തത്. ആയിരം കോടി രൂപയുടെ വായ്പാ തിരിച്ചടവ് മുടങ്ങിയതിലും കേസുണ്ട്. ഇതേത്തുടര്‍ന്ന് ദുബായ് കോടതി മൂന്ന് വര്‍ഷത്തേക്ക് ശിക്ഷിച്ച രാമമചന്ദ്രന്‍ 2015 ഓഗസ്റ്റ് മുതല്‍ തടവിലാണ്.

പരാതി നല്‍കിയിരിക്കുന്ന ഒരു ബാങ്ക് കൂടി കേസ് പിന്‍വലിച്ചാല്‍ രണ്ടു ദിവസത്തിനകം അദ്ദേഹത്തിന് പുറത്തിറങ്ങാനാകും. മറ്റു കേസുകളില്‍ പ്രതിയാകാത്തതും പ്രായവും പരിഗണിച്ചാണ് ഇളവ് നല്‍കുന്നത്. ബാധ്യതകള്‍ തീര്‍ക്കാനുള്ള സ്വത്ത് രാമചന്ദ്രന് ഉണ്ടെന്ന് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.